ന്യൂസിലൻഡ് 235നു പുറത്ത്, ഇന്ത്യ നാലു വിക്കറ്റിനു 86
Friday, November 1, 2024 11:47 PM IST
മുംബൈ: റാങ്ക് ടേണർ പിച്ചായിരിക്കും മുംബൈ വാങ്കഡെയിലേതെന്ന കണക്കുകൂട്ടൽ തെറ്റിയില്ല. മത്സരത്തിന്റെ ആദ്യദിനം മുതൽ വാങ്കഡെയിൽ പന്ത് കുത്തിത്തിരിഞ്ഞു. ഇന്ത്യൻ നെഞ്ചിലേക്കും ആ കുത്തിത്തിരിയൽ നീണ്ടെന്നതും ശ്രദ്ധേയം.
രവീന്ദ്ര ജഡേജയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്പിൻ ആക്രമണം നടന്നപ്പോൾ അജാസ് പട്ടേലിലൂടെ ന്യൂസിലൻഡും മറുപടി നൽകി. അതോടെ ഇന്ത്യ x ന്യൂസിലൻഡ് മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ദിനം 14 വിക്കറ്റുകൾ നിലംപൊത്തി. അതിൽ 11ഉം സ്പിന്നർമാർ പങ്കിട്ടു.
റാങ്ക് ടേണർ പിച്ചിൽ പന്ത് കുത്തിത്തിരിഞ്ഞ് ഇന്ത്യൻ ക്യാന്പിലും നാശംവിതയ്ക്കുന്നതുകണ്ടാണ് വാങ്കഡെയിലെ ഒന്നാം ദിനം അവസാനിച്ചത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 78 റണ്‍സ് എന്ന നിലയിൽനിന്നു നാലു വിക്കറ്റ് നഷ്ടത്തിൽ 84ലേക്ക് ഇന്ത്യ കൂപ്പുകുത്തി.
നൈറ്റ് വാച്ചറായി എത്തിയ മുഹമ്മദ് സിറാജിന് (0) നേരിട്ട ആദ്യ പന്തിൽത്തന്നെ മടങ്ങാനായിരുന്നു വിധി. അനാവശ്യമായി റണ്ണിനുശ്രമിച്ച് വിരാട് കോഹ്ലി (4) റണ്ണൗട്ടായതോടെ അതുവരെയുണ്ടായിരുന്ന മേൽക്കോയ്മ ഇന്ത്യക്കു കൈമോശംവന്നു. 31 റണ്‍സുമായി ശുഭ്മാൻ ഗില്ലും ഒരു റണ്ണുമായി ഋഷഭ് പന്തുമാണ് ക്രീസിൽ.
ജയ്സ്വാളിന്റെ റിവേഴ്സ് സ്വീപ്പ്
ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് 235ൽ അവസാനിപ്പിച്ചശേഷം ക്രീസിലെത്തിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. അഞ്ചാം ഓവറിൽ മാറ്റ് ഹെൻറിയുടെ പന്തിൽ രോഹിത് ശർമയെ ഫൈൻ ലെഗിൽവച്ച് വില്യം ഒറോക്ക് കൈവിട്ടു. അപകടം മണത്ത ആദ്യ നിമിഷം. 6.4 ഓവറിൽ രോഹിത് ശർമയും യശസ്വി ജയ്സ്വാളും ചേർന്ന് സ്കോർ 25ൽ എത്തിച്ചു. എന്നാൽ, ഹെൻറിയുടെ അടുത്ത ഓവറിലെ അഞ്ചാം പന്തിൽ ലീഡിംഗ് എഡ്ജായി രോഹിത് (18) പുറത്ത്.
ശുഭ്മാൻ ഗിൽ-ജയ്സ്വാൾ കൂട്ടുകെട്ട് സ്കോർ 78ൽ എത്തിച്ചു. അജാസ് പട്ടേലിന്റെ പന്തിൽ റിവേഴ്സ് സ്വീപ്പിനുശ്രമിച്ച ജയ്സ്വാളിനു പിഴച്ചു. ഫ്ളാറ്റ് പന്ത് ജയ്സ്വാളിന്റെ വിക്കറ്റ് ഇളക്കി. 53 റണ്‍സ് നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന് അതോടെ അവസാനം. തൊട്ടടുത്ത പന്തിൽ മുഹമ്മദ് സിറാജ് വിക്കറ്റിനു മുന്നിൽ കുടുങ്ങി. നൈറ്റ് വാച്ചറായെത്തിയ സിറാജ് ഗോൾഡൻ ഡക്ക്.
ആദ്യ ദിനത്തിലെ മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കേ അനാവശ്യ റണ്ണിനുശ്രമിച്ച വിരാട് കോഹ്ലിയെ (4) മാറ്റ് ഹെൻറി നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാക്കി. ആറു വിക്കറ്റ് കൈയിലിരിക്കേ 149 റണ്‍സ് പിന്നിലാണ് ഇന്ത്യ.
