ഒരു നാടിന്റെ പേരുചേർത്തു കോകിലമെന്നും വാനന്പാടിയെന്നും വിശേഷണം കേൾക്കാൻ ചില്ലറ കഴിവൊന്നും പോരാ. അസാമാന്യ പ്രതിഭയുള്ള ഗായികയാവണം. ജീവിതത്തിന്റെ ഒരു സുപ്രധാനഘട്ടത്തിൽ ഇനി പാടാൻ പോകരുതെന്ന കർശനമായ വിലക്കുകൂടി കിട്ടിയ ഗായിക എങ്ങനെയാവും ഉയർന്നുവന്നിരിക്കുക! ആ കഥയാണ് കഴിഞ്ഞ നാൾ അന്തരിച്ച പത്മഭൂഷണ് ശാരദ സിൻഹ എന്ന ഫോക്, ക്ലാസിക്കൽ ഗായികയുടെ പാട്ടുവഴികൾ പറയുന്നത്.
ബിഹാറിന്റെ സ്വര കോകിലം
വർണാഭമായ സാംസ്കാരിക പാരന്പര്യമുള്ള, നാടോടി സംഗീതത്തിന്റെയും കഥകളുടെയും ശക്തമായ അടിത്തറയുള്ള ബിഹാറിൽനിന്നാണ് ശാരദ സിൻഹയുടെ സ്വരം കേട്ടുതുടങ്ങിയത്. സുപൗൾ ജില്ലയിലെ ഹുലാസ് എന്ന ഗ്രാമത്തിൽ സുഖ്ദേവ് ഠാക്കൂറിന്റെ ഒന്പതു മക്കളിൽ ഏക പെണ്കുട്ടിയായി ജനിച്ച ശാരദ മൈഥിലി ഫോക് സംഗീതത്തിലാണ് വളർന്നത്. ഭോജ്പുരി, മഗഹി, ഹിന്ദി ഗാനങ്ങളും പാടിപ്പഠിച്ചു. അലഹബാദിൽ പ്രയാഗ് സംഗീത സമിതി സംഘടിപ്പിച്ച ബസന്ത് മഹോത്സവത്തിൽ വസന്തകാലത്തെക്കുറിച്ചുള്ള നാടൻ പാട്ടുകൾ പാടി ശ്രദ്ധേയയായി. ദീപാവലിക്കു ശേഷം വരുന്ന സൂര്യ പൂജാ ഉത്സവമായ ഛഠ് വേദികളിൽ ശാരദയുടെ സ്വരം നിറഞ്ഞു. ദശലക്ഷങ്ങൾ ഭാഗമാകുന്ന, ബിഹാറിന്റെ ഏറ്റവും പ്രധാനമായ ഉത്സവമാണിത്.
ആ സ്വരം ഒട്ടനവധി സംഗീതപ്രേമികളെ ബിഹാറിലേക്ക് ആകർഷിച്ചെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. വർഷങ്ങൾക്കുമുന്പു ശാരദ പാടിയ ഛഠ് ഗീതങ്ങൾ ഇന്നും പൂജാവേളകളിൽ കേൾക്കുന്നു. കാസറ്റ് കന്പനിക്കാരുടെ താത്പര്യക്കുറവും നല്ല വരികൾ കിട്ടാനുള്ള പ്രയാസവുംമൂലം ഇടക്കാലത്ത് അവർ ഈ ഗാനങ്ങൾ പാടുന്നതു നിർത്തിയിരുന്നു. ആരാധകരുടെ ആവശ്യം മാനിച്ചു വീണ്ടും പാട്ടുകളുണ്ടാക്കുകയും ചെയ്തു. നമ്മുടെ സന്പന്നമായ സംസ്കാരവും പാരന്പര്യവും നിലനിർത്താനാണ് ഈ പാട്ടുകളിലൂടെ ശ്രമിച്ചതെന്നു ശാരദ പറയാറുണ്ട്. അതിലവർ വിജയിക്കുകയും ചെയ്തു. നടന്ന വഴികളിലേക്കു തിരിഞ്ഞുനോക്കാൻ ലക്ഷക്കണക്കിനുപേരെ പ്രേരിപ്പിക്കുന്നുണ്ട് ആ പാട്ടുകൾ.
ഇനി പാടേണ്ട!
1970ൽ ബ്രജ്കിഷോർ സിൻഹയെ വിവാഹംകഴിച്ചത് ശാരദയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവുകളുണ്ടാക്കി. മരുമകൾ പാട്ടുപാടേണ്ടതില്ല എന്നായിരുന്നു ബ്രജ്കിഷോറിന്റെ അമ്മയുടെ നിലപാട്. ആവുന്നതു പറഞ്ഞുനോക്കിയെങ്കിലും അവർ ഒട്ടും വഴങ്ങിയില്ലെന്നു മാത്രമല്ല വിലക്കു കർശനമാക്കി അവർ നിരാഹാരവും തുടങ്ങി. ധർമസങ്കടമെന്ന വാക്കിന്റെ പൊരുൾതെളിയുന്ന സമയത്തു ബ്രജ്കിഷോർ ശാരദയുടെ സ്വപ്നത്തിനൊപ്പംനിന്നു. അമ്മ പാതിസമ്മതം മൂളി- പാടാം!
