അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരിലുള്ള കൊലപാതകങ്ങൾ കേരളത്തിൽ വർധിച്ചുവരുന്നത് ആശങ്കയുളവാക്കുന്നതാണ്. 2022ൽ ഇലന്തൂരിലുണ്ടായ ഇരട്ട നരബലി മുതൽ സമീപ ദിവസങ്ങളിലുണ്ടായ ദാരുണ സംഭവങ്ങൾ വരെ ഇതിനെതിരേ കർശന നടപടി വേണ്ടതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അന്ധവിശ്വാസത്തിന്റെ പേരിൽ എന്തു ഹീനപ്രവൃത്തിയും ചെയ്യാൻ മടിയില്ലാത്തവർ സമൂഹത്തിൽ വിഹരിക്കുന്നത് ആപത്കരവും ഭീതിദവുമാണ്.
സാക്ഷരതയിലും ജീവിതനിലവാരത്തിലും ഉന്നതനിലയിലുള്ള കേരളത്തിലാണിതൊക്കെ സംഭവിക്കുന്നതെന്നതാണ് ദയനീയമായ വസ്തുത. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരേ പോരാടിയ ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും സ്വന്തം നാട്ടിൽ! ഇതിനൊരറുതി വേണ്ടതുണ്ട്. ശക്തമായ നിയമവും ബോധവത്കരണവും ഇതിനെതിരേ അനിവാര്യമാണ്.
2019ൽ ജസ്റ്റീസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മീഷൻ അന്ധവിശ്വാസ നിരോധനനിയമം തയാറാക്കിയെങ്കിലും അത് ഇതുവരെയും നിയമമാക്കാനുള്ള നടപടികൾ ഉണ്ടായിട്ടില്ല. സമീപ ദിവസങ്ങളിലുണ്ടായ ദാരുണ സംഭവങ്ങൾ ഈ നിയമത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നുണ്ട്. അന്ധവിശ്വാസത്തിന്റെ പേരിൽ മറ്റൊരു ദുരന്തമുണ്ടാകാതിരിക്കാൻ ഇതിനെതിരേയുള്ള നിയമം എത്രയും വേഗം കൊണ്ടുവരേണ്ടത് അനിവാര്യമാണ്.
മുരളീമോഹൻ, മഞ്ചേരി