ജഡേജ + വാഷിംഗ്ടണ്‍
വാങ്കഡെയിൽ ഏറ്റവും കൂടുതൽ വിക്കറ്റുള്ളത് ആർ. അശ്വിനായിരുന്നെങ്കിലും ഇന്നലെ ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സിൽ ഏറ്റവും അപകടം വിതച്ചത് രവീന്ദ്ര ജഡേജയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിന്റെ ആദ്യ വിക്കറ്റ് ആകാശ് ദീപ് സ്വന്തമാക്കി.
ഡെവോണ്‍ കോണ്‍വെയെ (4) ആകാശ് ദീപ് വിക്കറ്റിനു മുന്നിൽ കുടുക്കി. വൈറൽ പ്രശ്നങ്ങളെത്തുടർന്ന് പേസർ ജസ്പ്രീത് ബുംറ ഇന്ത്യൻ ടീമിൽ ഇറങ്ങിയില്ല.
വിൽ യംഗും (138 പന്തിൽ 71) ക്യാപ്റ്റൻ ടോം ലാഥവും (28) ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പതുക്കെ മുന്നേറുന്പോൾ വാഷിംഗ്ടണ്‍ സുന്ദർ ബ്രേക്ക് ത്രൂ നൽകി. ലാഥത്തിന്റെ വിക്കറ്റ് സുന്ദർ സുന്ദരമായി പിഴുതു. തൊട്ടുപിന്നാലെ രചിൻ രവീന്ദ്രയെയും (5) വാഷിംഗ്ടണ്‍ സുന്ദർ ബൗൾഡാക്കി.
അർധസെഞ്ചുറിയുമായി മുന്നേറിയ വിൽ യംഗിനെ രവീന്ദ്ര ജഡേജ ഫസ്റ്റ് സ്ലിപ്പിൽ രോഹിത് ശർമയുടെ കൈകളിലെത്തിച്ചു. തുടർന്ന് ടോം ബ്ലണ്ടെൽ (0), ഗ്ലെൻ ഫിലിപ്സ് (17), ഇഷ് സോധി (7), മാറ്റ് ഹെൻറി (0) എന്നിവരെയും മടക്കി ജഡേജ അഞ്ചു വിക്കറ്റ് നേട്ടത്തിൽ.
129 പന്തിൽ 82 റണ്‍സുമായി ഒരറ്റത്തു പോരാടിയ ഡാരെൽ മിച്ചലിനെയും 10-ാം നന്പറായി ക്രീസിലെത്തിയ അജാസ് പട്ടേലിനെയും (7) വാഷിംഗ്ടണ്‍ സുന്ദർ പുറത്താക്കി.
സ്കോർ ബോർഡ്
ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്: ലാഥം ബി വാഷിംഗ്ടണ്‍ 28, കോണ്‍വെ എൽബിഡബ്ല്യു ബി ആകാശ് 4, യംഗ് സി രോഹിത് ബി ജഡേജ 71, രചിൻ ബി വാഷിംഗ്ടണ്‍ 5, മിച്ചൽ സി രോഹിത് ബി വാഷിംഗ്ടണ്‍ 82, ബ്ലണ്ടെൽ ബി ജഡേജ 0, ഫിലിപ്സ് ബി ജഡേജ 17, സോധി എൽബിഡബ്ല്യു ബി ജഡേജ 7, ഹെൻറി ബി ജഡേജ 0, അജാസ് എൽബിഡബ്ല്യു ബി വാഷിംഗ്ടണ്‍ 7, ഒറോക്ക് നോട്ടൗട്ട് 1, എക്സ്ട്രാസ് 13, ആകെ 65.4 ഓവറിൽ 235.
വിക്കറ്റ് വീഴ്ച: 1-15, 2-59, 3-72, 4-159, 5-159, 6-187, 7-210, 8-210, 9-228, 10-235.
ബൗളിംഗ്: സിറാജ് 6-0-16-0, ആകാശ് 5-0-22-1, അശ്വിൻ 14-0-47-0, വാഷിംഗ്ടണ്‍ 18.4-2-81-4, ജഡേജ 22-1-65-5.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ജയ്സ്വാൾ ബി അജാസ് 30, രോഹിത് സി ലാഥം ബി ഹെൻറി 18, ഗിൽ നോട്ടൗട്ട് 31, സിറാജ് എൽബിഡബ്ല്യു ബി അജാസ് 0, കോഹ്ലി റണ്ണൗട്ട് 4, പന്ത് നോട്ടൗട്ട് 1, എക്സ്ട്രാസ് 2, ആകെ 19 ഓവറിൽ 86/4.
വിക്കറ്റ് വീഴ്ച: 1-25, 2-78, 3-78, 4-84.
ബൗളിംഗ്: ഹെൻറി 5-1-15-1, ഒറോക്ക് 2-1-5-0, അജാസ് 7-1-33-2, ഫിലിപ്സ് 4-0-25-0, രചിൻ 1-0-8-0.