വേളൂർ ജനവാസമേഖലയിൽ കാട്ടാനശല്യം രൂക്ഷം
1478865
Thursday, November 14, 2024 3:53 AM IST
ഉടുന്പന്നൂർ: വേളൂർ തേക്ക് പ്ലാന്റേഷനിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ശല്യം. ചൊവ്വാഴ്ച രാത്രിയിൽ ഓലിപ്പാറയിലെ ജനവാസമേഖലയിലാണ് കാട്ടാനകൾ കൂട്ടത്തോടെ എത്തിയത്. പ്ലാന്റേഷൻ അതിർത്തിയിൽ നിലയുറപ്പിച്ച ആനക്കൂട്ടം നാട്ടുകാർ പടക്കം പൊട്ടിച്ചതിനെത്തുടർന്ന് പിന്മാറി. ഇതിനു സമീപം വരിക്കമറ്റം, പൊങ്ങൻതോട്, വേളൂർ തുടങ്ങിയ ജനവാസമേഖലകളിലും കഴിഞ്ഞ ദിവസം ആനകൾ എത്തിയിരുന്നു.
ഇടയ്ക്കിടെ ആനകൾ കൂട്ടത്തോടെ എത്തുന്നതിനാൽ ഇവിടെ സ്ഥിരതാമസക്കാ രിൽ പലരും വീട് വാടകയ്ക്കെടുത്ത് താമസം മാറിയിരിക്കുകയാണ്. പല പ്രദേശങ്ങളിലും കാട്ടാനകൾ കൃഷി നാശം വരുത്തുന്നതും കാർഷിക മേഖലയായ ഈ പ്രദേശത്തുള്ളവർക്ക് വലിയ തിരിച്ചടിയാണ്.
വന്യമൃഗശല്യത്തിന് പുറമേ വനത്തിലൂടെയുള്ള യാത്രാ ദുരിതവും കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളും കണക്കിലെടുത്ത് വനംവകുപ്പിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിലേക്ക് പല കുടുംബങ്ങളും അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇതിന്റെ നടപടിക്രമങ്ങൾ ഇനിയും പൂർത്തീകരിച്ചിട്ടില്ല.