ഈ വീൽ ചെയറിൽ ഇരുന്നു നിന്നെക്കൊണ്ട് മെഴുകുതിരി ഉണ്ടാക്കാനോ കുടയുണ്ടാക്കാനോ ഒക്കെയേ കഴിയൂ. അതുകൊണ്ട് വൊക്കേഷണൽ ട്രെയിനിംഗിന്റെ ഭാഗമായി അത്തരം കൈത്തൊഴിൽ എന്തെങ്കിലും പഠിക്കുന്നതായിരിക്കും നല്ലത്.- വീടിന്റെ ടെറസിൽനിന്നു കാൽവഴുതി വീണ് ജീവിതം വീൽ ചെയറിലായ ഷെറിൻ ഷഹാനയോട് അവളുടെ തെറാപ്പിസ്റ്റ് പറഞ്ഞ വാക്കുകളാണിത്. ജീവിതത്തിനു മീതെ നിരാശയുടെ ചാരം വന്നു മൂടുന്നതുപോലെയാണ് ഷെറിനു തോന്നിയത്. വീടിന്റെ ഇരുളടഞ്ഞ മുറികളിൽ തന്റെ ജീവിതം ഉരുകിത്തീരാൻ പോവുകയാണോയെന്ന് അവൾ ഭയന്നു. എന്നാൽ, പിന്നീട് കണ്ടത് ആ വീൽ ചെയറുകൾക്കു ചിറകുകൾ മുളയ്ക്കുന്നതാണ്. ഡോ. ജോബിൻ എസ്. കൊട്ടാരം എന്ന ചെറുപ്പക്കാരൻ തുടങ്ങി വച്ച ചിത്രശലഭം പ്രോജക്ടിൽ പങ്കെടുത്തതോടെ അവൾ പറന്നത് സിവിൽ സർവീസിന്റെ ഉയരങ്ങളിലേക്ക്.
സെറിബ്രൽ പാൾസി ബാധിച്ച ശാരിക തന്നെ കാണാനെത്തുന്നവരുടെ കണ്ണുകളിൽ നിറയുന്ന സഹതാപഭാവം കണ്ട് മടുത്തുപോയിരുന്നു. വീട്ടിലിരുന്നു ചെയ്യാവുന്ന ഐടി പോലെ എന്തെങ്കിലും കോഴ്സ് പഠിക്കാനായിരുന്നു കൊയിലാണ്ടി സ്വദേശിനി ശാരികയെ പലരും ഉപദേശിച്ചത്. എന്നാൽ, ശലഭം പ്രോജക്ട് ശാരികയുടെ ജീവിതമിപ്പോൾ എത്തിച്ചിരിക്കുന്നതു ഭരണചക്രം തിരിക്കുന്ന ഇന്ത്യൻ സിവിൽ സർവീസിലാണ്. അസാധ്യമെന്നു കരുതിയത് നേടിയെടുക്കാൻ ഷെറിനും ശാരികയ്ക്കുമൊക്കെ കരുത്തേകിയത് ചങ്ങനാശേരി സ്വദേശി ജോബിൻ ആരംഭിച്ച ചിത്രശലഭം എന്ന സൗജന്യ സിവിൽ സർവീസ് പരീശീലന പദ്ധതിയാണ്.
ഐഎഎസ്, ഐഎഫ്എസ് അടക്കമുള്ള ഇന്ത്യന്‍ സിവില്‍ സര്‍വീസിലൂടെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ ഇന്ത്യയുടെ നേതൃരംഗങ്ങളില്‍ എത്തിക്കാന്‍ അബ്സൊല്യൂട്ട് ഐഎഎസ് അക്കാഡമിയുടെ സ്ഥാപകനായ ഡോ. ജോബിന് എസ്. കൊട്ടാരം ആരംഭിച്ച പദ്ധതിയാണ് പ്രോജക്ട് ചിത്രശലഭം.
