ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായനയും അറിയാവുന്നവരെ അധ്യാപകരായി കണ്ടെത്തി അവർക്ക് പരിശീലനം നൽകിയാണ് സ്കൂളുകൾ പ്രവർത്തിപ്പിക്കുന്നത്.
വറുതിയും കെടുതിയും മരണവും ഇക്കാലത്തും സൗത്ത് സുഡാനെ വിട്ടൊഴിഞ്ഞിട്ടില്ല. അര നൂറ്റാണ്ടുനീണ്ട വംശീയ പോരാട്ടത്തിൽ ചോരപ്പുഴകൾ ഏറെയൊഴുകിയ രാജ്യമാണ് സുഡാൻ.
യുദ്ധത്തിന്റെ ഇരകളായ അനാഥരുടെയും അഭയാർഥികളുടെയും ഇടയിൽ മൂന്നു പതിറ്റാണ്ടായി കാരുണ്യശുശ്രൂഷ ചെയ്യുകയാണ് മലയാളിയായ സിസ്റ്റർ ഗ്രേസി അടിച്ചിറ. ഉണ്ണാനും ഉടുക്കാനുമില്ലാത്ത കറുത്ത മക്കളുടെ കരുതലാളാണ് തലശേരി അതിരൂപതാംഗമായ സിസ്റ്റർ ഗ്രേസി.
ഘോരയുദ്ധങ്ങളും വംശഹത്യയും തരിപ്പണമാക്കിയ ദക്ഷിണ സുഡാനിൽ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, സ്ത്രീ ശക്തീകരണം തുടങ്ങിയ തലങ്ങളിൽ ഈ സന്യാസിനി അർപ്പിച്ചുവരുന്ന സേവനങ്ങളെ ആ രാജ്യവും ജനതയും ആദരവോടെയാണ് നോക്കിക്കാണുന്നത്. അതിജീവനത്തിലേക്കുള്ള അവരുടെ അത്യധ്വാനത്തിൽ പ്രത്യാശയുടെ സദ്വാർത്ത അറിയിക്കുകയാണ് ഈ സഹോദരി.
ജന്മനാട്ടിൽ നിന്ന് ഭൂഖണ്ഡങ്ങൾക്കകലെയെത്തി പാവങ്ങളിൽ പാവങ്ങളെ ശുശ്രൂഷിക്കാനുള്ള തീക്ഷ്ണമായ സമർപ്പണത്തിലാണ് 1989ൽ സിസ്റ്റർ ഗ്രേസി ഗോഹട്ടിയിലെ അധ്യാപനജോലി ഉപേക്ഷിച്ച് അവിഭക്ത സുഡാന്റെ തലസ്ഥാനമായ ഖാർത്തുമിലെ ഷാജിറയിലെത്തുന്നത്.
വടക്കൻ സുഡാനിൽ മുസ്ലീംകളും തെക്ക് ക്രൈസ്തവരുമാണ് ഭൂരിപക്ഷം. ഇസ്ലാമിക അധിനിവേശത്തിലും അക്രമങ്ങളിലും ചിതറിക്കപ്പെട്ട ക്രൈസ്തവർ ഖാർത്തുമിലേക്ക് കൂട്ടപ്പലായനം ചെയ്തുവരുന്ന കാലമായിരുന്നു അത്.
തെക്കൻ സുഡാനിൽ കുഗ്രാമങ്ങളിൽനിന്ന് മാസങ്ങളും വർഷങ്ങളും കാടുകളും കുന്നുകളും താണ്ടി, വിശപ്പും ദാഹവും സഹിച്ചുള്ള അഭയാർഥികളുടെ അതികഠിന യാത്ര. ആയിരക്കണക്കിന് മനുഷ്യർ അനന്തമായ യാത്രാവഴികളിൽ മരിച്ചുവീണു. നെട്ടോട്ടത്തിനിടെ അച്ഛനമ്മമാർ മരിച്ചുപോയ കുഞ്ഞുങ്ങൾ അനാഥരായി അലഞ്ഞു.
