സാമൂഹ്യവിരുദ്ധർ 2500 കവുങ്ങുകൾ വെട്ടിനശിപ്പിച്ചു
1478867
Thursday, November 14, 2024 3:53 AM IST
മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ കോര്യനാട് ഭാഗത്തെ ഏഴേക്കർ ഭൂമിയിൽ കൃഷി ചെയ്തിരുന്ന 2,500ലധികം കവുങ്ങുകൾ ഒറ്റരാത്രിയിൽ സാമൂഹ്യവിരുദ്ധർ വെട്ടിനശിപ്പിച്ചു.
മൈക്കിൽഗിരി കൊല്ലംപാറയിൽ വടക്കുംപറമ്പിൽ സൈമൺ, ഡേവിസ് സഹോദരങ്ങളുടെ അഞ്ച് ഏക്കറിൽ കൃഷി ചെയ്തിരുന്ന രണ്ടു മുതൽ അഞ്ച് വർഷം വരെ പ്രായമായ രണ്ടായിരത്തോളം കവുങ്ങുകളും ഇതിനു സമീപത്ത് രാജു രാജാമണിയുടെ രണ്ടേക്കർ കൃഷിഭൂമിയിലെ അഞ്ഞൂറോളം കവുങ്ങുകളുമാണ് സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ചത്.
പഞ്ചായത്തിൽ കൂടുതൽ കവുങ്ങ് കൃഷി ചെയ്യുന്ന പ്രദേശമാണിത്. കൃഷി സ്ഥലത്തിന് സമീപത്ത് ആൾത്താമസമില്ലാത്തതിനാൽ രാവിലെ നടക്കാനിറങ്ങിയ സിപിഎം മറയൂർ സൗത്ത് ലോക്കൽ സെക്രട്ടറി ചന്ദ്രൻ രാജയാണ് ഇതു കണ്ടത്.
ഉടൻ സ്ഥലം ഉടമ സൈമണെ വിവരം അറിയിച്ചു. തുടർന്ന് മറയൂർ പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. മറയൂർ പോലീസ് ഇൻസ്പെക്ടർ ടി.ആർ. ജിജു, എസ് ഐ റഫീക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് സമീപത്തെ രാജുവിന്റെ കവുങ്ങുകളും വെട്ടിയിട്ടിരിക്കുന്നതായി കാണുന്നത്.
പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ സീസണിൽ ഇവിടെനിന്ന് അടക്ക മോഷ്ടിച്ചവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാകാം അക്രമത്തിനു കാരണമെന്നാണ് സംശയിക്കുന്നത്.
കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. തങ്കച്ചൻ, കൃഷി ഓഫീസർ ഹുബൈബ് ഹസൻ, പഞ്ചായത്തംഗം എസ്തർ, മറയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ജോമോൻ തോമസ്, സിപിഎം മറയൂർ ഏരിയാ സെക്രട്ടറി വി. സിജിമോൻ എന്നിവരും സ്ഥലത്തെത്തി.