മാറിമറിഞ്ഞ ജീവിതം
പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദത്തിനു പഠിക്കുമ്പോഴായിരുന്നു ഷെറിന് ഷഹാനയുടെ വിവാഹം. ഗള്‍ഫില്‍ എന്‍ജിനിയറാണെന്നു പറഞ്ഞു വിവാഹം കഴിച്ചയാള്‍ പത്താം ക്ലാസുപോലും പാസായിരുന്നില്ല. വിവാഹത്തിന്റെ ആദ്യദിനംതന്നെ അയാള്‍ ഷെറിന്റെ ശരീരം മുഴുവന്‍ ബ്ലേഡ് കൊണ്ട് വരഞ്ഞു ഷവറിന്റെ കീഴില്‍ കൊണ്ടിരുത്തി. തണുത്ത വെള്ളം മുറിവുകളിലേക്ക് ഇറ്റിറ്റു വീഴിച്ചു. ഷെറിന് വേദനകൊണ്ട് പുളയുന്നതു കാണുമ്പോള്‍ അയാള്‍ ആര്‍ത്തട്ടഹസിച്ചു. ഒരായിരം സ്വപ്നങ്ങളുമായി തുടങ്ങിയ ജീവിതം ദുരന്തവഴിയിലാണെന്നു തിരിച്ചറിഞ്ഞതോടെ സ്വന്തം വീട്ടിലേക്കു മടങ്ങി. വീട്ടിൽ വച്ച് ഉണങ്ങിയ തുണിയെടുക്കാൻ ടെറസിൽ കയറിയ ദിനം ഷെറിന്റെ ജീവിതം ആകെ തകർത്ത അടുത്ത ദുരന്തം തേടിയെത്തി. കാൽ തെറ്റി ടെറസിൽനിന്നു താഴേക്കു വീണു. ആ വീഴ്ച അവളെ എത്തിച്ചത് വീൽ ചെയറിൽ. പക്ഷേ, തോറ്റുമടങ്ങാൻ ഷെറിൻ തയാറായില്ല. വീല്‍ചെയറിലിരുന്ന് നെറ്റും ജെആര്‍എഫും പാസായി. ഇതിനിടെ, ഷെറിനെക്കുറിച്ച് ഒരു മാസികയില്‍ ഒരു ഫീച്ചർ വന്നു.
ഇതു കണ്ട ഡോ. ജോബിന് എസ്. കൊട്ടാരം ഷെറിന് ഷഹാനയെ പ്രോജക്ട് ചിത്രശലഭത്തിലേക്കു ക്ഷണിച്ചു. എന്നാൽ, ഷെറിന് തീരെ ആത്മവിശ്വാസം ഇല്ലായിരുന്നു. ഇതാണ് എന്റെ അവസ്ഥ. എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, എന്നെക്കൊണ്ട് എന്താകാൻ എന്നായിരുന്നു അവളുടെ ആദ്യ ചോദ്യം. എന്നാൽ, ഞങ്ങളെല്ലാം ഒപ്പമുണ്ട്. നമുക്ക് ഒരുമിച്ച് ലക്ഷ്യത്തിലേക്കു കുതിക്കാമെന്നു ജോബിൻ മറുപടി നൽകി. ആ പ്രചോദനത്തിൽ 2022ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ മൂന്നു കടമ്പകളായ പ്രിലിമിനറി, മെയിന്‍സ്, ഇന്റര്‍വ്യൂ എന്നിവയെല്ലാം ഷെറിൻ പാസായി. വീല്‍ചെയർ ഒാടിച്ചു സിവില്‍ സര്‍വീസിലെത്തി ഷെറിന് ചരിത്രം തിരുത്തിക്കുറിച്ചു.
വയനാട് സ്വദേശിനിയായ ഷെറിനിപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ സര്‍വീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ്. രാഹുല്‍ഗാന്ധിയടക്കമുള്ള നിരവധി വിഐപികള്‍ ഷെറിനെ നേരിട്ടു കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു. ബിബിസിയടക്കമുള്ള ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളും ഷഹാനയുടെ അഭിമുഖങ്ങള്‍ പ്രസിദ്ധീകരിച്ചു.
