മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കുന്ന നയമായിരിക്കും സ്വീകരിക്കുകയെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകി അധികാരത്തിലേറിയ ഇടതുസർക്കാർ, ആദ്യം ഉമ്മൻചാണ്ടി സർക്കാർ പൂട്ടിയ ബാറുകളും ബിവറേജ് ഔട്ട്ലറ്റുകളും തുറന്ന് കേരളത്തിൽ മദ്യമൊഴുക്കി. അതിനു പുറമേ ഇപ്പോഴിതാ മദ്യം ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന ഒയാസിസ് എന്ന സ്വകാര്യ കമ്പനിക്കുവേണ്ടി നിലവിലുള്ള മദ്യനയം തിരുത്തി അവർക്ക് അതിനുള്ള അനുമതിയും പാലക്കാട് എലപ്പുള്ളിയിൽ നൽകി.
അതും ഇന്ത്യയിൽ ഏറ്റവും പ്രമാദമായ അഴിമതിയിൽ ഭാഗഭാക്കായ ഒരു കമ്പനിക്ക്. എന്തിനുവേണ്ടിയാണിത്? സർക്കാരിനു വരുമാനമുണ്ടാക്കാനാണെന്നാണു പറയുന്നത്. മദ്യം ഉത്പാദിപ്പിച്ച് അത് ലഭ്യമാക്കുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് എന്തേ സർക്കാർ ചിന്തിക്കാത്തത്?
ഇവിടെയുണ്ടാകുന്ന റോഡപകടങ്ങളുടെ കണക്കെടുത്താൽ അതിൽ ഭൂരിഭാഗവും മദ്യപാനം മൂലമാണുണ്ടാകുന്നത്. വിവാഹജീവിതം താറുമാറാകൽ, കൊലപാതകം, ആത്മഹത്യ, കനത്ത സാമ്പത്തിക ബാധ്യത, കുടുംബകലഹം എന്നിവയ്ക്കൊക്കെ അമിത മദ്യപാനവും ഒരു പ്രധാനകാരണം തന്നെയാണ്.
ഖജനാവിലേക്ക് ഒഴുകുന്ന കോടികളെക്കുറിച്ച് മാത്രം ചിന്തിച്ചാൽ മതിയോ? അത് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിച്ചുകൊള്ളാമെന്നു പ്രതിജ്ഞയെടുത്ത ഭരണാധികാരികൾക്ക് ചേർന്നതല്ല. മദ്യം ഉത്പാദിപ്പിക്കാൻ അനുമതി കൊടുത്തത് സർക്കാർ ഉടനെ റദ്ദാക്കണം. അല്ലാത്തപക്ഷം ഒയാസിസിന് അനുമതി നൽകിയതിൽ പ്രതിപക്ഷം പറയുന്നതുപോലെ അഴിമതി നടന്നിട്ടുണ്ടെന്ന് ജനങ്ങൾക്ക് വിശ്വസിക്കേണ്ടിവരും.
കണ്ണോളി സുനിൽ, തേലപ്പിള്ളി