2025 തുടങ്ങിയതു മുതൽ കേരളത്തിൽ അശ്രദ്ധ മൂലമുള്ള വാഹനാപകടങ്ങളും ‘അഹങ്കാര ഡ്രൈവിംഗ്’ മൂലമുള്ള അപകടമരണങ്ങളും കൂടുകയാണ്. ആംബുലൻസിന്റെ വഴിതടഞ്ഞുള്ള ഡ്രൈവിംഗും സാധാരണമായി.
അതിനിടയിലാണ് പുതിയ ഇരുചക്രവാഹനത്തിന്റെ പരസ്യം കാണുന്നത്. സംസാരിക്കുന്ന സ്കൂട്ടർ എന്ന് കുട്ടികൾ വിശേഷിപ്പിക്കുന്ന പരസ്യത്തിൽ പറയുന്നത് സ്കൂട്ടറിന്റെ മുന്നിലെ ഡിസ്പ്ലേയിൽ വാട്സാപ് നോട്ടിഫിക്കേഷൻ വരുമെന്നാണ്! രണ്ടു കൈയും കണ്ണും മനസും ലയിച്ച് ഡ്രൈവ് ചെയ്യേണ്ടവരുടെ ശ്രദ്ധ മാറ്റുന്ന ഇത്തരം ഫീച്ചേഴ്സ് നിരോധിക്കേണ്ടതാണ്. ഇവയുടെ വില്പന തടയണം.
ആഡംബര വീൽകപ്പുകൾ അടക്കമുള്ള ആക്സസറീസ് വില്പനയ്ക്ക് നിരോധനമില്ലാത്തപ്പോൾ അവ ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് പിഴ ഇടുന്നതിലെ അയുക്തി ഗതാഗത കമ്മീഷണർ ശ്രദ്ധിക്കാത്തതെന്ത്? ഉത്പാദിപ്പിക്കാനും വില്ക്കാനും നിയന്ത്രണമില്ലാത്ത നാട്ടിൽ ഉപയോഗിക്കുന്നവരെ ശിക്ഷിക്കുന്നത് ഇരട്ടത്താപ്പാണ്. സോഷ്യൽ മീഡിയ നോട്ടിഫിക്കേഷൻ വരുന്ന സ്കൂട്ടറും കാറും അപകടം ക്ഷണിച്ചുവരുത്തും എന്ന സാമാന്യബോധം മലയാളിക്ക് എന്നുണ്ടാവും?
ആർ. രാധാകൃഷ്ണൻ, പാലക്കാട്