അഭയാർഥി പ്രവാഹം
ഖാർത്തും രൂപതയുടെ തണലിൽ അഭയാർഥികളുടെ സംരക്ഷണമായിരുന്നു സിസ്റ്റർ ഗ്രേസിയുടെ ആദ്യ നിയോഗം. മഠത്തിനും പള്ളിക്കും സമീപം താൽക്കാലിക കൂടാരങ്ങൾ കെട്ടി എണ്ണിയാൽത്തീരാത്തവിധം എത്തിക്കൊണ്ടിരുന്ന നിസഹായർക്ക് മരുന്നും ഭക്ഷണവും നൽകുക ഏറെ സഹനപൂർണമായിരുന്നു. ദിവസവും ക്യാന്പുകളിൽ നിരവധി പേർ മരിച്ചുവീഴുന്ന സാഹചര്യം. ഒരേ കുഴിയിൽ നാലും അഞ്ചും മൃതദേഹങ്ങൾവരെ മറവു ചെയ്ത അനുഭവങ്ങൾ.
വർഷങ്ങളോളം ജനങ്ങൾ അഭയാർഥി ക്യാന്പുകളിൽ അന്തിയുറങ്ങി. അക്കാലത്ത് കുട്ടികൾക്ക് വിദ്യാഭ്യാസവും മതബോധനവും നൽകാൻ സിസ്റ്റർ പാഠശാലകളും പ്രാർഥനാശാലകളും ആരംഭിച്ചു. കെടുതിയുടെ ഇരകളായ കുട്ടികൾക്ക് മാനസിക സൗഖ്യം പകരാൻ കൗണ്സലിംഗ് സെന്ററുകളും പകർച്ചവ്യാധികളും ഗുരുതര രോഗങ്ങളും ബാധിച്ചവരെ സഹായിക്കാൻ ഡിസ്പെൻസറികളും തുറന്നു.
സ്ത്രീകൾക്ക് തയ്യൽ പരിശീലനം നൽകി. അവർക്ക് കൃഷിയിലും സ്വയംതൊഴിലിലും പരിശീലനം നൽകി. അക്കാലത്ത് വിസ പുതുക്കി നൽകാതെ സുഡാൻ വിട്ടുപോകാൻ ഇസ്ലാമിക ഭരണകൂടം അന്ത്യശാസനം നൽകിയതോടെ സിസ്റ്റർ ഗ്രേസിക്ക് രണ്ടു വർഷം കെനിയയിലും ടാൻസാനിയായിലുമായി കഴിയേണ്ടിവന്നു.
യുദ്ധക്കെടുതിയിൽ ജനങ്ങൾ നരകയാതന അനുഭവിച്ചുകൊണ്ടിരുന്ന സുഡാന്റെ തെക്കൻമേഖലയിലുള്ള ബെഹർ ഗാസൽ സംസ്ഥാനത്തെ വാവ് ഗ്രാമത്തിലേക്ക് സിസ്റ്റർ തിരികെയെത്തുന്നത് 1998 ലാണ്.
ഇസ്ലാമിക പോരാളികൾ തെക്കൻമേഖലയിലെ ക്രൈസ്തവരുടെ വീടുകൾ കൊള്ളയടിച്ചും തീയിട്ടും സ്ത്രീകളെ പീഡിപ്പിച്ചും കൊടുംക്രൂര ചെയ്തികൾ തുടർന്നതോടെ ജീവനുംകൊണ്ടോടിയവർ വനാന്തരങ്ങളിൽ ഒളിച്ചു. ഇവരൊക്കെ പിന്നീട് പള്ളികളിലും അനുബന്ധ സ്ഥാപനങ്ങളിലും അഭയം തേടി.
സിസ്റ്റർ ഗ്രേസിയുടെ സന്യാസഭവനത്തിന്റെ മുറ്റത്തും വഴിയോരങ്ങളിലുമൊക്കെ മൃതപ്രായരായവർ അഭയാർഥികളായി എത്തിക്കൊണ്ടിരുന്നു. അവിടെയൊക്കെ ഷെഡ്ഡുകൾ കെട്ടി പാർപ്പിച്ച് ക്ലിനിക്കുകൾ സ്ഥാപിച്ചു.
