സ്കൂൾ കായികമേള: ആദ്യ ദിനം മൂന്ന് റിക്കാര്‍ഡ്
Friday, November 8, 2024 2:04 AM IST
തോമസ് വർഗീസ്
കൊച്ചി: കേരള സ്കൂൾ കായികമേളയുടെ ട്രാക്കും ഫീൽഡും ഉണര്‍ന്നപ്പോള്‍ പോരാട്ടം കടുക്കുമെന്ന സൂചനയുമായി മലപ്പുറവും പാലക്കാടും.
അത്ലറ്റിക്സിലെ ആദ്യദിന മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ മലപ്പുറം നാല് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 30 പോയിന്റോടെ ഒന്നാമതാണ്. നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് നാല് സ്വര്‍ണവും ഒരു വെള്ളിയും ആറ് വെങ്കലും ഉള്‍പ്പെടെ 29 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.
പുതുക്കിപ്പണിത മഹാരാജാസ് സിന്തറ്റിക് ട്രാക്കില്‍ ഇന്നലെ മൂന്നു മീറ്റ് റിക്കാര്‍ഡുകള്‍ പിറന്നു. മൂന്നും സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ. 400 മീറ്ററില്‍ തിരുവനന്തപുരം ജിവി രാജയിലെ മുഹമ്മദ് അഷ്ഫക്ക് (47.65) റിക്കാര്‍ഡുമായാണ് ഓടിക്കയറിയത്. പോള്‍വോള്‍ട്ടില്‍ കോതമംഗലം മാര്‍ ബേസിലിലെ ശിവദേവ് രാജീവ് 4.80 ഉയരം താണ്ടി റിക്കാര്‍ഡ് ബുക്കില്‍ പേര് ചേർത്തു.
3000 മീറ്ററില്‍ മലപ്പുറം ചീക്കോട് കെകെഎംഎച്ച്എസ്എസിലെ മുഹമ്മദ് അമീന് (8:37.69) റിക്കാര്‍ഡിന് ഉടമയായപ്പോള്‍ ഇതേയിനത്തില്‍ രണ്ടാമതെത്തിയ ചീക്കോട് സ്കൂളിലെ തന്നെ മുഹമ്മദ് അസീല്‍ (8: 38.41) നിലവിലുള്ള റിക്കാര്‍ഡ് മറികടക്കുന്ന പ്രകടനം നടത്തി.
മികച്ച സ്കൂളുകളുടെ പട്ടികയില്‍ കോതമംഗലം മാര്‍ ബേസിലാണു മുന്നിൽ. രണ്ടു സ്വര്‍ണവും മൂന്ന് വെള്ളിയും ഉള്‍പ്പെടെ 19 പോയിന്റ് മാര്‍ ബേസില്‍ അക്കൗണ്ടിലാക്കിയപ്പോൾ പാലക്കാട് മുണ്ടൂര്‍ എച്ച്എസ് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഉള്‍പ്പെടെ 13 പോയിന്റുമായി രണ്ടാമതുണ്ട്.
വേഗതാരം ഇന്ന്
കൊച്ചി: 2024 കേരള സ്കൂൾ ഗെയിംസിന്റെ വേഗതാരങ്ങളെ ഇന്നറിയാം. അത്ലറ്റിക്സില് രണ്ടാം ദിനമായ ഇന്ന് മീറ്റിലെ ഏറെ ശ്രദ്ധേയമായ മത്സരങ്ങളായ 100 മീറ്റർ പോരാട്ടങ്ങൾ ട്രാക്കിൽ തീ പടർത്തും. 800 മീറ്ററുകളുടേത് ഉള്‍പ്പെടെ 16 ഫൈനലുകള്‍ക്ക് മഹാരാജാസ് സ്റ്റേഡിയം വേദിയാകും.