പ്രിയപ്പെട്ട സ്ഥലങ്ങളുടെ ഓർമയ്ക്കായി, ആ നാടിന്റെ തനതു വസ്തുക്കൾ വാങ്ങി വീട്ടിൽ കൊണ്ടുപോകുന്ന ശീലം പല സഞ്ചാരികൾക്കുമുണ്ട്. കൗതുക വസ്തുക്കളും ചിത്രങ്ങളും ഫോട്ടോകളുമൊക്കെ ഇതിൽപ്പെടും.
എന്നാൽ, റോമൻ കാലഘട്ടം മുതൽ പ്രഭുക്കന്മാരുടെയും സമ്പന്നരുടെയും പ്രശസ്ത വിശ്രമകേന്ദ്രമായ ഇറ്റലി ലോംബാർഡിയിലെ ലേക് കോമോ, സന്ദർശിച്ചു മടങ്ങുന്നവരിലേറെയും വാങ്ങുന്നത് എന്താണെന്നറിഞ്ഞാൽ അദ്ഭുതം തോന്നും! മറ്റൊന്നുമല്ല, കുപ്പിയിലാക്കിയ "തടാകത്തിലെ വായു'വാണു സഞ്ചാരികൾ വാങ്ങിക്കൊണ്ടുപോകുന്നത്! വിനോദസഞ്ചാരികളുടെ എണ്ണം കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. ലോംബാർഡി ടൂറിസം ബ്യൂറോയുടെ കണക്കനുസരിച്ച് 2023ൽ 56 ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഇവിടെയെത്തിയത്.
തടാകതീരം
ഗാർദാ തടാകത്തിനും മജോരെ തടാകത്തിനും ശേഷം ഇറ്റലിയിലെ മൂന്നാമത്തെ വലിയ തടാകമാണ് കോമോ. 146 ചതുരശ്ര കിലോമീറ്റർ ആണ് വിസ്തീർണം. യൂറോപ്പിലെ അഞ്ചാമത്തെ ആഴമേറിയ തടാകമെന്ന പ്രത്യേകതയും കോമോയ്ക്കുണ്ട്.
കോമോയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ "Y" ആകൃതിയാണ്. വില്ല ഓൾമോ, വില്ല സെർബെല്ലോണി, വില്ല കാർലോത്ത തുടങ്ങി നിരവധി വില്ലകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. യുഎസ് നടനും സംവിധായകനുമായ ജോർജ് ക്ലൂണി, വിഖ്യാത ഗായിക മഡോണ, ഇറ്റാലിയൻ ഫാഷൻ ഡിസൈനറും മോഡലുമായ ഡൊണാറ്റെല്ല വെർസാചെ എന്നിവരുൾപ്പെടെ നിരവധി സെലിബ്രിറ്റികൾക്കു കോമോ തടാകത്തിന്റെ തീരത്ത് ആഡംബര ബംഗ്ലാവുകൾ ഉണ്ട്.
ടിന്നിലടച്ച ഒാർമ
ലേക് കോമോ പോസ്റ്ററുകൾ വില്ക്കുന്ന ഇ-കൊമേഴ്സ് സൈറ്റിന്റെ സ്രഷ്ടാവായ ഡേവിഡ് അബഗ്നലെയാണ് തടാകത്തിലെ വായു ടിന്നിലടച്ചു വില്പന എന്ന ആശയം വികസിപ്പിച്ചെടുത്തത്. സന്ദർശകർക്കു വീട്ടിലേക്കു കൊണ്ടുപോകാൻ രസകരവും യഥാർഥവും ഭാരക്കുറവുള്ളതുമായതുമായ "ഓർമച്ചെപ്പ്' ആയി "എയർ കാൻ' മാറി.
ഉപയോഗിച്ചുകഴിഞ്ഞാൽ കാൻ മനോഹരമായ പെൻ ഹോൾഡറായും ഉപയോഗിക്കാം. എന്നാൽ, ടിന്നിലടച്ച വായു വിൽക്കുന്ന ആദ്യത്തെ ഇറ്റാലിയൻ വിനോദസഞ്ചാരകേന്ദ്രം ലേക് കോമോ അല്ല. നേപ്പിൾസ് പോലുള്ള മറ്റു സ്ഥലങ്ങളിലും സമാനമായ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നുണ്ട്. ഇംഗ്ലണ്ട്, ഐസ്ലാൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ചില ടൂറിസ്റ്റ്കേന്ദ്രങ്ങളിൽ എയർ കാനുകൾ ലഭ്യമാണ്.
പി.ടി. ബിനു