രണ്ടായിരം പേർക്ക് വരെ ഒരു ദിവസം ഭക്ഷണം തയാറാക്കിക്കൊടുത്ത ദിനങ്ങൾ സിസ്റ്ററിന്റെ ഓർമയിലുണ്ട്. പോഷകാഹാരമെന്നല്ല ഒരു നേരത്തെ ഭക്ഷണംപോലും ലഭിക്കാനില്ലാതെ ജനങ്ങൾ മരിച്ചുവീഴുന്ന ദയനീയ സാഹചര്യത്തിലാണ് അനേകരുടെ സഹായ സഹകരണങ്ങളോടെ സിസ്റ്റർ ഗ്രേസി മറ്റൊരു മദർ തെരേസയായി മാറിയത്.
വാവ് രൂപതയുടെ സഹായത്തിൽ അവടെയൊരു നഴ്സിംഗ് സ്കൂളിന് തുടക്കം കുറിച്ച് തദ്ദേശിയരായ 20 പെണ്കുട്ടികളെ നഴ്സിംഗും മിഡ്വൈഫറിയും പരിശീലിപ്പിച്ച് ഗ്രാമങ്ങളിലേക്ക് അയച്ചു. ഇപ്പോൾ അഞ്ഞൂറിലധികം നഴ്സുമാർ കരുണയുടെ മാലാഖമാരായി ശുശ്രൂഷ ചെയ്യുന്നു.
സർക്കാരിനും സംവിധാനങ്ങൾക്കും ചെയ്യാനാവാത്തവിധം നാടിന് സേവനം ചെയ്ത സിസ്റ്ററിനെ പിൽക്കാലത്ത് സൗത്ത് സുഡാൻ സർക്കാർ പല തവണ ആദരിച്ചു. വാവ് നഗരത്തിൽനിന്ന് ഏഴു കിലോമീറ്റർ അകലെ അൽചോക്ക് പ്രദേശത്ത് ആശുപത്രി സ്ഥാപിക്കാൻ 40 ഏക്കർ സ്ഥലം സർക്കാർ സൗജന്യമായി വിട്ടുനൽകി.
വിദേശ സഹായത്തോടെ അവിടെ വലിയൊരു ആശുപത്രിയും നഴ്സിംഗ് കോളജും പ്രവർത്തനമാരംഭിച്ചു. 200 കിടക്കകളും ശസ്ത്രക്രിയാ സൗകര്യങ്ങളുമുള്ള മാതൃ-ശിശു സൗഹൃദ ഹോസ്പിറ്റൽ സൗത്ത് സുഡാനിലെതന്നെ വലിയ ആശുപത്രികളിലൊന്നാണ്.
കോട്ടയത്തുനിന്ന് അടിച്ചിറ കുടുംബം തലശേരിക്കു സമീപം ചെറുവാഞ്ചേരിയിൽ 1947ലാണ് കുടിയേറിയെത്തിയത്. ജോസഫ്-മേരി ദന്പതികളുടെ എട്ടു മക്കളിൽ അഞ്ചാമത്തെ ആളായ സിസ്റ്റർ ഗ്രേസി പത്താം ക്ലാസ് പഠനത്തിനുശേഷമാണ് സന്യാസജീവിതത്തിലേക്ക് പ്രവേശിച്ചത്.
സിസ്റ്ററിന്റെ സമർപ്പിത പ്രവർത്തനങ്ങൾക്ക് കൈത്താങ്ങുമായി സ്വന്തം കുടുംബാംഗങ്ങളും മുന്നോട്ടുവന്നു. മിഷൻ പ്രവർത്തനങ്ങളിൽ സഹകാരികളാകാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മേരി ഹെൽപ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ച് ഭക്ഷണവും വസ്ത്രങ്ങളും സാന്പത്തിക സഹായവും സിസ്റ്ററിന്റെ ശുശ്രൂഷാ മേഖലയിൽ എത്തിച്ചുകൊടുക്കുന്നു.
വിശപ്പിന്റെ വിളി
ഇക്കാലത്തും പരമ ദയനീയമാണ് സൗത്ത് സുഡാനിലെ ജനജീവിതം. ടാറിംഗ് റോഡുകളും വൈദ്യുതിയും പ്രധാന നഗരങ്ങളിൽ മാത്രമേയുള്ളു. മരക്കൊന്പുകൾകെട്ടി പുല്ലുമേഞ്ഞ കൂടാരങ്ങൾ പോലുള്ള വീടുകൾ. പശു വളർത്തലാണ് ഏറെപ്പേരുടെയും പ്രധാന തൊഴിൽ.
