കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 0-1നു എഫ്സി ഗോവയോട് തോൽവി വഴങ്ങി
Friday, November 29, 2024 1:51 AM IST
കൊച്ചി: ഇഞ്ചുറി ടൈമിൽ അവസാന മിനിറ്റുകളിലേക്ക്. ബോക്സിനുള്ളിൽവച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രതിരോധതാരം സന്ദീപ് സിംഗിനു പന്ത് ലഭിച്ചു.
അഡ്രിയാൻ ലൂണ വീണുകിടന്നു ഹെഡറിലൂടെ നൽകിയ പന്തുമായി മുന്നോട്ട് കയറിയ സന്ദീപിനു മുന്നിൽ എഫ്സി ഗോവൻ ഗോളി മാത്രം. ഇടതുവശത്തായി നോഹ് സദൗയി ഉണ്ടായിരുന്നെങ്കിലും ഷോട്ടെടുക്കാനായിരുന്നു സന്ദീപിനു തിടുക്കം.
സന്ദീപിന്റെ വലംകാൽ ഷോട്ട് അതിലും തിടുക്കത്തിൽ പോസ്റ്റിനു പുറത്തേക്കു പാഞ്ഞു... അങ്ങനെ അവസാന അവസരവും തുലച്ച് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസണിലെ അഞ്ചാം തോൽവി കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങി.
സ്വന്തം കാണികൾക്കു മുന്നിൽ എഫ്സി ഗോവയോട് 1-0നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. പത്ത് കളിയിൽ 11 പോയിന്റുമായി ഒന്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ബോറിസ് സിംഗായിരുന്നു (40’) ഗോവയെ തുടർച്ചയായ മൂന്നാം ജയത്തിലേക്കു നയിച്ച ഗോൾ സ്വന്തമാക്കിയത്.
ലക്ഷ്യമില്ലാത്ത ഷോട്ട്
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ബോക്സിൽവച്ചു ലഭിച്ച അവസരം മുതലാക്കാൻ നോഹ് സദൗയിക്കു സാധിച്ചില്ല. കെ.പി. രാഹുലിന്റെ പാസ് ക്രോസ് ബാറിന് മുകളിലൂടെയാണ് നോഹ് പറത്തിയത്. 11-ാം മിനിറ്റിൽ വിബിൻ ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ട് ഗോൾ കീപ്പറുടെ കൈയിൽ വിശ്രമിച്ചു.
പിന്നാലെ നോഹിന്റെ ഷോട്ടും പ്രതിരോധ ഭിത്തിയിൽ ഇടിച്ചുതെറിച്ചു. ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര ഗോവൻ ബോക്സിനുള്ളിൽ തന്പടിച്ചെങ്കിലും ഗോളിലേക്കുള്ള വഴി തുറക്കാൻ സാധിച്ചില്ല. 25-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഞെട്ടി. ഗുറോട്ക്സെനയുടെ ഫ്രീകിക്ക് പോസ്റ്റിലെ പ്രകന്പനം കൊള്ളിച്ചു മടങ്ങി. എന്നാൽ, 40-ാം മിനിറ്റിൽ ഗോവ വല ചലിപ്പിച്ചു. വലതു വിംഗിലൂടെ ബോറിസ് സിംഗ് നടത്തിയ മുന്നേറ്റം തടയാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനു സാധിച്ചില്ല. ബോറിസന്റെ ക്രോസ് തടയാൻ ഗോൾ കീപ്പർ സച്ചിൻ സുരേഷ് ചാടിയെങ്കിലും കൈയിൽ തട്ടി പന്ത് വലയിൽ.
ഗോൾ ലൈൻ സേവ്
ഗോവൻ ആക്രമണത്തോടെയാണ് രണ്ടാം പകുതി സജീവമായത്. 57-ാം മിനിറ്റിൽ കെ.പി. രാഹുലിനു പകരം ബ്ലാസ്റ്റേഴ്സ് പരിശീലകൻ കോറു സിംഗിനെ ഇറക്കി. ഹിമിനെസിനു പകരം ഖ്വാമെ പെപ്രയും പ്രീതം കോട്ടലിനു പകരം സന്ദീപ് സിംഗും കളത്തിലെത്തി. 60-ാം മിനിറ്റിൽ പെപ്രയുടെ ക്രോസിൽ നോഹിന്റെ ഷോട്ട്. എന്നാൽ, ഗോൾ ലൈൻ സേവിലൂടെ ഗോവ പിടിച്ചുനിന്നു.
ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ അഡ്രിയാൻ ലൂണയുടെ ഫ്രീകിക്ക് ഗോവൻ ഗോൾ കീപ്പർ തട്ടിയകറ്റി. അവസാന നിമിഷങ്ങളിൽ തുടരെ ആക്രമിച്ചെങ്കിലും സമനില നേടാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചില്ല. സന്ദീപിന്റെ ഉന്നം തെറ്റിയ ഷോട്ടുകൂടിയായതോടെ ബ്ലാസ്റ്റേഴ്സ് ആരാധകർ നിരാശയുടെ പടുകുഴിയിൽ...
ഛേത്രി ഫാക്റ്റ്സ്
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ റിക്കാർഡുകളുടെ തോഴനായി ഇതിഹാസ താരം സുനിൽ ഛേത്രി. ഐഎസ്എല്ലിൽ കളിച്ച 15 ടീമുകൾക്കുമെതിരേയും ഗോൾ നേടുന്ന ആദ്യ കളിക്കാരൻ എന്ന നേട്ടവും ഛേത്രി സ്വന്തമാക്കി. മുഹമ്മദൻ എസ്സിക്കെതിരായ പോരാട്ടത്തിൽ 82-ാം മിനിറ്റിൽ പെനാൽറ്റി ഗോൾ നേടിയാണ് ഛേത്രി ഈ നേട്ടത്തിലെത്തിയത്. മത്സരത്തിൽ 2-1നു ബംഗളൂരു ജയിച്ചിരുന്നു.
2024-25 ഐഎസ്എൽ സീസണിൽ സുനിൽ ഛേത്രിയുടെ നാലാം ഗോളാണ് മുഹമ്മദൻ എസ്സിക്കെതിരേ പിറന്നത്. ബംഗളൂരു എഫ്സി ജഴ്സിയിൽ 50-ാം ഗോളും. ഐഎസ്എല്ലിൽ എക്കാലത്തെയും ടോപ് സ്കോററും ഛേത്രിയാണ്. 164 മത്സരങ്ങളിൽനിന്ന് 65 ഗോൾ. നൈജീരിയൻ താരമായ ബർത്തലോമ്യു ഒഗ്ബെച്ചെയുടെ പേരിലുണ്ടായിരുന്ന 63 ഗോൾ എന്ന റിക്കാർഡ് ഈ സീസണിലാണ് ഛേത്രി തിരുത്തിയത്.
ഐഎസ്എല്ലിൽ നിലവിൽ കളിക്കുന്ന 12 ടീമുകൾക്കൊപ്പം ഡൽഹി ഡൈനാമോസ്, എടികെ, എഫ്സി പൂന സിറ്റി ക്ലബ്ബുകൾക്കെതിരേയും ഛേത്രി ഗോൾ സ്കോർ ചെയ്തു.
ഐഎസ്എൽ ടേബിൾ
ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
ബംഗളൂരു 9 6 2 1 20
ബഗാൻ 8 5 2 1 17
നോർത്ത് ഈസ്റ്റ് 9 4 3 2 15
പഞ്ചാബ് 8 5 0 3 15
ഗോവ 9 4 3 2 15
ഒഡീഷ 9 3 3 3 12
ചെന്നൈയിൻ 9 3 3 3 12
ജംഷഡ്പുർ 8 4 0 4 12
ബ്ലാസ്റ്റേഴ്സ് 10 3 2 5 11
മുംബൈ 8 2 4 2 10
ഹൈദരാബാദ് 8 2 1 5 7
മുഹമ്മദൻ 8 1 2 5 5
ഈസ്റ്റ് ബംഗാൾ 7 0 1 6 1