ഞാന്‍ ചങ്ങനാശേരി കോര്‍പറേറ്റ് മാനേജ്മെന്റില്‍ അധ്യാപികയാണ്. ജോലി ലഭിക്കാന്‍ അഞ്ചു പൈസ കൊടുക്കേണ്ടിവന്നിട്ടില്ല. പക്ഷേ, ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായി. ഇപ്പോഴും ശമ്പളം ലഭിച്ചിട്ടില്ല.
ശമ്പളം ലഭിക്കാത്ത അധ്യാപകര്‍ എങ്ങനെ ജീവിച്ചുപോകുന്നു? അവരുടെ മാനസിക അവസ്ഥയെപ്പറ്റി പൊതുവേ ആരും ചോദിക്കാന്‍ തയാറാകാറില്ല. അവര്‍ക്കത് അറിയുകയും വേണ്ട. എന്തെങ്കിലും സംഭവിച്ചുകഴിയുമ്പോള്‍ “ഒന്ന് തുറന്നു പറഞ്ഞിരുന്നെങ്കില്‍ പരിഹരിക്കാമായിരുന്നു...” എന്നു പറഞ്ഞ് സമൂഹം ഓടിവരും. സംഭവിച്ചാലെ വരൂ. ദീര്‍ഘനാളായി വേതനമില്ലാതെ ജോലി ചെയ്യുന്നവര്‍ കടന്നുപോകുന്ന മാനസികാവസ്ഥ അത് അനുഭവിക്കുന്നവര്‍ക്കും അനുഭവിച്ചിട്ടുള്ളവര്‍ക്കും മാത്രമേ മനസിലാകൂ. അല്ലാത്തവര്‍ക്ക് ഇത് വെറും കഥകള്‍ മാത്രം.
ഞാന്‍ തന്നെയാണ് അലീന. എന്റെ പ്രതിനിധിയാണ് അലീന. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ കടന്നുപൊയ്ക്കൊണ്ടിരുന്ന അവസ്ഥകളിലൂടെ കടന്നുപോയവളാണ് അലീന. പ്രിയ സഹോദരിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.
ഒരു അധ്യാപിക