ഞെട്ടലോടെയല്ലാതെ സമകാലിക വാർത്തകൾ വായിക്കാൻ സാധിക്കില്ല. ഭർത്താവ് ഭാര്യയെ കൊല്ലുന്നു. അമ്മ കുഞ്ഞിനെ കൊല്ലുന്നു. മദ്യപാനത്തിനൊടുവിൽ തർക്കം മൂത്ത് സുഹൃത്തിനെ കൊല്ലുന്നു. കലാശാലകൾ കലാപശാലകളായി മാറുന്നു. ബസ് സ്റ്റാൻഡിൽ വൈകുന്നേരം സ്കൂൾ കുട്ടികൾ തമ്മിൽ തല്ലുന്നു.
കേരളത്തിന്റെ ഈ പരിതാപകരമായ അവസ്ഥയ്ക്കു പ്രധാന കാരണം വർധിച്ചുവരുന്ന മദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും ഉപയോഗമാണെന്ന വസ്തുത നിഷേധിച്ചിട്ട് കാര്യമില്ല. സ്കൂൾ കുട്ടികളിൽനിന്നു പോലും ലഹരിവസ്തുക്കൾ പിടിക്കുന്നത് ഇന്ന് ഒരു വാർത്തയല്ലാതായിരിക്കുന്നു. കേരളത്തിൽ 20 ശതമാനം പേർ ദിവസവും മദ്യപിക്കുന്നവരാണെന്നാണ് സർവേകൾ വെളിപ്പെടുത്തുന്നത്.
കേരളത്തിലെ ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. സംസ്ഥാനത്ത് പ്രതിദിനം കുറഞ്ഞത് 24 പേരെങ്കിലും ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ആത്മഹത്യക്കുള്ള ഏറ്റവും പ്രധാന കാരണം കുടുംബപ്രശ്നങ്ങളാണ്. ഇതെല്ലാം വിരൽ ചൂണ്ടുന്നത് മലയാളികളുടെ കുറയുന്ന മാനസികാരോഗ്യത്തിലേക്കാണ്.
കേരളത്തിൽ 12.8 ശതമാനം പേർ ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാണെന്നാണ് സർക്കാരിന്റെതന്നെ കണക്ക്. ഇതിൽ ചികിത്സ തേടുന്നവർ 15 ശതമാനം മാത്രമാണ്. വർധിച്ചുവരുന്ന ലഹരി ആസക്തി, സ്ത്രീപീഡനം, ആത്മഹത്യ, അക്രമവാസന തുടങ്ങിയ തിന്മകൾക്ക് കാരണം കേരളീയരുടെ ദുർബലമായ മാനസികാരോഗ്യമാണ്.
മിക്കവാറും ആരോഗ്യപ്രശ്നങ്ങളെല്ലാം തലച്ചോറിലെ രാസവസ്തുക്കളുടെ അളവിലെ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്നതാണ്. ഈ രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന ഫലപ്രദമായ ചികിത്സ ഇന്ന് ലഭ്യമാണ്.
മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെ കണ്ടെത്താനും അവർക്ക് വേണ്ട ചികിത്സ നൽകാനും സർക്കാർ നടപടിയെടുക്കണം. അതോടൊപ്പംതന്നെ ജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആരോഗ്യ വിദഗ്ധരുമായി ആലോചിച്ച് നടപ്പാക്കണം.
സെബാസ്റ്റ്യൻ പാതാമ്പുഴ, തൊടുപുഴ