കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടുക്കുന്ന പായൽപ്പരപ്പുകൾ, അപകടകാരികളായ മഞ്ഞുമലകൾ, കടൽക്കൊള്ളക്കാർ, ഏതു നിമിഷവും ഉണ്ടായേക്കാവുന്ന കാറ്റും മഴയും. കണ്ടാൽ ശാന്തമെന്നു തോന്നുന്ന കടലിലെ സ്ഥിരം ഭീഷണികളാണ് ഇതൊക്കെ. ഇക്കാര്യങ്ങൾ കൊണ്ടുതന്നെ ക്യാപ്റ്റൻ ജയിംസ് കുക്കിന്റെ സമുദ്രയാത്രകളും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.
370 ടൺ കേവ് ഭാരമുള്ള "എൻഡവർ' എന്ന കപ്പലിൽ കുക്ക് കുറെ ശാസ്ത്രജ്ഞരോടൊത്തായിരുന്നു ഗവേഷണ യാത്ര. 1769 ഏപ്രിൽ 13ന് താഹിതിയിലെത്തി. അവിടൊരു വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. തുടർന്നു ന്യൂസിലൻഡിലേക്കാണ് തിരിച്ചത്. ഒരു നൂറ്റാണ്ടിനുമുന്പ് ടാസ്മാന്റെ കപ്പൽ അവിടെ അടുത്തതിനു ശേഷം ഓസ്ട്രേലിയയിലേക്കു പോകാൻ ആരും മുതിർന്നിരുന്നില്ല. കുക്ക് ന്യൂസിലൻഡിനെ പ്രദക്ഷിണം വച്ചു ഭൂപ്രകൃതിയെപ്പറ്റി വിലപ്പെട്ട വിവരങ്ങൾ ശേഖരിച്ചു. പിന്നീട് അദ്ദേഹം ഓസ്ട്രേലിയ ലാക്കാക്കി സാഹസയാത്ര ചെയ്തു.
കുക്കിന്റെ സാഹസിക യാത്ര
പ്രശസ്തനായ ഇംഗ്ലീഷ് നാവികസഞ്ചാരിയാണ് ക്യാപ്റ്റൻ ജയിംസ് കുക്ക്. 1728 ഒക്ടോബർ 27ന് ജനിച്ച അദ്ദേഹം കച്ചവടക്കാരനാകാനുള്ള ചില പരിശീലനങ്ങൾ നേടി. 1755ൽ നാവികസേനയിൽ ചേർന്നു. മൂന്നു കപ്പലുകളിൽ മാസ്റ്ററായി ജോലി നോക്കി. ലാബ്രഡോറിനു സമീപമുള്ള കടലിനെപ്പറ്റിയും കനേഡിയൻ കരകളെപ്പറ്റിയും എഴുതിയ വിവരങ്ങളാണ് കുക്കിനെ റോയൽ സൊസൈറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ജ്യോതിശാസ്ത്ര പാണ്ഡിത്യമുണ്ടായിരുന്ന കുക്കിന് ലഫ്റ്റനന്റ് സ്ഥാനം ലഭിച്ചു. തുടർന്നു റോയൽ സൊസൈറ്റി ചില ഗവേഷണങ്ങൾ നടത്താൻ അദ്ദേഹത്തെ ക്ഷണിച്ചു.
അങ്ങനെയൊരു ഗവേഷണ യാത്രയിലാണ് അദ്ദേഹം കിഴക്കൻ ഓസ്ട്രേലിയൻ തീരത്തെത്തിയത്. അവിടെ അദ്ദേഹം തന്പടിച്ചു. ചില ഗവേഷണങ്ങൾ നടത്തി ന്യൂ സൗത്ത് വെയിൽസ് എന്നു സ്ഥലത്തിനു പേരിട്ടു. അവിടം ബ്രിട്ടീഷ് അധീനതയിൽ കൊണ്ടുവരാനുള്ള നീക്കം അവിടെ ആരംഭിച്ചെന്നു പറയാം.