സെറിബ്രല്‍ പള്‍സി തോറ്റു
സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസിലെത്തുന്ന ആദ്യ വനിത എന്ന കൈയൊപ്പുമായാണ് എ.കെ. ശാരിക പറന്നത്. പ്രോജക്ട് ചിത്രശലഭത്തില്‍ കാഴ്ചപരിമിതിയുള്ളവരും മസ്കുലാര്‍ ഡിസ്ട്രോഫിയുള്ളവരും കേള്‍വി പരിമിതിയുള്ളവരും മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റിയുള്ളവരും ബൗദ്ധിക ഭിന്നശേഷിയുള്ളവരുമൊക്കെയുണ്ട്. സിവില്‍ സര്‍വീസിനു പുറമേ ഈ പദ്ധതിയിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലും കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലും ബാങ്കുകളിലുമൊക്കെ ഉയര്‍ന്ന ഉദ്യോഗസ്ഥരായി മാറിക്കഴിഞ്ഞു. കോളജുകളില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരായി ജോലി നേടിയവരുമുണ്ട്. ഇവരും ഭാവിയില്‍ സിവില്‍ സര്‍വീസ് തന്നെയാണ് ലക്ഷ്യമിടുന്നത്.
ശലഭം പദ്ധതിയിലേക്ക്
ഇന്ത്യയില്‍ 2.6 കോടി ഭിന്നശേഷിക്കാരുണ്ട്. അവരില്‍ 85 ശതമാനവും തൊഴില്‍രഹിതർ. സിവില്‍ സര്‍വീസ് അടക്കമുള്ള നേതൃരംഗങ്ങളിൽ അവരുടെ പ്രാതിനിധ്യം തുലോം തുച്ഛം. സ്വിറ്റ്സര്‍ലന്‍ഡിലെ ജനസംഖ്യ ഏതാണ്ട് 88 ലക്ഷവും പോര്‍ട്ടുഗലിലെ ജനസംഖ്യ ഒരു കോടി രണ്ടു ലക്ഷവുമാണ്. അതായത് നിരവധി രാജ്യങ്ങളിലെ മൊത്ത ജനസംഖ്യയേക്കാള്‍ കൂടുതലാണ് ഇന്ത്യയിലെ ഭിന്നശേഷിക്കാരുടെ എണ്ണം. ഈ തിരിച്ചറിവില്‍ നിന്നാണ് മൂന്നു വര്‍ഷം മുമ്പ് ഡോ. ജോബിന് ഈ പദ്ധതിക്കു രൂപം നല്‍കിയത്. ഇന്ത്യയിലെ 10 സംസ്ഥാനങ്ങളില്‍നിന്നായി ഭിന്നശേഷിക്കാരായ 110 വിദ്യാര്‍ഥികള്‍ അബ്സൊല്യൂട്ട് ഐഎഎസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പരിശീലനം നേടിവരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓഫ്ലൈനായും ഓണ്‍ലൈനായുമാണ് ഈ പരിശീലനം. ചിത്രശലഭം പദ്ധതി ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ജോബിന്റെ സ്വപ്നം.
പ്രചോദനം സൂപ്പര്‍ 30
ബിഹാറില്‍ 30 വിദ്യാര്‍ഥികള്‍ക്കു സൗജന്യ പരിശീലനം നല്കി ഐഐടിയില്‍ എത്തിക്കുന്ന പത്മശ്രീ അവാര്‍ഡ് ജേതാവ് ആനന്ദ്കുമാറിന്റെ സൂപ്പര്‍ 30 എന്ന പദ്ധതിയാണ് ചിത്രശലഭം തുടങ്ങാന്‍ ഡോ. ജോബിന് പ്രചോദനമായത്. വ്യക്തികളില്‍നിന്നോ സംഘടനകളില്‍നിന്നോ സര്‍ക്കാരില്‍നിന്നോ യാതൊരുവിധ ധനസഹായവും പറ്റാതെയാണ് സൂപ്പര്‍ 30 പ്രവര്‍ത്തിക്കുന്നത്. ഇതേ മാതൃകയില്‍ ആരില്‍നിന്നും ഒരു രൂപ പോലും വാങ്ങാതെയാണ് ചിത്രശലഭം മുന്നോട്ടുനീങ്ങുന്നതെന്നു ജോബിൻ പറയുന്നു.
