മരണാനന്തര ജീവിതം സംബന്ധിച്ച വിശ്വാസങ്ങള്‍ക്കു മനുഷ്യവംശത്തിന്റെ അത്രയുംതന്നെ പ്രായമുണ്ട്. മരിക്കുന്ന പ്രിയപ്പെട്ടവര്‍ക്കായി ബന്ധുക്കള്‍ ആയിരക്കണക്കിനു കൊല്ലങ്ങള്‍ മുമ്പേതന്നെ ശവകുടീരങ്ങളും സ്മാരകങ്ങളും നിര്‍മിക്കാന്‍ തുടങ്ങിയിരുന്നു. ഈജിപ്തിലെ പിരമിഡുകള്‍ മുതല്‍ ഇന്ത്യയില്‍ താജ്മഹലും ഹുമയൂണിന്റെ ശവകുടീരവുമെല്ലാം ഈ ഗണത്തില്‍പ്പെടുന്ന നിര്‍മിതികളാണ്.
താജ്മഹലിനോളം പ്രശസ്തമല്ലെങ്കിലും വാസ്തുകലാ വൈദഗ്ധ്യത്തിന്റെ അതുല്യതകൊണ്ട് ആളുകളെ വിസ്മയിപ്പിക്കുന്ന ഒരു ശവകുടീരമാണ് കര്‍ണാടകയിലെ ബീജാപൂരിലുള്ള ഗോള്‍ ഗുംബസ്.
ആദില്‍ഷാ രാജവംശത്തിലെ ഏഴാമത്തെ സുല്‍ത്താനായിരുന്ന മുഹമ്മദ് ആദില്‍ഷാ 17-ാം നൂറ്റാണ്ടിന്റെ പകുതിയിലാണ് ഈ മനോഹര നിര്‍മിതി പണികഴിപ്പിച്ചത്. ആദില്‍ ഷാ രാജവംശത്തിന്റെ ഏറ്റവും മഹത്തായ നിര്മിതികളിലൊന്നായാണ് ഗോള്‍ ഗുംബസ് വിലയിരുത്തപ്പെടുന്നത്.
ലോകത്തെ മന്ദിരങ്ങളില്‍ ഇന്നോളം നിര്മിക്കപ്പെട്ടതില് വച്ചേറ്റവും വലിയ രണ്ടാമത്തെ താഴികക്കുടം എന്ന സവിശേഷതയും ഗോള്‍ ഗുംബസിന് അവകാശപ്പെട്ടതാണ്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ താഴികക്കുടം മാത്രമാണ് ഇതിലും വലുതായുള്ളത്.
350ലേറെ വര്‍ഷത്തെ ചരിത്രമാണ് ഈ വാസ്തുവിസ്മയത്തിനു പറയാനുള്ളത്. ജീവിച്ചിരിക്കുമ്പോള്‍തന്നെ തനിക്ക് ഒരു ശവകുടീരം വേണമെന്ന മുഹമ്മദ് ആദില്‍ഷായുടെ ചിന്തയുടെ ഫലമായാണ് ഗോള്‍ ഗുംബസിന്റെ പിറവി.
തീരുംമുന്പേ മരണം
മുഹമ്മദ് ആദില്‍ഷാ സിംഹാസനസ്ഥനായതിനു പിന്നാലെ 1626ലാണ് ശവകുടീരത്തിന്റെ നിര്‍മാണം ആരംഭിച്ചത്. മൂന്നു പതിറ്റാണ്ടിനു ശേഷം 1656ലാണ് പൂര്‍ത്തിയായത്. ശവകുടീരത്തിന്റെ നിര്‍മാണം തീരുന്നതിനു തൊട്ടു മുമ്പ് ആദില്‍ ഷാ അന്ത്യശ്വാസം വലിച്ചു എന്നതാണ് ചരിത്രം.
ശവകുടീരത്തിനു ഗോള്‍ ഗുംബസ് എന്ന പേര് വന്നത് ഗോള്‍ ഗുംബധ് അഥവാ ഗോള്‍ ഗുമ്മട്ട എന്ന വാക്കില്‍ നിന്നാണെന്നു കരുതപ്പെടുന്നു. വൃത്താകാരത്തിലുള്ള മകുടം എന്നാണ് ഈ വാക്കിന്റെ അര്‍ഥം.
ഭീമാകാരമായ താഴികക്കുടം തന്നെയാണ് ഈ നിര്‍മിതിയുടെ ഏറ്റവും വലിയ ആകര്‍ഷണവും. സുല്‍ത്താന്റെ ഭൗതികാവശിഷ്ടങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യമാരായ താജ് ജഹാന് ബീഗം, അരൂസ് ബീബി, ചെറുമകന്, മകള്‍, വെപ്പാട്ടിയായ രംഭ എന്നിവരുടെയും സ്മൃതിമണ്ഡപങ്ങള്‍ ഇവിടെ കാണാം.
