ഒരു മണിക്കൂറിൽ താഴെ സമയമെടുത്ത് എഴുത്തും റിക്കാർഡിംഗും പൂർത്തിയാക്കിയതാണ് ബിഗ് ഡോഗ്സ് എന്ന ട്രാക്ക്. നാലുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഒറിജിനൽ മരണക്കിണർ സ്റ്റണ്ട് ആർട്ടിസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. തനതായ ശൈലിയിൽ ഹനുമാൻകൈൻഡ് തകർക്കുന്നു.
നൂറ്റാണ്ടിലേറെ പഴക്കമുണ്ട് മരണക്കിണർ അഭ്യാസത്തിന്. 1900-കളുടെ തുടക്കത്തിൽ അമേരിക്കയിൽ വ്യാപകമായ മോട്ടോർസൈക്കിൾ ബോർഡ് ട്രാക്കിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ആദ്യത്തെ കാർണിവൽ മോട്ടോർഡ്രോം പിറവിയെടുത്തത്- 1911ൽ ന്യൂയോർക്കിലെ കോണീ ഐലൻഡ് അമ്യൂസ്മെന്റ് പാർക്കിൽ.
ഏതാണ്ടു നാലുകൊല്ലംകൊണ്ട് ഇന്നുകാണുന്നവിധമുള്ള പോർട്ടബിൾ മരണക്കിണറുകൾ രൂപംകൊണ്ടു. വാൾ ഓഫ് ഡെത്ത് എന്ന പേരുംകിട്ടി. അധികംവൈകാതെ ഇന്ത്യയിലും പിന്നാലെ നമ്മുടെ നാട്ടിലുമെല്ലാം മരണക്കിണർ മുരൾച്ചകൾ പകർന്നു.
എന്തിനാണീ മരണക്കിണർ ചരിത്രം ചികയുന്നതെന്നു നോക്കിയാൽ ഉത്തരം അല്പം വിചിത്രമാണ്. ഇന്ത്യയിൽനിന്ന്, നമ്മുടെ കേരളത്തിലെ പൊന്നാനിയിൽനിന്ന് ഒരു മരണക്കിണർ ഇപ്പോൾ ലോകമെങ്ങും പ്രകന്പനംകൊള്ളിക്കുന്നു. മലയാളി വേരുകളുള്ള ഹനുമാൻകൈൻഡ് എന്ന റാപ്പറാണ് ഒരു മരണക്കിണർ പാട്ടുമായി കോടിക്കണക്കിനുപേരെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ലോകം മുഴുവൻ
ഹനുമാൻകൈൻഡിന്റെ ബിഗ് ഡോഗ്സ് എന്ന ട്രാക്ക് 6.61 കോടി തവണയാണ് ഈ കുറിപ്പ് തയാറാക്കുന്ന സമയംവരെ യുട്യൂബിൽ പ്ലേ ചെയ്യപ്പെട്ടിരിക്കുന്നത്- ഒന്നര മാസംകൊണ്ട്. ഗ്ലോബൽ ടോപ് മ്യൂസിക് വീഡിയോകളിൽ ഇപ്പോൾ നാലാം സ്ഥാനത്താണ് ഇതുള്ളത്.
ലോകപ്രശസ്ത അമേരിക്കൻ റാപ്പർ പ്രോജക്ട് റാറ്റ് ഉൾപ്പെടെയുള്ള വൻ സെലിബ്രിറ്റികൾ ഈ വീഡിയോ പങ്കുവയ്ക്കുന്നു. റിയാക്ഷൻ വീഡിയോകൾക്കുപോലും മില്യണ്കണക്കിനു വ്യൂസ് ലഭിക്കുന്നു. വൻ അത്ഭുതമായി മാറിക്കഴിഞ്ഞു ഹനുമാൻകൈൻഡ്.
ഒരു മരണക്കിണറിൽ ഓടുന്ന കാറിലും ബൈക്കിലും ലൈവ് സ്റ്റണ്ട് നടത്തിയാണ് ഹനുമാൻകൈൻഡ് ഈ റാപ്പ് അവതരിപ്പിച്ചിട്ടുള്ളത്. ലോകനിലവാരത്തിലുള്ള വീഡിയോ ചിത്രീകരിച്ചത് നമ്മുടെ പൊന്നാനിയിൽ. അണിയറയിൽ ഭൂരിഭാഗവും മലയാളികൾ.
