ട്രാക്കിലെ അകക്കണ്ണ്
Wednesday, November 6, 2024 1:22 AM IST
കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയിൽ സവിശേഷ പരിഗണന അർഹിക്കുന്നവരുടെ വിഭാഗത്തിൽ 14 വയസിൽ താഴെയുള്ളവരുടെ 100 മീറ്ററിൽ അഖിൽരാജും ഗ്രീറ്റിയ ബിജുവും ജേതാക്കൾ.
വയനാട് കാക്കവയൽ ജിഎച്ച്എസ് എസിലെ വിദ്യാർഥിയായ അഖിൽരാജിന് 40 ശതമാനം മാത്രമാണ് കാഴ്ചശക്തിയുള്ളത്. ഗൈഡ് റണ്ണർ എം.ജി. അപ്പുവിന്റെ കൈപിടിച്ച് 15.53 സെക്കൻഡിൽ ഫിനിഷ് ചെയ്ത് അഖിൽരാജ് സുവർണ നേട്ടത്തിന് അർഹനായി.
അപ്പു മാനന്തവാടി ജിവിഎച്ച്എസ്എസിലെ വിദ്യാർഥിയാണ്. അപ്പുവിന്റെ സ്കൂളിൽ അഖിൽ പരിശീലനത്തിയതിനെ തുടർന്നാണ് ഇരുവരും ഒരുമിച്ച് ഓടാൻ തുടങ്ങിയത്. ആദിവാസി ഗോത്രവിഭാഗത്തിലെ കാട്ടുനായ്ക്കരാണ് അഖിൽ. അപ്പു പണിയ വിഭാഗവുമാണ്.
വാര്യാട് കുന്ന് സ്വദേശികളായ രാജുവിന്റെയും സുജയുടെയും മകനാണ് അഖിൽ. ഈ ഇനത്തിൽ കോട്ടയത്തിന്റെ കെ.ജെ. ജസ്റ്റിൻ വെള്ളിയും ആലപ്പുഴയുടെ സഞ്ജയ് സുരേഷ് വെങ്കലവും നേടി.
പെണ്കുട്ടികളുടെ അണ്ടർ 14 വിഭാഗം 100 മീറ്ററിൽ എറണാകുളത്തിന്റെ ഗ്രീറ്റിയ ബിജു സ്വർണത്തിലേക്ക് ഓടിയെത്തിയത് ഗൈഡ് റണ്ണറും നാട്ടുകാരിയുമായ അഞ്ജലി ഷിബുവിന്റെ കരംപിടിച്ച്. ഇരുവരും അയിരൂർ സെന്റ് തോമസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളാണ്. 17.09 സെക്കൻഡിലാണ് ഗ്രീറ്റിയ ഒന്നാമതായി ഫിനിഷ് ചെയ്തത്.
പെയിന്റിംഗ് തൊഴിലാളിയായ ബിജുവിന്റെയും മിനറൽ വാട്ടർ കന്പനിയിലെ ജീവനക്കാരിയായ റസീനയുടെയും മകളാണ് ഗ്രീറ്റിയ. വയനാട്ടിൽ നിന്നുള്ള നൂറ ഫാത്തിമ (19.76 സെക്കൻഡ്) വെള്ളിയും മലപ്പുറത്തിന്റെ എം.ബി. അയിഷ നഭാന (20.12 സെക്കൻഡ്) വെങ്കലവും നേടി.
14 വയസിനു മുകളിലുള്ളവരുടെ വിഭാഗം ആൺകുട്ടികളിൽ പാലക്കാട് പട്ടാമ്പി ജിഎച്ച്എസ്എസിലെ മുഹമ്മദ് ഉനൈസിനാണ് സ്വർണം. കുഴൽമന്ദം സിഎഎച്ച്എസ്എസിലെ മിഫ്റാഹ് ആയിരുന്നു ഗൈഡ് റണ്ണർ. പെൺകുട്ടികളിൽ തിരുവാലത്തൂർ ജിഎച്ച്എസ്എസിലെ കെ. അനീഷ സ്വർണം സ്വന്തമാക്കി.
കോട്ടായി ജിഎച്ച്എസ്എസിലെ അഭിനയയായിരുന്നു ഗൈഡ് റണ്ണർ.
ആദ്യ സ്വർണം തിരുവനന്തപുരത്തിന്
സവിശേഷ പരിഗണന അർഹിക്കുന്നവരുടെ വിഭാഗത്തിലെ ആദ്യ സ്വർണം തിരുവനന്തപുരത്തിന്. 14 വയസിന് മുകളിലുള്ളവരുടെ മിക്സഡ് സ്റ്റാൻഡിംഗ് ജംപിലാണ് തിരുവനന്തപുരം സ്വർണം നേടിയത്. ആറുപേരടങ്ങുന്ന ടീമായായിരുന്നു മത്സരം.
പാലക്കാട് ചാമ്പ്യൻ
സവിശേഷ പരിഗണന അർഹിക്കുന്നവരുടെ അത്ലറ്റിക്സിൽ പാലക്കാട് ഓവറോൾ ചാമ്പ്യന്മാരായി. നാലു സ്വർണവും മൂന്നു വെള്ളിയും ഉൾപ്പെടെ 38 പോയിന്റ് സ്വന്തമാക്കിയാണ് പാലക്കാട് ജേതാക്കളായത്.
36 പോയിന്റ് സ്വന്തമാക്കി തിരുവനന്തപുരം രണ്ടാമത് ഫിനിഷ് ചെയ്തു. രണ്ടു സ്വർണം, മൂന്നു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ മെഡൽ നേട്ടം തിരുവനന്തപുരം സ്വന്തമാക്കി. മൂന്ന് സ്വർണവും രണ്ട് വെള്ളിയും സ്വന്തമാക്കി 26 പോയിന്റുമായി വയനാട് മൂന്നാം സ്ഥാനത്തെത്തി.