ദിവസം ഒരു നേരമേയുള്ളു ഇക്കാലത്തും ഭക്ഷണം. കേരളത്തിലെ മിക്ക ഫലവൃക്ഷങ്ങളും സുഡാനിലും വളരുമെന്നതിനാൽ വാവ് ഗ്രാമത്തിൽ പ്ലാവും കപ്പയും കശുമാവും തെങ്ങും സിസ്റ്റർ ഗ്രേസി നട്ടുവളർത്തുന്നു.
നൈൽ നദിയുടെ വൃഷ്ടിപ്രദേശമായതിനാൽ രാജ്യം ജലസന്പന്നമാണ്. എന്നിരിക്കെയും കൃഷി സംവിധാനങ്ങൾ പരിമിതമായതിനാൽ ഏറെ സ്ഥലങ്ങളും തരിശായിക്കിടക്കുന്നു. വൻതോതിൽ എണ്ണയും സ്വർണവും ഭൂമിക്കടിയിലുണ്ടെങ്കിലും ഖനന സാങ്കേതിക സാധ്യതകളും പണവും ദരിദ്ര ഭരണകൂടത്തിനില്ല. അടുത്തയിടെ ചൈനയും ഇന്ത്യയും കാനഡയും എണ്ണ കുഴിച്ചെടുക്കാൻ സൗത്ത് സുഡാൻ സർക്കാരുമായി കരാറുണ്ടാക്കിയിട്ടുണ്ട്.
ജനങ്ങൾ 90 ശതമാനത്തിലേറെ ക്രൈസ്തവരാണെങ്കിലും ഉൾഗ്രാമങ്ങളിൽ വർഷത്തിലൊരിക്കൽ മാത്രമാണ് വിശുദ്ധ കുർബാന അർപ്പണം. പുല്ല് മേഞ്ഞതോ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചതോ ആയ ഷെഡ്ഡുകളാണ് താൽക്കാലിക പള്ളികൾ. പൂഴിമണ്ണിലിരുന്നു പാടിയും നൃത്തം ചവിട്ടിയും ഇവർ പ്രാർഥനകൾ നടത്തുന്നു. മാമ്മോദീസ, ആദ്യ കുർബാന, സ്ഥൈര്യലേപനം തുടങ്ങിയ കൂദാശകൾ സ്വീകരിക്കാൻ സാഹചര്യമില്ലാത്തവരാണ് ഭൂരിഭാഗം യുവജനങ്ങളും കുട്ടികളും.
യുദ്ധത്തിലും വംശീയ കടന്നേറ്റത്തിലും ചിതറിക്കപ്പെട്ടവരുടെ ഏറ്റവും വലിയ നഷ്ടം കുട്ടികൾക്ക് അക്ഷരജ്ഞാന സന്പാദനത്തിന് അവസരം നിഷേധിക്കപ്പെട്ടതാണ്. ഈ സാഹചര്യത്തിൽ സിസ്റ്റർ ഗ്രേസി ഉൾഗ്രാമങ്ങളിലെ വീടുകൾ സന്ദർശിച്ച് കുട്ടികളെ വിളിച്ചുകൂട്ടി വിദ്യാഭ്യാസം നൽകിവരുന്നു. ഒപ്പം മതബോധനവും.
സിസ്റ്ററിന്റെ സേവനങ്ങളെ മാനിച്ച് സർക്കാർ പതിനഞ്ച് ഗ്രാമങ്ങളിൽ സ്കൂൾ തുടങ്ങാൻ സ്ഥലം സൗജന്യമായി നൽകി. സർക്കാർ സ്കൂളുകളിൽ ഉൾപ്പെടെ നാൽപതു വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സിസ്റ്ററിന്റെ ശ്രമഫലമായി സൗജന്യ ഭക്ഷണം നൽകിവരുന്നു.
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായനയും അറിയാവുന്നവരെ അധ്യാപകരായി കണ്ടെത്തി അവർക്ക് പരിശീലനം നൽകിയാണ് സ്കൂളുകൾ പ്രവർത്തിപ്പിക്കുന്നത്.