മറ്റെവിടെയും കണ്ടിട്ടില്ലാത്ത തരം ജന്തുജീവികളെയാണ് ക്യാപ്റ്റൻ കുക്കിന് ഓസ്ട്രേലിയയിൽ കാണാനായത്. വിഷപ്പാന്പുകൾ ഉൾപ്പെടെ ധാരാളം ഇഴജന്തുക്കൾ. അവരെ ഏറ്റവും വിസ്മയിപ്പിച്ച കാഴ്ച ആ സഞ്ചിമൃഗമായിരുന്നു.
കാണാത്ത കങ്കാരു!
ആടിന്റേതു പോലുള്ള മുഖം, വലിയ ചെവികൾ, മുൻകാലുകളെ കൈകളെന്നു വിശേഷിപ്പിക്കാം, മനുഷ്യന്റെ കൈപോലെ. കുഞ്ഞിനെ എടുക്കാനും മല്ലിടാനുമൊക്കെ കൈകൾ ഉപകരിക്കുന്നു. കൈയിൽ അഞ്ചു വിരലുകൾ, ആവശ്യാനുസരണം മടക്കാനും നിവർക്കാനും പറ്റും. വിരലുകളിൽ കൂർത്ത നഖങ്ങളുമുണ്ട്. പിൻകാലുകൾ നീളമേറിയതും ബലവത്തുമാണ്. പുല്ലും കുറ്റിച്ചെടികളുമാണ് തീറ്റ. വിശ്രമത്തിനായി തട്ടിക്കൂട്ടിയ റെഡിമെയ്ഡ് ഏറുമാടത്തിലിരുന്ന് കുക്ക് കങ്കാരുവിനെ സൂക്ഷ്മമായി നിരീക്ഷിച്ചുപഠിച്ചു.
പുൽമേട്ടിലൂടെ വേഗത്തിലാണവ ചാടിപ്പോകുന്നത്. പിൻകാലുകളും വാലുമൊക്കെ ചാട്ടത്തിനു സഹായിക്കുന്നുണ്ട്. നിവർന്നിരിക്കുന്പോൾ താങ്ങാവുന്നതും കങ്കാരുവിന്റെ വാൽ തന്നെ. ശരാശരി 25 കിലോമീറ്റർ വേഗത്തിലാണ് ഓട്ടം. ആടിനെപ്പോലെ വലിയ നീന്തൽക്കാരല്ല കങ്കാരുക്കൾ. എന്നാൽ, ശത്രുഭീഷണിയുണ്ടായാൽ ജലാശയങ്ങൾ നീന്തിക്കടക്കാനും മടിക്കില്ല.
ഷെൽട്ടറിനടുത്തായി കങ്കാരുവിന് ഇഷ്ടഭോജനമായ കുറ്റിച്ചെടികൾ ധാരാളമുണ്ടായിരുന്നു. അതു തേടി കങ്കാരുക്കൾ വരുന്നുണ്ടായിരുന്നു. കുട്ടിക്കാലം കഴിഞ്ഞ ഒരു കങ്കാരു അധികം വൈകാതെ കുക്കിന്റെ ഷെൽട്ടറിനെ ചുറ്റിപ്പറ്റി വന്നുതുടങ്ങി. കുക്ക് ചില ആഹാരസാധനങ്ങൾ അതിന് ഇട്ടുകൊടുത്തു. തൊട്ടടുത്ത വിജനപ്രദേശത്തു കങ്കാരുക്കൾ കിടന്ന് അയവിറക്കുന്ന കാഴ്ചയുണ്ട്. രണ്ട് കങ്കാരു അമ്മമാർ സഞ്ചിയിൽ കുഞ്ഞുമായി നിൽക്കുന്നു.
അതിലൊരു അമ്മയുടെ വലിയ കുട്ടിയാണ് കുക്കിനോട് ഇഷ്ടം കൂടിയിരിക്കുന്നത്. അദ്ദേഹം അതിനെ "ഓസ്ട്രോ’’ എന്നു പേരിട്ടുവിളിച്ചു. മറ്റു കങ്കാരുക്കൾ അകന്നു പോകുന്പോഴും ഓസ്ട്രോ ലൊക്കേഷൻ വിട്ടില്ല.