ഡെക്കാന്‍ ഇന്തോ-ഇസ്ലാമിക് വാസ്തുകലയുടെ മകുടോദാഹരണമാണ് ഗോള്‍ ഗുംബസ്. കൃഷ്ണശിലകളാല്‍ പണിത മന്ദിരത്തിന് 51 മീറ്ററാണ് ഉയരം. താഴികക്കുടത്തിന്റെ വ്യാസം 44 മീറ്റര്‍.
പ്രതിധ്വനി അദ്ഭുതം
പ്രധാന ഭാഗത്തിന്റെ നാലു മൂലകളിലുമായി സ്ഥിതിചെയ്യുന്ന ഗോപുരങ്ങള്‍ ഏഴു നിലകളോടു കൂടിയതാണ്. ഇവയുടെ ഉള്‍ഭാഗത്തു മുകളിലേക്കു കയറാനുള്ള പടവുകളുമുണ്ട്. അകത്തളത്തിന്റെ മധ്യത്തിലായാണ് ശവകുടീരങ്ങള്‍. 18,000 ചതുരശ്ര മീറ്റര്‍ വിസ്തൃതി വരുന്ന മന്ദിരത്തിന്റെ അകത്തളം ലോകത്തെതന്നെ വലിപ്പമേറിയ ഉള്ളറകളിലൊന്നാണ്.
വാസ്തുവിദ്യയുടെ മികവ് പ്രകടമാക്കുന്ന മറ്റൊരു കാര്യം അകത്തളത്തിലെ പ്രതിധ്വനിയാണ്. ചെറിയ പിറുപിറുക്കല്‍ പോലും പ്രതിധ്വനിക്കും. ഏഴു തവണയെങ്കിലും മുഴങ്ങുന്ന പ്രതിധ്വനി പരീക്ഷിക്കാനായി മാത്രം ഇവിടെയെത്തുന്നവരും കുറവല്ല. ഭീമൻ താഴികക്കുടത്തെ താങ്ങിനിര്‍ത്താന്‍ ഒരു തൂണു പോലുമില്ലെന്നത് ഏവരെയും വിസ്മയിപ്പിക്കും. ഗോള്ഗുംബസിന്റെ നിര്‍മാണ വൈദഗ്ധ്യത്തിന്റെ നേർക്കാഴ്ചയാണിത്. മോസ്ക്, ധര്‍മശാല, നക്കര് ഖാന, മ്യൂസിയം, അതിമനോഹരമായ ഉദ്യാനം എന്നിവയാണ് ഗോള്‍ ഗുംബസ് സമുച്ചയത്തിലെ പ്രധാന കാഴ്ചകള്‍.
ദക്ഷിണേന്ത്യയിലെ താജ്മഹല്‍ എന്നും ചിലര്‍ ഗോള്‍ ഗുംബസിനെ വിളിക്കുന്നു. നിര്‍മിതിയുടെ പ്രധാന കവാടത്തിനടുത്ത് ഒരു കല്ല് തൂങ്ങിക്കിടക്കുന്നതു കാണാം. ബിജ് ലി പത്തര് (വൈദ്യുത ശില) എന്നാണ് അറിയപ്പെടുന്നത്.
ആദില്‍ഷാ സുല്‍ത്താന്റെ കാലത്തു ഭൂമിയില്‍ പതിച്ച ഒരു ഉല്‍ക്കാശിലയാണിത്. ഇടിമിന്നലില്‍നിന്നു ഗോള്‍ ഗുംബസിനെ സംരക്ഷിക്കാന്‍ ഈ ശിലയ്ക്കു കഴിയുമെന്നാണ് വിശ്വാസം. സ്വന്തം പേരില്‍ ട്രെയിനുള്ള ഇന്ത്യയിലെ അപൂര്‍വ സ്മാരകങ്ങളിലൊന്നാണ് ഗോള്‍ ഗുംബസ്. മൈസൂറില്‍നിന്നു സോലാപൂരിലേക്കു പോകുന്ന "ഗോള്‍ ഗുംബസ് എക്സ്പ്രസ്’ ബീജാപൂര്‍ വഴിയാണ് കടന്നുപോകുന്നത്.
നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള ഈ ശവകുടീരത്തിലേക്ക് നിരവധി സന്ദര്‍ശകര്‍ എത്തുന്നുണ്ട്.
അജിത് ജി. നായർ