ഇതിനൊപ്പം സ്ത്രീകളെ ശക്തീകരിക്കാനുള്ള വിവിധതരം തൊഴിൽ സംരംഭങ്ങൾ ഗ്രാമങ്ങളിലും ആരംഭിച്ചു. ഈ പ്രവർത്തനങ്ങളിൽ വാവ് രൂപതയും സർക്കാർ സംവിധാനങ്ങളും സംഘടനകളും വലിയ പിന്തുണ നൽകുന്നുണ്ട്.
മാതൃകാപരമായി ഈ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ ഹോളിഫാമിലി സന്യാസ സമൂഹത്തിന്റെയും സലേഷ്യൻ വൈദികരുടെയും തമിഴ്നാട്ടിൽ സ്ഥാപിതമായ ആഫ്രിക്കൻ മിഷൻ പ്രവർത്തനം ലക്ഷ്യമിടുന്ന എംഎംഐ വൈദിക സമൂഹത്തിന്റെയും സഹകരണം സിസ്റ്ററിനു ലഭിക്കുന്നുണ്ട്. സിസ്റ്റർ ഗ്രേസിയുടെ മിഷൻ പ്രവർത്തനങ്ങൾ അറിഞ്ഞ് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി സൗത്ത് സുഡാനിലെ മിഷൻ പ്രദേശങ്ങൾ ഈയിടെ സന്ദർശിച്ചിരുന്നു.
ഫാ. മാത്യു ആശാരിപറന്പിൽ
സുഡാൻ പോരാട്ട ചരിത്രം
അവിഭക്ത സുഡാന്റെ വടക്കൻ മേഖലയിൽ മുസ്ലീങ്ങളും സൗത്ത് സുഡാനിൽ ക്രൈസ്തവരുമായിരുന്നു ഭൂരിപക്ഷം. ഇവർ തമ്മിൽ വംശീയ പോരാട്ടം 1950കളിൽ തുടങ്ങിയതാണ്.
സന്പത്തിന്റെ ഏറിയ ഭാഗവും വടക്കൻ മേഖലകളിൽ ചെലവഴിക്കപ്പെടുന്നതിനാൽ സുഡാന്റെ തെക്കൻ മേഖല അവികസിതവും ദരിദ്രവുമായിരുന്നു. 1960കളിൽ തെക്കൻ മേഖലയിലേക്കു കടന്നുകയറിയ ഇസ്ലാമികവത്കരണ ശ്രമങ്ങളെ ക്രൈസ്തവർ പോരാട്ടത്തിലൂടെ ചെറുത്തുതുടങ്ങി.
സാന്പത്തികമായും ഭരണപരമായും ആധിപത്യമുണ്ടായിരുന്ന ദക്ഷിണ സുഡാന്റെ അക്രമണങ്ങളെ ചെറുക്കാനാകാതെ ലക്ഷക്കണക്കിന് ക്രൈസ്തവർക്ക് പലായനം ചെയ്യേണ്ടിവന്നു.
1972ലെ ആന്റിസെബാബ കരാറിലൂടെ ഇരു വിഭാഗങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും 1981ൽ വീണ്ടും ആഭ്യന്തരയുദ്ധം രൂക്ഷമായി. 2005 വരെ തുടർന്ന ആഭ്യന്തര യുദ്ധത്തിൽ പല ഘട്ടങ്ങളിലായി ഇരുപതു ലക്ഷം പേർ കൊല്ലപ്പെട്ടു. 2005ൽ സമാധാന കരാറിനെത്തുടർന്ന് യുദ്ധത്തിന് വീണ്ടും ശമനമുണ്ടായി.
2011ൽ നടത്തിയ ജനഹിത പരിശോധനയിൽ തെക്കൻപ്രദേശത്തെ 99 ശതമാനം ജനങ്ങളും സ്വതന്ത്ര രാജ്യത്തിനായി നിലകൊണ്ടു. അങ്ങനെ 2011 ജൂലൈ ഒൻപതിന് യുഎൻ നേതൃത്വത്തിൽ സുഡാൻ രണ്ടായി വിഭജിക്കപ്പെട്ടു.
10 തെക്കൻ സംസ്ഥാനങ്ങൾ ചേർന്ന പ്രദേശം ജുബ തലസ്ഥാനമായി ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ അൻപത്തിയാറാമത്തെയും ലോകത്തിലെ 133-ാമത്തെയും രാജ്യമായി സൗത്ത് സുഡാൻ നിലവിൽ വന്നു.