പണ്ടു പാടിയ നാടോടി സംഗീതംതന്നെയാണ് ശാരദയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അടിത്തറയേകിയത്. ക്ലാസിക്കൽ പാടുന്പോഴും ഫോക് ശൈലികൾ നഷ്ടപ്പെടുത്തിയില്ല. ഒപ്പമവർ സംഗീതത്തിൽ ഉന്നത വിദ്യാഭ്യാസവും നേടി- പാറ്റ്ന യൂണിവേഴ്സിറ്റിയിൽനിന്ന് മാസ്റ്റേഴ്സ് ഡിഗ്രിയും ഫോക് മ്യൂസിക്കിൽ പിഎച്ച്ഡിയും സ്വന്തമാക്കി. ബിഹാറിന്റെ സാംസ്കാരിക ചിഹ്നങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നായി ശാരദയുടെ സ്വരം മാറി. ആഘോഷങ്ങളിലും പൂജകളിലും അവരുടെ സംഗീതം നിറഞ്ഞു. ആ സംഗീതം രാജ്യത്തിന്റെ മുഖ്യധാരാ സംഗീതത്തിന്റെ ഭാഗമാക്കി മാറ്റാനും അവർക്കു കഴിഞ്ഞു.
സിനിമാപ്പാട്ടിന് പ്രതിഫലം 76 രൂപ!
സൽമാൻ ഖാൻ താരമായി ഉയർന്ന "മേനേ പ്യാർ കിയാ' എന്ന ചിത്രത്തിൽ കാഹേ തോസെ സജ്നാ എന്നൊരു സുന്ദരഗീതമുണ്ട്. അതു പാടിയത് ശാരദ സിൻഹയാണെന്നു പലർക്കും അറിയില്ല. ആ പാട്ടിനു പിന്നിലൊരു കഥയുണ്ട്. സംവിധായകൻ സൂരജ് ബർജാത്യയുടെ മുത്തച്ഛൻ വിഖ്യാതനായ താരാചന്ദ് ബർജാത്യ വഴിയാണ് ശാരദയ്ക്ക് ആ സിനിമയിലേക്കു ക്ഷണം വന്നത്. ശാരദയുടെ പാട്ടുകൾ ഏറെയിഷ്ടമായിരുന്നു അദ്ദേഹത്തിന്. ബോംബെ ലാബിൽ റിക്കാർഡിംഗിനിടെയാണ് ശാരദ അവിടെയുണ്ടെന്നു സിനിമയുടെ അണിയറക്കാർ അറിയുന്നത്. നിർമാതാക്കളായ രാജ്ശ്രീ പ്രൊഡക്ഷൻസിന്റെ ഓഫീസിനു തൊട്ടടുത്താണ് ബോംബെ ലാബ്. ഒന്ന് ഓഫീസിലേക്കു വരാമോ എന്നു സന്ദേശമെത്തി. ഞങ്ങൾക്കു നിങ്ങളുടെ ശബ്ദം വലിയ ഇഷ്ടമാണ്. സിനിമയിൽ ഒരു പാട്ടു നിങ്ങൾ പാടണമെന്ന് ആഗ്രഹമുണ്ട്- അവർ അറിയിച്ചു. തീർച്ചയായും പാടാം എന്നായിരുന്നു ശാരദയുടെ മറുപടി.
കരിയറിൽ ഉയർന്നു നിൽക്കുന്ന സമയമാണ്. ഇനിയാണ് ട്വിസ്റ്റ്. ആ പാട്ടു പാടിയതിന് സൂരജ് ബർജാത്യ ശാരദയ്ക്കു നൽകിയ പ്രതിഫലം തുച്ഛമായ 76 രൂപയായിരുന്നത്രേ. ഇതു സത്യമാണോ എന്നോ, ആണെങ്കിൽ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുവെന്നോ സ്ഥിരീകരണങ്ങളില്ല. ഇക്കാര്യത്തിൽ പലരും അതൃപ്തി പ്രകടമാക്കിയിരുന്നു. ഒന്നുമില്ലാതെ ആരും ഇത്തരമൊരു കാര്യം പറഞ്ഞു നടക്കില്ലല്ലോ. എന്നിട്ടും ശാരദയ്ക്ക് ഇതൊരു വിഷയമേ അല്ലായിരുന്നു. പരാതി യാതൊന്നുമില്ലാതെ അവർ പാട്ടുകളിൽ മുഴുകി. തുടർന്നും ഏതാനും സിനിമകളിൽ പാടി.
അരികിൽ ഞാനെത്തും...
ഏതാനും ആഴ്ചകൾക്കു മുന്പാണ് ശാരദയുടെ ഭർത്താവ് ബ്രജ്കിഷോർ സിൻഹ അന്തരിച്ചത്. വർഷങ്ങളായി കാൻസർ ബാധിതയായിരുന്ന ശാരദയെ ഭർത്താവിന്റെ മരണം വല്ലാതെ ഉലച്ചു. കഴിഞ്ഞ ഒക്ടോബർ ഒന്നിന്, തന്റെ 72-ാം ജന്മദിനത്തിൽ ശാരദ ഫേസ്ബുക്കിൽ ഭർത്താവിന്റെ ഓർമയിൽ ഇങ്ങനെ എഴുതി:
... അത് അവസാനത്തെ കൂടിക്കാഴ്ചയാണെന്ന് അറിഞ്ഞിരുന്നില്ല. എനിക്കിപ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യം അനുഭവപ്പെടുന്നുണ്ട്. ഈ നിശബ്ദതയും ശൂന്യതയും എന്റെ ഹൃദയം മുറിപ്പെടുത്തുന്നു. ഞാൻ വേഗം വരാം.. ഇത്ര മാത്രമാണ് ഞാൻ അദ്ദേഹത്തോടു പറഞ്ഞത്.