ഇടയ്ക്ക് അമ്മക്കങ്കാരുവിന്റെ ഉദരസഞ്ചിയിൽനിന്നു കങ്കാരുക്കുഞ്ഞ് താഴേക്കിറങ്ങി നടക്കാനും ഓടാനും പഠിക്കുന്ന കാഴ്ച. ഇടയ്ക്ക് എന്തോ അപകടസൂചന കിട്ടിയപ്പോൾ ഞൊടിനേരംകൊണ്ട് അത് ഓടിവന്ന് അമ്മയുടെ ഉദരസഞ്ചിക്കുള്ളിൽ അഭയം തേടുന്നു. തല പുറത്തേക്കിട്ടു പതിയിരിക്കുന്ന കങ്കാരുക്കുഞ്ഞ്. അമ്മയെ പിരിയാനാകാത്തവരാണ് കങ്കാരുക്കുഞ്ഞുങ്ങൾ. ഉദരത്തോടു ചേർന്നു കാണുന്ന മാർസൂപ്പിയം എന്ന സഞ്ചിയുള്ള സസ്തനികളെ മാർസൂച്ചിയലുകൾ അഥവാ പൗച്ച്ഡ് മാമൽസ് എന്നറിയപ്പെടുന്നു.
ഒാസ്ട്രോയുടെ യാത്ര
ക്യാപ്റ്റൻ കുക്കിന് ഏറെ ആകാംക്ഷ ഉണ്ടാക്കുന്ന കാര്യങ്ങളാണ് പിന്നെ നടന്നത്. ഓസ്ട്രോ അദ്ദേഹത്തിന്റെ വരുതിയിലായി. അദ്ദേഹം അതിനെ ലാളിച്ചു. മടിയിൽകിടത്തി ഓമനിച്ചു. കുക്കിനും കൂട്ടർക്കും ആ വലിയ ദ്വീപ് വിടേണ്ട സമയമായി. കപ്പൽ സജ്ജമായി തീരത്തു കിടക്കുന്നു. അവർ സാമഗ്രികളുമായി കപ്പലിൽ കയറി. ഓസ്ട്രോയെയും കൊണ്ടാണ് കുക്ക് കപ്പലിലേക്കു കയറിയത്. കങ്കാരുക്കൾ പരസ്പരം ഉമ്മ കൊടുക്കുന്ന ചാരുതയാർന്ന കാഴ്ച പ്രസിദ്ധമാണ്. അതുപോലെ ഓസ്ട്രോ കുക്കിനു മുത്തമിട്ടുകൊണ്ടിരുന്നു.
പെട്ടെന്നാണ് ഓസ്ട്രോയുടെ അമ്മ അവിടെ പ്രത്യക്ഷപ്പെട്ടത്. അടിവയറ്റിലെ പൗച്ചിൽ രണ്ടാമത്തെ കുഞ്ഞിനെയാക്കി ആ അമ്മ ഓസ്ട്രോയെ നോക്കി നിലവിളിക്കുന്നു. ദയനീയമായിരുന്നു ആ കരച്ചിൽ! കപ്പൽ തീരം വിടുകയാണ്. ആ അമ്മ നിലവിളിച്ചുകൊണ്ട് തീരത്തേക്ക് ഓടിയണഞ്ഞു. പൗച്ചിലെ പൊടിക്കുഞ്ഞും കരയുന്നുണ്ട്. പിന്നെ താമസിച്ചില്ല. കുക്കിന്റെ നിർദേശപ്രകാരം കപ്പൽ തീരത്തേക്ക് അടുപ്പിച്ചു.
ഓസ്ട്രോയെ തീരത്തേക്കു വിട്ടു. കുട്ടിക്കങ്കാരുവിനെ അമ്മയ്ക്കുതന്നെ വിട്ടുകൊടുത്തുകൊണ്ട് ക്യാപ്റ്റൻ കുക്ക് യാത്രയായി. തീരത്ത് അമ്മയോടൊപ്പം നിന്ന ഓസ്ട്രോയുടെ ഉദ്വേഗം നിറഞ്ഞ കണ്ണുകൾ അകലുന്ന പായ്ക്കപ്പലിലായിരുന്നു.
ഓസ്ട്രോയുടെ പേരിനെ ഒാർമിച്ചാണ് ക്യാപ്റ്റൻ ആ വലിയ ദ്വീപിന് ഓസ്ട്രേലിയ എന്നു പേരിട്ടതെന്നു ചരിത്രകഥ!
മാത്യൂസ് ആർപ്പൂക്കര