മനുഷ്യനെ നരി തിന്നുന്നതിലെ അരക്ഷിതാവസ്ഥയും ദുര്യോഗവും ആവിഷ്കരിക്കുന്ന കവിതയാണ് ഇടശ്ശേരി ഗോവിന്ദൻ നായർ എഴുതിയ ‘ബുദ്ധനും നരിയും ഞാനും’. “അരിയില്ല, തിരിയില്ല, ദുരിതമാണെന്നാലും നരി തിന്നാൽ നന്നോ, മനുഷ്യന്മാരെ!” എന്ന കവിതയിലെ വരികൾ ഇരുപതാം നൂറ്റാണ്ടിൽ എഴുതിയതാണെങ്കിലും ഈ നൂറ്റാണ്ടിലും പ്രസക്തമാണ്. അതേ അരക്ഷിതാവസ്ഥയിലും ദുരിതത്തിലും ഗതികേടിലുമാണ് മലയോരജനത.
വയനാട് മാനന്തവാടിയിൽ കാപ്പിത്തോട്ടത്തിൽ ജോലിക്കുപോയ ആദിവാസി വനിതയെ പട്ടാപ്പകലാണ് കടുവ പിടിച്ചുകൊണ്ടുപോയി കൊന്നുതിന്നത്. ഏതുനിമിഷവും മനുഷ്യജീവൻ അപകടത്തിലാകുന്ന അരക്ഷിതവും കൊടുംഭീതിയും നിറഞ്ഞ അവസ്ഥയാണ് മലയോരമേഖലയിലുള്ളത്.
വന്യജീവി ആക്രമണങ്ങളിൽ കഴിഞ്ഞ 10 വർഷത്തിനിടെ വയനാട് ജില്ലയിൽ മാത്രം 60 പേർ കൊല്ലപ്പെട്ടു. ഇവരിൽ 51 പേരെ കൊന്നത് കാട്ടാനകളാണ്. മനുഷ്യരുടെ ജീവിതം വന്യജീവികൾ കാർന്നുതിന്നുകയാണ്. ചങ്കുപിടയ്ക്കുന്ന സങ്കടങ്ങളും മനസുനോവിക്കുന്ന കണ്ണീർക്കഥകളുമാണ് മലയോര ജനതയ്ക്ക് പറയാനുള്ളത്.
മനുഷ്യവന്യമൃഗ സംഘർഷത്തിന് മനുഷ്യചരിത്രത്തോളം പഴക്കമുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾ പ്രകൃതിയോടെന്നപോലെ മൃഗങ്ങളോടും മല്ലിട്ടാണ് മനുഷ്യൻ ജീവിച്ചത്. മനുഷ്യൻ ക്രമേണ കാടിറങ്ങി സ്വന്തം ആവാസവ്യവസ്ഥയും വിഭവങ്ങളും ഭക്ഷണശൃംഖലയും രൂപപ്പെടുത്തി. സംഘർഷത്തിൽ അയവും വന്നു. എന്നാൽ, ക്രമേണ കാട്ടിലെ കാലാവസ്ഥാവ്യതിയാനം, ഭക്ഷണകുടിവെള്ള ക്ഷാമം, കാടിനോടുചേർന്നുള്ള കൃഷി, വന്യമൃഗങ്ങളുടെ വംശവർധന തുടങ്ങി ഒട്ടേറെ കാരണങ്ങൾ വീണ്ടും സംഘർഷത്തിലേക്ക് നയിക്കുകയാണ്. ഭൂമിയിൽ മനുഷ്യനോളം വലുതായിട്ടൊന്നുമില്ല, മനുഷ്യന് സ്വസ്ഥമായി ജീവിക്കാനുള്ള അവകാശത്തിന് മേലേയാകരുത് വന്യജീവി സംരക്ഷണ നിയമങ്ങൾ.
ആധുനിക പ്രതിരോധ മാർഗങ്ങളും പരിഷ്കൃതരാജ്യങ്ങളിൽ പരീക്ഷിച്ചു വിജയിച്ച പദ്ധതികളും ഇവിടെ ആവിഷ്കരിക്കണം സൗരോർജത്താൽ പ്രവർത്തിക്കുന്ന വൈദ്യുതവേലികൾ വ്യാപകമായി നിർമിക്കണം. കേരളത്തിലെ വനങ്ങളുടെ അതിർത്തി 16,000 കിലോമീറ്ററാണ്. അതിൽ 550 കി.മീറ്ററിൽ മാത്രമാണ് ഇപ്പോൾ സൗരവേലിയുള്ളത്. വലിയ കിടങ്ങുകൾ ഉണ്ടാക്കിയും തേനീച്ചക്കോളനികൾ വനാതിർത്തിയിൽ തുടരെ സ്ഥാപിച്ചും പരിഹാരം കണ്ടെത്താം. ഭക്ഷണവും വെള്ളവും തേടി ജനവാസമേഖലയിൽ പ്രവേശിക്കുന്നത് ഒഴിവാക്കാൻ ജലവും ഭക്ഷ്യവസ്തുക്കളും കാട്ടിനുള്ളിൽതന്നെ ലഭ്യമാക്കാനുള്ള വനംവകുപ്പിന്റെ ‘മിഷൻ ഫുഡ്, ഫോഡർ ആന്ഡ് വാട്ടർ’ പദ്ധതി ഉടൻ നടപ്പിലാക്കണം.
