ഗ്രാൻഡ് ഫിനാലെ
Saturday, June 29, 2024 1:34 AM IST
ബാർബഡോസ്: കുട്ടിക്രിക്കറ്റിന്റെ ലോകകപ്പ് കലാശക്കൊട്ട് വേദിയിൽ രോഹിത് ശർമയുടെ ഇന്ത്യയും എയ്ഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കയും ഇന്ന് നേർക്കുനേർ.
ഇന്ത്യൻ സമയം രാത്രി എട്ടിന് ബാർബഡോസിലെ കെൻസിംഗ്ടണ്‍ ഓവലിലാണ് ഐസിസി 2024 ട്വന്റി-20 ടൂർണമെന്റിന്റെ ഗ്രാൻഡ് ഫിനാലെ.
ട്വന്റി-20 ലോകകപ്പിൽ ഇന്ത്യക്കിത് രണ്ടാം ഫൈനലാണ്. 2007 പ്രഥമ ലോകകപ്പ് ജേതാക്കളായതിനുശേഷം ഇന്ത്യ ഫൈനലിൽ പ്രവേശിക്കുന്നത് ഇതാദ്യം. മറുവശത്ത് ട്വന്റി-20, ഏകദിന ലോകകപ്പുകളിലായി ദക്ഷിണാഫ്രിക്കയുടെ കന്നി ഫൈനലാണ്.
സെമിയിൽ പരാജയപ്പെടുന്ന ടീം എന്ന പേരുദോഷം കഴുകിക്കളഞ്ഞാണ് പ്രോട്ടീസിന്റെ വരവ്. ഏകദിന, ട്വന്റി-20 ലോകകപ്പുകളിലായി ഏഴു സെമി തോൽവിക്കുശേഷമാണ് അവസാന നാല് എന്ന കടന്പ ദക്ഷിണാഫ്രിക്ക കടന്നതെന്നതാണ് ശ്രദ്ധേയം.
രോഹിത് ശർമ നയിക്കുന്ന ഇന്ത്യക്ക് ഏഴു മാസത്തിനിടെ രണ്ടാം ലോകകപ്പ് ഫൈനലാണ്. കഴിഞ്ഞ വർഷം നവംബർ 19ന് അഹമ്മദാബാദിൽ നടന്ന ഐസിസി ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കു കാലിടറിയിരുന്നു.
ഈ ട്വന്റി-20 ലോകകപ്പിൽ ഇതുവരെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും പരാജയമറിഞ്ഞിട്ടില്ല. ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായി ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ കടന്നു. സൂപ്പർ എട്ട് ഗ്രൂപ്പ് രണ്ടിലും ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. സെമിയിൽ അഫ്ഗാനിസ്ഥാനെ ഒന്‍പതു വിക്കറ്റിനു കീഴടക്കി ഫൈനലിൽ.
ഇന്ത്യ ഗ്രൂപ്പ് എ ചാന്പ്യന്മാരായി സൂപ്പർ എട്ടിൽ പ്രവേശിച്ചു. സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലും ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. സെമിയിൽ നിലവിലെ ചാന്പ്യന്മാരായ ഇംഗ്ലണ്ടിനെ 68 റണ്‍സിനു കീഴടക്കിയാണ് ഇന്ത്യ കലാശക്കൊട്ടിനു ടിക്കറ്റെടുത്തത്. 2013 ചാന്പ്യൻസ് ട്രോഫിക്കുശേഷം ഒരു ഐസിസി ട്രോഫി എന്ന ഇന്ത്യൻ സ്വപ്നം പൂവണിയുമോ എന്നതിനാണ് ആരാധകർ കാത്തിരിക്കുന്നത്.