റെയിൽവേയുടെ കെടുകാര്യസ്ഥതയെപ്പറ്റി 17ന് ദീപിക പ്രസിദ്ധീകരിച്ച മുഖപ്രസംഗം സമയോചിതമായി. ദിവസേന അനേകലക്ഷം പേർ എത്തിച്ചേരുന്ന റെയിൽവേ സ്റ്റേഷനുകളിൽപോലും വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാൻ ഈ മഹാകുംഭമേളക്കാലത്തും റെയിൽവേ അധികൃതർക്കു കഴിഞ്ഞിട്ടില്ല.
ഇക്കഴിഞ്ഞദിവസം വാരാണസിയിൽനിന്ന് ജബൽപുരിലേക്കു യാത്രചെയ്ത എനിക്കുണ്ടായ അനുഭവം റെയിൽവേയുടെ കെടുകാര്യസ്ഥത വെളിപ്പെടുത്തുന്നതാണ്. തിങ്ങിനിറഞ്ഞ ഫ്ലാറ്റ്ഫോമുകൾ, മണിക്കൂറുകൾ വൈകിയോടുന്ന ട്രെയിനുകൾ, കാലുകുത്താൻ ഇടമില്ലാത്ത വണ്ടികളിൽ യാത്രക്കാർ ശ്വാസംമുട്ടി മരിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ.
വാരാണസിയിൽനിന്നു രാവിലെ പത്തിനു പുറപ്പെടേണ്ട ട്രെയിൻ പ്ലാറ്റ്ഫോമിലെത്തിയപ്പോൾ സമയം പത്തേമുക്കാൽ കഴിഞ്ഞു. പതിനൊന്നുമണി കഴിഞ്ഞു പുറപ്പെട്ട ട്രെയിനിൽ ഒരു പുരുഷാരംതന്നെ കയറിപ്പറ്റി. നിരങ്ങിനീങ്ങിയ ട്രെയിനിൽ പ്രയാഗ്രാജ് മുതൽ കയറിയ ആളിന് കണക്കില്ല. റിസർവേഷൻ കംപാർട്ട്മെന്റിൽപോലും കാൽ നീട്ടിവച്ച് ഇരിക്കാനോ നിവർന്നു നിൽക്കാനോ പറ്റാത്ത അവസ്ഥ. അഞ്ചുമണിക്കൂർ വൈകി പാതിരായോടടുത്ത് വണ്ടി ജബൽപുരിൽ എത്തിയെന്നു പറഞ്ഞാൽ മതിയല്ലോ.
മഹാകുംഭ സ്പെഷൽ എന്ന പേരിൽ ഓടിക്കുന്ന വണ്ടികളുടെ അവസ്ഥ പരിതാപകരമാണ്. തീർഥാടകർക്കായി കൂടുതൽ വണ്ടികൾ ഓടിക്കാനോ സ്പെഷൽ വണ്ടികൾക്കുവേണ്ടി പ്ലാറ്റ്ഫോമുകൾ മാറ്റിയിടാനോ, യാത്രികർക്കു കാണാവുന്ന തരത്തിൽ വലിയ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കാനോ, എല്ലാ പ്ലാറ്റ്ഫോമുകളിലും ഇൻഫർമേഷൻ ഡസ്കുകൾ ഇടാനോ, മാലിന്യശേഖരണത്തിന് ബിന്നുകൾ വയ്ക്കാനോ, അധികമായി ടോയ്ലറ്റുകൾ ഏർപ്പെടുത്താനോ ഒന്നും റെയിൽവേയ്ക്കു കഴിഞ്ഞില്ല. അടുത്ത കുംഭമേളയെങ്കിലും കാര്യക്ഷമമായി നടത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചിരുന്നെങ്കിലെന്ന് ഒരു പാവപ്പെട്ട ഇന്ത്യക്കാരൻ ആഗ്രഹിച്ചുപോകുന്നു.
എസ്. ശിവദാസൻ ഒറ്റപ്പാലം