വനാന്തരത്തിലെ ജലസ്രോതസുകൾ പരിപാലിച്ചും ചെളി, മണൽ നീക്കംചെയ്ത് സംഭരണശേഷി കൂട്ടിയും പുതുതായി കുളങ്ങൾ നിർമിച്ചും വെള്ളപ്രശ്നത്തിന് പരിഹാരം കണ്ടെത്താം. മണ്ണിലെ സ്വാഭാവിക ജലാംശം ഇല്ലാതാക്കുന്ന അക്കേഷ്യാ, യൂക്കാലിപ്റ്റ്സ്, മാഞ്ചിയം മുതലായ വിദേശ ഇനം വൃക്ഷത്തോട്ടങ്ങൾ നീക്കംചെയ്യണം. മഞ്ഞക്കൊന്ന, ലെന്റാന, സെന്ന തുടങ്ങിയ അധിനിവേശസസ്യങ്ങളെ ഉന്മൂലനം ചെയ്യണം. സ്വാഭാവിക വനങ്ങളെ വളരാൻ അനുവദിച്ച്, വനത്തിനകത്തെ വയലുകൾ വൃത്തിയാക്കി അവിടെ മുള, ഇല്ലി തുടങ്ങിയ തദ്ദേശീയ സസ്യങ്ങളും പ്ലാവ്, മാവ്, ആഞ്ഞിലി തുടങ്ങിയ ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിക്കണം. മുളയും ഈറ്റയുമെല്ലാം ആനയുടെ ഇഷ്ട ഭോജ്യമാണ്.
നമ്മുടെ വനത്തിന് താങ്ങാൻ കഴിയുന്നതിലേറെയുള്ള മൃഗങ്ങളെ ശാസ്ത്രീയമായ രീതിയിൽ ഇല്ലായ്മ ചെയ്തു വനത്തിന്റെ സന്തുലിതാവസ്ഥ വീണ്ടെടുക്കണം. കൂടുതലുള്ളതിനെ മൃഗശാലകൾക്കും വന്യമൃഗകേന്ദ്രങ്ങൾക്കും നല്കാം.
ഏറെ നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടുപന്നികള കേന്ദ്രവന്യമൃഗസംരക്ഷണനിയമം 62ാം വകുപ്പിൽ വ്യവസ്ഥചെയ്തിരിക്കുന്നതുപോലെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് വെടിവച്ച് കൊല്ലാൻ കർഷകരെ അധികാരപ്പെടുത്തണം. ഉത്തരാഖണ്ഡ്, ഉത്തരപ്രദേശ് എന്നിവിടങ്ങളിൽ കാട്ടുപന്നി, ചിലതരം കുരങ്ങുകൾ എന്നിവയെല്ലാം ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചുകഴിഞ്ഞു. തമിഴനാട് സർക്കാർ കാട്ടുപന്നികളെ കൊല്ലാൻ ഉത്തരവിട്ടുകഴിഞ്ഞു.
കേരളത്തിൽ വനപ്രദേശങ്ങളോടുചേർന്നാണ് 400ൽപ്പരം പഞ്ചായത്തുകൾ ഉള്ളത്. അവിടത്തെ ഒന്നരക്കോടിയോളം ജനങ്ങളാണ് മനുഷ്യവന്യജീവി സംഘർഷത്തിന്റെ മുൾമുനയിൽ ജീവിക്കുന്നത്. മരണഭീതിയിൽ ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അത്യന്തം ആപത്കരവും ഭയാനകവുമായ ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടായേ തീരൂ. സ്വസ്ഥമായ ജീവിതം മനുഷ്യന്റെ അവകാശമാണ്. അത് സാർഥകമാക്കേണ്ടത് അധികാരികളുടെ ബാധ്യതയാണ്.
അഡ്വ. ചാർളി പോൾ കൊച്ചി