അമ്പത്തിയഞ്ചോളം പുസ്തകങ്ങളുടെ രചയിതാവായ ജോബിന് റോയല്റ്റിയില്നിന്നും പ്രഭാഷണങ്ങളില്‍നിന്നും കിട്ടുന്ന വരുമാനവും ഈ വിപ്ലവപദ്ധതിക്കായി മാറ്റിവയ്ക്കുന്നു.
അവിചാരിതമായ അംഗീകാരം
അവിചാരിതമായ ഒരു അംഗീകാരവും ഈ ചെറുപ്പക്കാരനെ തേടിയെത്തി. പ്രമുഖ ഇംഗ്ലീഷ് ടെലിവിഷന്‍ ചാനലായ സിഎന്‍എന്‍ ന്യൂസ് 18 ഇന്ത്യയെ മാറ്റാന്‍ കഴിവുള്ള 20 വ്യക്തികളിലൊരാളായി ഡോ. ജോബിന് എസ്. കൊട്ടാരത്തെ തെരഞ്ഞെടുത്തു. മുംബൈയിലെ ബാന്ദ്ര കുര്‍ളയിലെ ട്രൈഡന്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മുംബൈ സിറ്റി പോലീസ് കമ്മീഷണറുമടക്കമുള്ള നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുത്ത ചടങ്ങില്‍ ചേഞ്ച് മേക്കര്‍ ഓഫ് ഇന്ത്യ അവാര്‍ഡ് ജോബിന് ഏറ്റുവാങ്ങി.
തനിക്ക് നഷ്ടമായ സിവില്‍ സര്‍വീസ്
തനിക്കു നഷ്ടമായ സിവിൽ സർവീസ് മറ്റുള്ളവര്‍ക്ക് ലഭിക്കണമെന്ന ആഗ്രഹമാണ് ജോബിനെ നയിക്കുന്നത്. ഭാരതീയര്‍ യൂണിവേഴ്സിറ്റിയില്‍നിന്നു സ്ട്രാറ്റജിക് മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടിയ ജോബിനു ഹ്യൂമന്‍ റിസോഴ്സസ് മാനേജ്മെന്റിലും സൈക്കോളജിയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദങ്ങളുണ്ട്. സ്ട്രാറ്റജിക് ഹ്യൂമന്‍ റിസോഴ്സസ് മാനേജ്മെന്റിലാണ് എംഎഫില്‍. 2010ലെ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയെഴുതി 2011ല്‍ ഇന്റര്‍വ്യൂവിൽ കേവലം രണ്ട് മാര്‍ക്കിനു സിവില്‍ സര്‍വീസ് നഷ്ടപ്പെട്ടയാളാണ് ഡോ. ജോബിന് എസ്. കൊട്ടാരം. ആ നഷ്ടം മറ്റുള്ളവരുടെ നേട്ടമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
ചങ്ങനാശേരി ഇത്തിത്താനം പ്ലസന്റ് വാലിയിലാണ് ഡോ. ജോബിന് എസ്. കൊട്ടാരം ഭാര്യ ക്രിസ്റ്റിക്കും മക്കളായ എയ്ഡന്‍, നോവ എന്നിവര്‍ക്കുമൊപ്പം താമസിക്കുന്നത്. ജര്‍മന്‍ പൗരത്വമുള്ളവരാണ് ഭാര്യയും മക്കളും. ധീരതയ്ക്കുള്ള ഇന്ത്യന്‍ പ്രസിഡന്റിന്റെ ജീവന് രക്ഷാപഥക്ക് അവാര്‍ഡ് ജേതാവും സൈക്കോളജിസ്റ്റും പ്രചോദനാത്മക പ്രഭാഷകനുമായ ഡോ. സെബിന് എസ്. കൊട്ടാരം ഏക സഹോദരനാണ്.
ബെന്നി ചിറയില്‍