ഒരു സിബിഐ ഡമ്മിക്കുറിപ്പ്!
വാതത്തിനു മരുന്നാണ് കുറുന്തോട്ടി. എന്നാൽ, കുറുന്തോട്ടിക്കു വാതം വന്നാൽ എന്തു ചെയ്യുമെന്ന് പലരും ചോദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരും ഉത്തരം പറഞ്ഞിട്ടില്ല. നാട്ടിലെ കൊള്ളാവുന്ന കുറുന്തോട്ടികളിലൊന്നാണ് നമ്മുടെ സിബിഐ എന്നായിരുന്നു നാട്ടുകാരുടെ ധാരണ. രാഷ്ട്രീയ ആമവാതം, അഴിമതിസന്ധിവാതം തുടങ്ങി പല വാതങ്ങൾക്കും പാതകങ്ങൾക്കും ലേശം സിബിഐ കുഴന്പ് അന്വേഷണത്തിൽ ചാലിച്ചുപുരട്ടിയാൽ ബെസ്റ്റാണത്രേ.
പ്രത്യേകിച്ചു മലയാളിക്കു സിബിഐ എന്നു കേട്ടാൽ എന്തൊരു ബഹുമാനമായിരുന്നു. നമ്മുടെ രാഷ്ട്രീയക്കാരാണെങ്കിൽ “ടാസ്കി വിളിയെടാ’ എന്ന ഭാവത്തിലാണ് ഓരോ ദിവസവും സിബിഐയെ വിളിക്കാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. നാട്ടിലൊരു മൊട്ടുസൂചി നഷ്ടമായാലും സിബിഐ വരട്ടെ എന്നു പറയാനാണ് മലയാളിക്ക് ഇഷ്ടം. മുറുക്കി ചുവപ്പിച്ചു കൈയും പിറകിൽ കെട്ടി ആരുമറിയാതെ സിബിഐ വരുമെന്നും ഈർക്കിലിയിൽ പശ തേച്ചു മൊട്ടുസൂചി കണ്ടുപിടിക്കുമെന്നുമൊക്കെയാണ് പരന്പരാഗത വിശ്വാസവും ആചാരവും. ഈ ആചാരം ലംഘിക്കപ്പെടാതിരിക്കാനാണു നാട്ടിൽ എന്തു സംഭവം ഉണ്ടായാലും രാഷ്ട്രീയ വിശ്വാസികൾ സിബിഐക്കുവേണ്ടി ശരണം വിളിക്കാറുള്ളത്. പോലീസ് എന്നതു സർക്കാർ വകയാണെന്നും അതേസമയം സിബിഐ ആകാശത്തുനിന്നു പൊട്ടിവീണതാണെന്നും ആരൊക്കെയോ മലയാളിയെ ധരിപ്പിച്ചിരുന്നു.
പോലീസ് കാക്കിയിട്ടു നടക്കണം എന്നാൽ, സിബിഐക്ക് ഏതു വേഷവും ധരിക്കാം, ധരിക്കാതിരിക്കാം. കാക്കിയിട്ട പോലീസ് ഡ്യൂട്ടിക്കിടയിൽ മുറുക്കരുത്, പുകവലിക്കരുത്. എന്നാൽ, സിബിഐക്കാരനു മുറുക്കാം, വലിക്കാം ഇഷ്ടമുള്ളിടത്തു മുറുക്കിത്തുപ്പാം. പോലീസുകാരൻ നടക്കുന്പോൾ കൈവീശി നടക്കണം, എന്നാൽ, സിബിഐക്കാരനു കൈ പിറകിൽ കെട്ടാം. പോലീസിനു പേരിനു പോലും ഒരു ഡമ്മിയില്ല, ആകെയുള്ളതു ലാത്തി മാത്രം. എന്നാൽ, സിബിഐക്കാർക്ക് ഇഷ്ടം പോലെ ഡമ്മിയുണ്ടാക്കാം, അതു തോന്നുംപടി കെട്ടിടത്തിനു മുകളിൽനിന്നു തള്ളിയിടാം... ഡമ്മി ടു ഡമ്മി ചോക്കുകൊണ്ടു വരയ്ക്കാം, ടേപ്പുകൊണ്ട് അളക്കാം!
അങ്ങനെ മലയാളിയുടെ മനസിലെ സിബിഐ എന്നും സേതുരാമയ്യർ ആയിരുന്നു. കോട്ടയം പുഷ്പനാഥിന്റെയും ബാറ്റണ് ബോസിന്റെയും നോവലുകളേക്കാൾ ഭയങ്കരമാണ് സിബിഐ ഡയറിക്കുറിപ്പുകളെന്നു ജനം കരുതി. നേരറിയാനുള്ള ഒരേയൊരു വഴി സിബിഐ മാത്രമാണെന്നു നമ്മൾ സ്വപ്നം കണ്ടു. ഡയറിക്കുറിപ്പും ഡമ്മിയുമൊക്കെയുണ്ടെങ്കിലും സിനിമയിൽ അല്ലാതെ ഇന്നേവരെ കേരളത്തിലെ ഒരു കേസ് അന്വേഷിച്ച് ഒരു കരയ്ക്ക് എത്തിക്കാൻ സിബിഐക്കു കഴിഞ്ഞിട്ടില്ലെന്നതാണു മറ്റൊരു സത്യം.
പല വാതങ്ങളും ചികിത്സിക്കാൻ ഇറങ്ങിത്തിരിച്ച സിബിഐക്ക് ഇപ്പോൾ കോച്ചുവാതം കൊണ്ടുപിടിച്ചിരിക്കുന്നു എന്നുള്ളതാണ് ഒടുവിലത്തെ വാർത്ത. ഡയറക്ടർ സ്പെഷൽ ഡയറക്ടർക്കെതിരേ അന്വേഷണം നടത്തുന്നു. സ്പെഷൽ ഡയറക്ടർ ഡയറക്ടറുടെ ഇടപാടുകൾ ചികഞ്ഞെടുക്കുന്നു. ഒടുവിൽ എല്ലാവരും ചേർന്നു കേന്ദ്രത്തിന്റെ ഫോണ് ചോർത്തിയെടുക്കുന്നു...
നാട്ടിലുള്ള പലരുടെയും അഴിമതി അന്വേഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ട സിബിഐ ഇപ്പോൾ സ്വന്തം പാളയത്തിലെ പടയും വെടിയും പുകയും കാരണം കരിപുരണ്ടുനിൽക്കുന്നു. കൂട്ടിലടച്ച തത്തയാണോ സിബിഐ എന്നു സുപ്രീംകോടതി പണ്ടൊന്നു ചോദിച്ചിരുന്നു. ഇപ്പോഴത്തെ സ്ഥിതി കാണുന്പോൾ കൂട്ടിലെ തത്ത എന്നല്ല കുളത്തിലെ തവള എന്നു വിളിക്കുന്നതാണ് കൂടുതൽ നല്ലതെന്നു തോന്നുന്നു.