കള്ളമില്ലാത്ത പിള്ള മനസുകള്! ഔട്ട് ഓഫ് റേഞ്ച്
പിള്ള മനസില് കള്ളമില്ല. പിള്ളേച്ചന്റെ മനസില് അതൊട്ടുമില്ല. നാട്ടിലെ പിള്ളേര്ക്കു പോലും ഇതിപ്പം മനസിലായിക്കാണും. യുവമോര്ച്ചയുടെ സമ്മേളനത്തില് കാണ്ഡം കാണ്ഡമായി വിളമ്പിയതൊക്കെ വള്ളിപുള്ളി വിടാതെ ഇത്ര പെട്ടെന്നു ചോരുമെന്നു പിള്ളേച്ചന് പോലും തെല്ലും കരുതിയില്ല.
യുവമോർച്ചയുടെ പേര് യുവചോർച്ച എന്നു മാറ്റണോയെന്ന് അടുത്ത പാർട്ടിക്കമ്മിറ്റിയിൽ ചർച്ചചെയ്യും. ശബരിമലയിലെ സമരം മൂർച്ചയുള്ളതാക്കിയതു നമ്മുടെ മോർച്ചപ്പിള്ളേരാണെന്നായിരുന്നു പിള്ളേച്ചന്റെ വെളിപ്പെടുത്തൽ.
തന്ത്രിക്കു നിയമത്തിന്റെ തന്ത്രം പറഞ്ഞുകൊടുത്ത തന്ത്രശാലി താനാണെന്നു പുള്ളിക്കാരൻ വിനയത്തോടെ മന്ത്രിക്കുന്നതും നാട്ടുകാർ കണ്ടു. ശബരിമല പ്രശ്നത്തിൽ പിടിവള്ളി പോയിട്ട് ഒരു വൈക്കോൽത്തുരുന്പെങ്കിലും കിട്ടുമോയെന്നു കണ്ണുംനട്ടിരുന്ന മുഖ്യന്റെയും സംഘത്തിന്റെയും മുന്നിലേക്കാണ് പിള്ളേച്ചന്റെ തള്ളൽ തലയുംകുത്തി വീണത്, പോരേ പൂരം!
അവരതു കൈയോടെ എടുത്തു തലയിൽ വച്ച് ആട്ടംതുടങ്ങി. പാർട്ടിക്കാരുടെ ആട്ടം കിട്ടാവുന്ന നേട്ടത്തിൽ നോട്ടമിട്ടാണെന്നു കണ്ടതോടെ കോണ്ഗ്രസുകാരും കൂടെയോട്ടം തുടങ്ങി.
ഏതോ വേലിയേൽ കാറ്റുംകൊണ്ടിരുന്ന പാന്പിനെ ഇൻവിറ്റേഷൻ കൊടുത്തു വിളിച്ചു തോളേൽ കയറ്റിയ അവസ്ഥയിലായി പാവം പിള്ളേച്ചൻ. പാർട്ടിക്കാരോടു പറഞ്ഞതു പത്രക്കാർക്കു മുന്നിലെത്തിച്ചതു സ്വന്തം പാർട്ടിക്കാർ തന്നെയാണോയെന്ന സംശയം പുള്ളിക്കാരന് ഇല്ലാതില്ല.
എന്തായാലും വീണുകഴിഞ്ഞാൽ പിന്നെ അവിടെ കിടന്ന് ഉരുളുകയെന്ന രാഷ്ട്രീയക്കാരുടെ നാട്ടുനടപ്പ് താനായിട്ടു തെറ്റിക്കുന്നില്ല എന്ന നിലപാടിലായിരുന്നു പ്രസിഡന്റ്.
പത്രസമ്മേളനം കഴിഞ്ഞപ്പോൾ തന്ത്രിക്കു മാത്രമല്ല, ഉത്തരകൊറിയയിലെ കിമ്മിനും അമേരിക്കയിലെ ട്രംപിനും വരെ നിയമോപദേശം കൊടുത്തിട്ടുള്ള ആളാണ് ഈ ഇരിക്കുന്നതെന്നു പത്രക്കാർക്കു പോലും തോന്നിപ്പോയി. എന്നാൽ, പ്രസിഡന്റിന്റെ നിയമോപദേശത്തിന്റെ വാലിൽ പിടിച്ചാൽ അതു പുലിവാലാകുമെന്നു തിരിച്ചറിഞ്ഞ തന്ത്രി തന്ത്രപൂർവം തലയൂരി.
മൈക്കും പ്രസംഗവുമൊക്കെ രാഷ്ട്രീയക്കാർക്കു പണ്ടേ വീക്ക്നെസ് ആണ്. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം മണ്ണിനു വേണ്ടിയുള്ളതാണെങ്കിൽ പാർട്ടിഅംഗങ്ങൾ തമ്മിലുള്ള യുദ്ധം പലപ്പോഴും മൈക്കിനു വേണ്ടിയുള്ളതാണ്. മൈക്കു കഴിഞ്ഞാൽ പിന്നെ കാമറ.
സ്റ്റേജിലെ പടത്തിൽ ഇടം കിട്ടാൻ എണ്ണയും തിരിയും നേരത്തെ കൈക്കലാക്കുന്ന നേതാക്കൾ ഏതു പാർട്ടിയുടെയും മുത്താണ്. മൈക്കിനു മുന്നിലുള്ള കിക്കുകൾക്കു പാർട്ടിക്കാരുടെ ലൈക്ക് കിട്ടുമെങ്കിലും പക്ഷേ, നാട്ടുകാരുടെ മതിപ്പ് കിട്ടണമെന്നില്ല.
രാഷ്ട്രീയക്കാർ മാത്രമല്ല മൈക്കിൽ പിടിച്ച പോലീസും ഇത്തവണ മൂക്കുംകുത്തി വീണു. ശബരിമലയിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രതിഷേധക്കാരുടെ നേതാവിനു മൈക്കും മെഗാഫോണും സമ്മാനിച്ചായിരുന്നു പോലീസിന്റെ ജനമൈത്രി. പോലീസിന്റെ മൈക്കിലൂടെ ഒരു നീണ്ട പ്രസംഗം നടത്തി നേതാവ് അണികളെ കൈയിലെടുത്തു, ആവേശം കൊള്ളിച്ചു.
പക്ഷേ, അതോടെ പോലീസിനു ശരിക്കുംകൊണ്ടു. എന്തായാലും പോലീസും സമരക്കാരും തമ്മിലുള്ള അന്തർധാര ശക്തമാക്കാൻ റാഡിക്കലായ ഈ മാറ്റം ഇനി എല്ലായിടത്തും പരീക്ഷിക്കാവുന്നതാണ്. ഇതു മൈക്കിൽ മാത്രം ഒതുങ്ങേണ്ടതല്ല. ലാത്തിച്ചാർജ് നടത്തേണ്ടി വരുന്പോൾ പോലീസ് ബുദ്ധിമുട്ടേണ്ടതില്ല.
ലാത്തി സമരനേതാക്കളെ ഏല്പിക്കുക. അവർ ആവശ്യാനുസരണം ചാർജ് ചെയ്ത് അണികളെ പിരിച്ചുവിട്ടോളും. ജലപീരങ്കി, കണ്ണീർവാതകം തുടങ്ങിയവയും നേതാക്കളെ ഏല്പിക്കാം. അപ്പോൾ നേതാക്കളും ഹാപ്പി, അണികളും ഹാപ്പി... പോലീസാണെങ്കിൽ ഡബിൾ ഹാപ്പി!