Travel
Back to home
കണ്ണൂരിന്‍റെ ട്രെക്കിംഗ് സ്പോട്ട്
Friday, March 10, 2023 12:56 PM IST
എം.ജെ. റോബിൻ
360 ഡിഗ്രിയിൽ കണ്ണൂരിൽ കടലും കുടക് മലനിരകളും ഒരുപോലെ കാണാവുന്ന ഒരു ട്രെക്കിംഗ് സ്പോട്ട് ഉണ്ട്. ഇവിടെ നിന്നാൽ ഒരു വശത്ത് വയനാടൻ മലനിരകളുടെ വശ്യ മനോഹാരിതയും കാണാം.

പശ്ചിമഘട്ട മലനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 2347 അടി ഉയരത്തില്‍ തല ഉയർത്തി നിൽക്കുന്നതാണ് ട്രെക്കിംഗ് കേന്ദ്രമായി മാറിയ കൊട്ടിയൂരിലെ പാലുകാച്ചി മല. കേരളത്തിലെ വിനോദസഞ്ചാര പട്ടികയിൽ പാലുകാച്ചി മലയും ഇടംനേടി കഴിഞ്ഞു. മലകളെ തൊട്ടുരുമി പോകുന്ന മേഘങ്ങൾ ഇവിടുത്തെ മാത്രം പ്രത്യേകയാണ്. ഇത്തരം കാഴ്ചകൾ സമ്മാനിക്കുന്ന മറ്റൊരിടം കേരളത്തിലില്ല.

പുരാണത്തിന്‍റെ പിൻബലവുമുണ്ട് പാലുകാച്ചി മലയ്ക്ക്. അടുപ്പു കല്ലുപോലെ മൂന്നു മലകളാണ് പാലുകാച്ചി മല. ശിവനും പാർവതിയും ദക്ഷിണയാഗത്തിന് എത്തിയപ്പോൾ പാലുകാച്ചിയ സ്ഥലമാണ് പാലുകാച്ചി മല എന്നു പറയപ്പെടുന്നു. ഏതു സമയവും വീശിയടിക്കുന്ന തണുത്ത കാറ്റിന്‍റെ കുളിർമയാണ് മറ്റൊരു പ്രത്യേകത.

കൊട്ടിയൂർ വനത്തിലൂടെ വൻമരങ്ങളുടെ തണലിലൂടെയാണ് പാലുകാച്ചി മലയിലേക്കുള്ള ട്രെക്കിംഗ്. ഒറ്റയടിപാതയിലുടെ രണ്ടു കിലോമീറ്ററോളം വനത്തിലൂടെ മലകയറിയാൽ പാലുകാച്ചി മലയുടെ മുകളിലെത്താം. ഒപ്പം വനത്തിന്‍റെ കുളിർമയും വശ്യതയും ആസ്വദിക്കാം. ട്രെക്കിംഗിന്‍റെ ബേസ് ക്യാമ്പായ സെന്‍റ് തോമസ് മൗണ്ടിൽ ടിക്കറ്റ് കൗണ്ടർ, പാർക്കിംഗ് സ്ഥലം, ശൗചാലയ സൗകര്യങ്ങളുമുണ്ട്.

പാലുകാച്ചി ഇക്കോ ടൂറിസം


കേളകം, കൊട്ടിയൂർ ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി നടത്തിയ പ്രവര്‍ത്തനത്തിന്‍റെ ഫലമായാണ് പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതി യഥാര്‍ഥ്യമാക്കിയത്.

പാലുകാച്ചി വനസംരക്ഷണ സമിതിക്കാണ് പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് ചുമതല. വനസംരക്ഷണ സമിതി നിയമിച്ച ആറ് താത്കാലിക ജീവനക്കാരാണ് വിനോദ സഞ്ചാരികളെ സഹായിക്കുക.

ടിക്കറ്റ് നിരക്ക്

• മുതിർന്നവർ 50 രൂപ.
• കുട്ടികള്‍ 20 രൂപ.
• വിദേശികൾ 150 രൂപ.
• കാമറ 100 രൂപ.

ശ്രദ്ധിക്കുക

• എല്ലാ ദിവസവും രാവിലെ ഏട്ടു മുതൽ വൈകുന്നേരം 4.30 വരെ ടിക്കറ്റ് നല്‍കും.
• വൈകുന്നേരം ആറിന് മുമ്പ് സഞ്ചാരികള്‍ വനത്തിന് പുറത്ത് കടക്കണം.
• സഞ്ചാരികളെ ചുരുങ്ങിയത് 10 പേർ വീതം അടങ്ങുന്ന ടീമായാണ് മലയിലേക്ക് കടത്തിവിടുക.
• നിശ്ചയിച്ചിട്ടുളള വഴികളിലൂടെ അല്ലാതെ പാലുകാച്ചി മലയിലേക്ക് മറ്റു വഴികള്‍ തെരഞ്ഞെടുക്കരുത്.

ബേസ് ക്യാമ്പിലെത്താൻ

പാലുകാച്ചി മല ട്രെക്കിംഗിന്‍റെ ബേസ് ക്യാമ്പായ സെന്‍റ് തോമസ് മൗണ്ടിലേക്ക് ഫോർവീൽ വാഹനമെത്തുന്ന നാലു വഴികളാണുള്ളത്.

• കേളകംവെണ്ടേക്കുംചാൽശാന്തിഗിരിബേസ് ക്യാമ്പ്.
• കേളകംഅടയ്ക്കാത്തോട്ശാന്തിഗിരിബേസ് ക്യാമ്പ്.
• കൊട്ടിയൂർ നീണ്ടു നോക്കി ടൗൺപാലുകാച്ചി ബേസ് ക്യാമ്പ്.
• ചുങ്കക്കുന്ന് ടൗൺഒറ്റപ്ലാവ് ബേസ് ക്യാമ്പ്
<