ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന് യാത്രയിലാണ് രഞ്ജിത് ശങ്കര് 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയത്. വിശാലിന്റെയും ഗായത്രിയുടെയും പ്രണയവര്ഷങ്ങളുടെ കഥ. പലകുറി മാറ്റിവച്ച കാമ്പസ് പ്രണയകഥ ചിറകുവിരിച്ചത് ഐഎഫ്എഫ്കെയില് നടന് സര്ജാനോയെ കണ്ടതിനുശേഷമെന്ന് രഞ്ജിത് ഓര്ക്കുന്നു.
‘കോളജ് ലവ് സ്റ്റോറിക്കു പറ്റിയ താരങ്ങള് നമുക്കില്ലെന്നു തോന്നിയിട്ടുണ്ട്. പുതുമുഖങ്ങളെ വച്ച് ചെലവേറിയ സിനിമയെടുക്കാന് ധൈര്യമുണ്ടായില്ല. സര്ജാനോയെ കണ്ടപ്പോള് തന്നെ കാമ്പസ് ലവ് സ്റ്റോറിക്കു സാധ്യത തോന്നി. ലവ് സ്റ്റോറീസ് അധികം വരുന്നുമില്ല. ഇപ്പോള് ചെയ്താല് പുതുമയുണ്ടാവും. ‘എന്നിവര്’ സിനിമയിലെ സര്ജുവിന്റെ പെര്ഫോമന്സില് ഇഷ്ടം തോന്നിയിരുന്നു. ഗായത്രിക്കു വേണ്ടിയുള്ള പലവിധ അന്വേഷണങ്ങള് കറങ്ങിത്തിരിഞ്ഞ് ഒടുവില് പ്രിയ പ്രകാശ് വാര്യരിലെത്തി ' - രഞ്ജിത് ശങ്കര് പറയുന്നു.
ഓരോ ക്ലാസിലും...
എന്ജിനിയറിംഗ് കോളജ് കാമ്പസിലെ വളരെ സിംപിളായ പ്രണയകഥയാണിത്. കഥാപാത്രങ്ങളും വളരെ സിംപിളാണ്. പക്ഷേ, അഭിനയിച്ചു പ്രതിഫലിപ്പിക്കുക സങ്കീര്ണവും. ഇന്നത്തെ എല്ലാ കാമ്പസുകളിലും... ഒരുപക്ഷേ, ഓരോ ക്ലാസിലും വിശാലും ഗായത്രിയുമുണ്ട്. പ്രേമിക്കുന്ന രണ്ടുപേരില് ഇവര് എന്തായാലും ഉണ്ടാവും. കൂട്ടുകാരില് പ്രേമിക്കുന്നവര് ഉണ്ടെങ്കില് തീര്ച്ചയായും അത് ഇവര് ആയിരിക്കും. എനിക്കും പരിചയമുണ്ട് അങ്ങനെയുള്ളവരെ. എല്ലാവരുമായും ചേര്ത്തുവയ്ക്കാന് പറ്റുന്ന അംശങ്ങള് ഇവരിലുണ്ട്. വിശാലും ഗായത്രിയും കഴിഞ്ഞാല് പിന്നെയുള്ളത് അവരുടെ കൂട്ടുകാരും പരിചയക്കാരുമാണ്. പുതുമുഖങ്ങളാണ് ആ വേഷങ്ങളില്. ഇതില് ശങ്കര് ശര്മ സംഗീതം നല്കിയ എട്ടു പാട്ടുകളുണ്ട്. ഞാന് പഠിച്ച കോതമംഗലം എംഎ കോളജില് ഷൂട്ട് ചെയ്യാനായത് അനുഗ്രഹമായി കാണുന്നു. വലിയ ഒരാഗ്രഹമായിരുന്നു അത്.
പ്രണയവര്ഷങ്ങള്
വിശാലും ഗായത്രിയും വളരെ വ്യത്യസ്തരാണ്. നാദാപുരം ഗ്രാമത്തിലെ സര്ക്കാര് സ്കൂളില് പഠിച്ച് എന്ട്രന്സ് എഴുതി കോതമംഗലത്തുള്ള എന്ജിനിയറിംഗ് കോളജിലെത്തുന്ന വിശാല്.
