പൊയ്ക്കാലിൽ നടക്കുന്ന മനുഷ്യരെ സർക്കസിലും ഘോഷയാത്രകളിലും ധാരാളം കണ്ടിട്ടുണ്ടാകും. എന്നാൽ, നൂറ്റാണ്ടുകളായി പൊയ്ക്കാലിൽ നടക്കുന്ന ഒരു ജനവിഭാഗത്തെ സങ്കല്പിക്കാൻ കഴിയുമോ..? അങ്ങനെയൊരു ജനവിഭാഗമുണ്ട്, എത്യോപ്യയിൽ! എത്യോപ്യയിലെ ബന്ന ഗോത്രവിഭാഗമാണ് പത്തടിയോളം ഉയരമുള്ള രണ്ടു കന്പിൽ ചവിട്ടി നടക്കുന്നത്. ആർക്കും അപ്രായോഗികമായി തോന്നിയേക്കാവുന്ന, ലോകം മുഴുവൻ കൗതുകത്തോടെ നോക്കുന്ന പൊയ്ക്കാൽനടത്തം (സ്റ്റിൽറ്റ് വാക്കിംഗ്) ബന്നക്കാരെ സംബന്ധിച്ചിടത്തോളം വളരെ ലളിതമായ ജീവിതചര്യ മാത്രമാണ്.
വിഷപ്പാന്പുകളെ തുരത്താൻ
വിഷമുള്ള പാമ്പുകളിൽനിന്നു സ്വയം പരിരക്ഷ നേടാൻ ബന്ന ഗോത്രക്കാർ സ്വീകരിച്ച മുൻകരുതലുകളുടെ ഭാഗമാണ് പൊയ്ക്കാൽനടത്തം - എന്ന അടിക്കുറിപ്പോടെ അടുത്തിടെ എക്സിൽ പ്രത്യക്ഷപ്പെട്ട വീഡിയോ വൻ തരംഗമായി മാറിയിരുന്നു. വിഷപ്പാന്പുകൾ വ്യാപകമായ പ്രദേശമാണിത്. നിരപ്പായ റോഡിലൂടെ മാത്രമല്ല, കുന്നുകളിലൂടെയും പാറക്കെട്ടുകളിലൂടെയും ബന്ന യുവാക്കൾ പൊയ്ക്കാലിൽ നടന്നുപോകുന്ന കാഴ്ച അതിശയിപ്പിക്കുന്നതാണ്. ചുവടുകൾ പിഴയ്ക്കാതെ, എളുപ്പത്തിൽ പാറക്കെട്ടുകളും കുന്നുകളും അവർ കയറിയിറങ്ങുന്നു.
ടെയ്ൽസ് ഓഫ് ആഫ്രിക്ക എന്ന വെബ്സൈറ്റ് പറയുന്നതനുസരിച്ച്, ബന്ന ഗോത്രക്കാർക്കിടയിലെ സ്റ്റിൽറ്റ് വാക്കിംഗിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. അതവരുടെ സാംസ്കാരിക സ്വത്വത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. ചതുപ്പുനിലങ്ങളിലൂടെ സഞ്ചരിക്കാനും നദികൾ മുറിച്ചുകടക്കാനും ചെളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ അനായാസം സഞ്ചരിക്കാനും പൊയ്ക്കാൽ ഉപയോഗിക്കുന്നു.
വർഷങ്ങളുടെ പരിശീലനം
പ്രഗല്ഭനായ പൊയ്ക്കാൽനടത്തക്കാരൻ ആകണമെങ്കിൽ വർഷങ്ങളുടെ അർപ്പണബോധവും പരിശീലനവും ശാരീരികക്ഷമതയും ആവശ്യമാണ്. വെറും നടത്തത്തിനപ്പുറം, ബന്നക്കാർ സ്റ്റിൽറ്റ് നടത്തത്തെ ഒരു കലാരൂപത്തിലേക്കുയർത്തി. പൊയ്ക്കാലിൽ നൃത്തം ചെയ്യാൻ അവർക്കു കഴിയും. ഉയരത്തിൽ തൊഴിക്കാനും ചാടാനും അവർക്കു കഴിയുന്നു. പൊയ്ക്കാൽ നടത്തത്തിനുമുന്പ് കണങ്കാലിനു ചുറ്റും മണികൾ ധരിക്കുന്നു.
അവർ നടന്നുനീങ്ങുമ്പോൾ ദൃശ്യപരവും ശ്രവണപരവുമായ അനുഭവമാണു മറ്റുള്ളവർക്കുണ്ടാകുന്നത്. പാരന്പര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും വ്യത്യസ്തതയുള്ള ബന്നാഗോത്രം കാക്കോ ടൗണിന് സമീപമുള്ള ചാരി പർവതത്തിനു ചുറ്റുമുള്ള പ്രദേശത്തും ഡിമേക്കയ്ക്കു സമീപമുള്ള സവന്ന പ്രദേശത്തും വസിക്കുന്ന കാർഷിക ജനതയാണ്. തേനീച്ചകളെ വളർത്തലിൽ പേരുകേട്ടവരാണു ബന്നക്കാർ. പശു, ആട് വളർത്തലും ഇവരുടെ ജീവനോപാധിയാണ്.