നമ്മുടെ താരാപഥത്തിനു പുറത്ത്, സ്ഫോടനത്തിന്റെ (സൂപ്പർനോവ- ഭീമൻ നക്ഷത്രങ്ങൾ അവയുടെ പരിണാമത്തിന്റെ അന്ത്യഘട്ടത്തിൽ അത്യധികം പ്രകാശമാനത്തോടെ പൊട്ടിത്തെറിക്കുന്ന പ്രതിഭാസം) വക്കിലെത്തി നിൽക്കുന്ന നക്ഷത്രത്തിന്റെ ചിത്രം പകർത്തി ശാസ്ത്രലോകം. നക്ഷത്രസ്ഫോടനത്തിനു മുന്പുള്ള അപൂർവചിത്രമാണിത്. മുട്ടയുടെ ആകൃതിയിലാണ് നക്ഷത്രം. കൊക്കൂണി (പ്രാണികൾ അവയുടെ മുട്ട സംരക്ഷിക്കാൻ നെയ്തെടുക്കുന്ന കവചം) നുള്ളിലെന്നപോലെ അണ്ഡാകൃതിയിലാണ് നക്ഷത്രത്തെ കാണാൻ കഴിയുന്നത്.
സൂപ്പർനോവയിൽ എത്തിനിൽക്കുന്ന ഒരു നക്ഷത്രത്തിന്റെ വിശദമായ ചിത്രം ആദ്യമായാണ് ശാസ്ത്രജ്ഞർ വിജയകരമായി പകർത്തിയത്. WOH G64 എന്നറിയപ്പെടുന്ന നക്ഷത്രം, ഭൂമിയിൽനിന്ന് 160,000 പ്രകാശവർഷം അകലെ, മഗല്ലനിക് ക്ലൗഡ്-ൽ ആണ് സ്ഥിതിചെയ്യുന്നത്. വാതകവും പൊടിയും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്ന നക്ഷത്രം. വലിയ കോസ്മിക് സ്ഫോടനത്തിനു മുന്പ് ചുവന്ന സൂപ്പർജയന്റ് ആയി അതു മാറിയിരിക്കുന്നു.
രണ്ടായിരം മടങ്ങ്
"ആദ്യമായി, നമ്മുടെ ക്ഷീരപഥത്തിനു പുറത്തുള്ള ഒരു ഗാലക്സിയിൽ സൂപ്പർനോവയുടെ ഘട്ടത്തിലെത്തിനിൽക്കുന്ന നക്ഷത്രത്തിന്റെ സൂം-ഇൻ ഇമേജ് എടുക്കുന്നതിൽ ഞങ്ങൾ വിജയിച്ചു'- ചിലിയിലെ യൂണിവേഴ്സിഡാഡ് ആൻഡേഴ്സ് ബെല്ലോയിലെ ജ്യോതിശാസ്ത്രജ്ഞൻ കെയ്ചി ഒഹ്നക പറഞ്ഞു. യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയുടെ (ESO) വെരി ലാർജ് ടെലിസ്കോപ്പ് ഇന്റർഫെറോമീറ്റർ (VLTI) ഉപയോഗിച്ചാണ് WOH G64 പിടിച്ചെടുത്തത്. സൂര്യന്റെ ഏകദേശം രണ്ടായിരം മടങ്ങ് വലിപ്പമുള്ള WOH G64, ഒരു നക്ഷത്രത്തിന്റെ ജീവിതചക്രത്തെക്കുറിച്ചും അത് എങ്ങനെ ഒരു ആകർഷണീയമായ ആഘാതത്തോടെ പുറത്തുവരുന്നു എന്നതിനെക്കുറിച്ചും ഉൾക്കാഴ്ച നൽകുന്നു.
നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള കൊക്കൂൺ സൂപ്പർനോവ സ്ഫോടനത്തിനു മുമ്പ് നക്ഷത്രത്തിൽനിന്നുള്ള ദ്രവ്യത്തിന്റെ ശക്തമായ പുറന്തള്ളലുമായി ഇതു ബന്ധപ്പെട്ടിരിക്കാം- ഒഹ്നക കൂട്ടിച്ചേർത്തു. രണ്ടു പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞർ ഈ നക്ഷത്രത്തെക്കുറിച്ചു പഠിക്കുന്നു. 2005ലും 2007ലും ഒഹ്നകയും സംഘവും ചിലിയിലെ അറ്റകാമ മരുഭൂമിയിലെ ESOയുടെ VLTI ഉപയോഗിച്ച് ഈ നക്ഷത്രത്തിന്റെ സവിശേഷതകളെക്കുറിച്ചു പഠിച്ചിരുന്നു.
എങ്കിലും നക്ഷത്രത്തിന്റെ യഥാർഥ ചിത്രം അവ്യക്തമായി തുടർന്നു. VLTI-യുടെ രണ്ടാം തലമുറ ഉപകരണം വികസിപ്പിച്ചതിനു ശേഷമാണ് WOH G64 ന്റെ ആദ്യത്തെ വിശദമായ ചിത്രം എടുത്തത്.
സൂപ്പർനോവ സംഭവിക്കുന്പോൾ സൂര്യൻ 100 കോടി വർഷംകൊണ്ടു പുറത്തുവിടുന്ന ഊർജത്തിനു സമാനമായ ഊർജം പുറത്തുവിടുമെന്നു കരുതുന്നു. സ്ഫോടനമുണ്ടാക്കുന്ന പ്രകാശതീവ്രത നിരവധി ആഴ്ചകളോളം, ചിലപ്പോൾ മാസങ്ങളോളം ഈ നക്ഷത്രം ഉൾക്കൊള്ളുന്ന താരാപഥത്തിന്റെ പ്രകാശതീവ്രതയെപോലും വെല്ലും.
പി.ടി. ബിനു