കോതമംഗലം അയാള്ക്കു വലിയ ലോകമായിരുന്നു. തൃശൂര് പരിചിതമെങ്കിലും അച്ഛനു ബാങ്കില് ജോലിയായതുകൊണ്ട് ബംഗളൂരിലും മുംബൈയിലുമൊക്കെ പഠിച്ച കുട്ടിയാണു ഗായത്രി. അച്ഛനു കൊച്ചിയിലേക്കു സ്ഥലംമാറ്റമായപ്പോള് അവള്ക്കു കോതമംഗലത്തേക്കു വരേണ്ടിവന്നു. അവിടം അവള്ക്കു ചെറിയ ലോകമായിരുന്നു. വിശാലിനെപ്പോലെ ഒരു പയ്യനെ അവള് മുമ്പു കണ്ടിരുന്നില്ല. അധികാരികളെ വെല്ലുവിളിക്കുന്ന സ്വഭാവമാണ്. അവന് മാത്രമാണ് ക്ലാസില് മുണ്ടുടുത്തുവരുന്നത്. അവന് പാട്ടു പാടുന്നു, പ്രസംഗിക്കുന്നു. കുട്ടികള്ക്കുവേണ്ടി സമരം ചെയ്യുന്നു. വിശാലിനോട് ആരാധനയായി. ഒടുവിലതു പ്രേമമായി.
വിശാലും ഗായത്രിയും തമ്മില്
നാലു വര്ഷങ്ങള് വിശാലിലും ഗായത്രിയിലും അവരുടെ അടുപ്പത്തിലും ഏറെ മാറ്റംവരുത്തി. ആദ്യവര്ഷം ഹീറോ ആയിരുന്ന വിശാല് ഇപ്പോള് സീറോ ആണ്. മിക്കവരും ജോലി കിട്ടിയും ഉന്നത പഠനത്തിനും പോയപ്പോള് മുപ്പതോളം സപ്ലിയുമായി അടുത്തുള്ള ഒരു സപ്ലി ഹൗസിലേക്ക് അവന് ഒതുങ്ങുന്നു. ഗായത്രിക്കു വളരെ വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. കരിയറിനെക്കുറിച്ചു പ്ലാനുകളുണ്ട്. വിശാല് കൂടുതല് ആശയക്കുഴപ്പത്തിലും ഗായത്രി കൂടുതല് പ്രായോഗിക ചിന്താഗതിയിലുമാകുന്ന കാലഘട്ടത്തിലൂടെയാണ് പിന്നീടു കഥാസഞ്ചാരം. ഇതു രണ്ടു വ്യക്തികള് തമ്മിലുള്ള വിഷയമാണ്. അവരുടെ വീട്ടുകാരോ കൂട്ടുകാരോ അധ്യാപകരോ കലാലയമോ സമൂഹമോ മതമോ പണമോ...ഒന്നുമല്ല വിഷയം. രണ്ടു വ്യക്തികളുടെ ഉള്ളിലുണ്ടാകുന്ന കയറ്റിറക്കങ്ങള്, വികാരങ്ങളുടെ മാറ്റങ്ങള് ...ഇതൊക്കെയാണ് സിനിമ പറയുന്നത്.
സീക്വല് മനസിലുണ്ട്
ലവ് സ്റ്റോറി ചെയ്യുമ്പോള് ആദ്യംവേണ്ടത് കാഴ്ചയില്ത്തന്നെ പ്രണയിതാക്കള് തമ്മിലുള്ള ചേര്ച്ചയാണ്. സര്ജാനോയിലും പ്രിയയിലും അതു കൃത്യമായി വന്നുഭവിച്ചു. അവര് നല്ല ഫ്രണ്ട്സാണ്. അവര് തമ്മില് അഭിനയത്തില് ഏറെ മനോഹരമായ ഒരു കെമിസ്ട്രി ഈ സിനിമയിലുണ്ട്. ഈ സിനിമ വലിയൊരു സ്വപ്നത്തിന്റെ തുടക്കമാണ്. എന്റെ മനസില് ഇതു മൂന്നു ഭാഗങ്ങളുള്ള ഒരു സിനിമയാണ്. അതിന്റെ ആദ്യഭാഗമാണിത്. വിശാലും ഗായത്രിയും 21 ാം വയസിലാണ് ഇപ്പോഴുള്ളത്. തുടര്ന്നുള്ള അവരുടെ ജീവിതചിത്രങ്ങളാണ് അടുത്ത ഭാഗങ്ങളില്. ഇത് അവസാനിക്കുന്നത് അങ്ങനെയൊരു പ്രതീക്ഷയിലാണ് - രഞ്ജിത് ശങ്കര് പറയുന്നു.
ടി.ജി.ബൈജുനാഥ്