ജൂലൈ പത്തിന് യുട്യൂബിൽ റിലീസ് ചെയ്ത ട്രാക്ക് ഇൻസ്റ്റന്റ് വൈറലായി. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ളവർ എത്തി കമന്റ് ചെയ്യുന്നു. ഞാൻ ഐറിഷ്, മൊറോക്കോ ഇവിടെ, ഞാൻ വിയറ്റ്നാമിൽനിന്ന്, സോമായിലയിൽനിന്ന്, ശ്രീലങ്ക, ഓസ്ട്രേലിയ... "ലോകംമുഴുവൻ തീയിട്ട രണ്ടാമത്തെ ഹനുമാൻ' എന്നു വിശേഷിപ്പിക്കുന്നു ഒരാൾ. "ലോകം മുഴുവൻ ഇവിടെ ഒന്നിച്ചെത്തിയതുപോലെ തോന്നുന്നു. എല്ലാവർക്കും സ്നേഹം' എന്ന് ഹനുമാൻകൈൻഡിന്റെ മറുപടി!
ആരാണിയാൾ
ജന്മംകൊണ്ടു മലയാളിയാണെങ്കിലും ഹനുമാൻകൈൻഡ് പഠിച്ചതും വളർന്നും ലോകത്തിന്റെ പല ഭാഗങ്ങളിലാണ്. യഥാർഥ നാമം സൂരജ് ചെറുകാട്ട്. ഓയിൽ മേഖലയിൽ ജോലിചെയ്തിരുന്ന പിതാവിനൊപ്പം സൗദി അറേബ്യ, നൈജീരിയ, ഇറ്റലി, ഈജിപ്ത് എന്നിവിടങ്ങളിലെല്ലാം കുടുംബം താമസിച്ചിരുന്നു. നാലാം ഗ്രേഡ് മുതൽ ഡിഗ്രിവരെ അമേരിക്കയിലെ ഹൂസ്റ്റണിൽ. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തി കോയന്പത്തൂരിലെ പിഎസ്ജിയിൽ ചേർന്നു.
പഠനശേഷം ജോലിയിൽ പ്രവേശിച്ചെങ്കിലും സൂരജ് റാപ് സംഗീതമാണ് തന്റെ വഴിയെന്നുറപ്പിച്ചു. താമസിയാതെ ജോലി ഉപേക്ഷിച്ച് റാപ്പിൽ മുഴുകി. ഹനുമാൻകൈൻഡ് എന്നു സ്വയം പേരുമാറ്റി. റാപ്പ് ഇവന്റുകളിൽ ചുരുങ്ങിയനേരംകൊണ്ട് കാണികളെ ത്രസിപ്പിച്ച് ശ്രദ്ധനേടി. കളരി എന്ന പേരിൽ ആദ്യ ട്രാക്ക് പുറത്തിറക്കി. പിന്നീടു തൊട്ടതെല്ലാം തീയായി. ലൈവ് വേദികളിൽ തീർക്കുന്ന പ്രകന്പനമാണ് ഹനുമാൻകൈൻഡിന്റെ ഏറ്റവും വലിയ സവിശേഷത.
ഒരു മണിക്കൂറിൽ താഴെ സമയമെടുത്ത് എഴുത്തും റിക്കാർഡിംഗും പൂർത്തിയാക്കിയതാണ് ബിഗ് ഡോഗ്സ് എന്ന ട്രാക്ക്. നാലുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഒറിജിനൽ മരണക്കിണർ സ്റ്റണ്ട് ആർട്ടിസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. തനതായ ശൈലിയിൽ ഹനുമാൻകൈൻഡ് തകർക്കുന്നു.
ആവേശം സിനിമയിൽ ദ ലാസ്റ്റ് ഡാൻസ് എന്ന ട്രാക്കിൽ സുഷിൻ ശ്യാമിനൊപ്പം ഹനുമാൻകൈൻഡിന്റെ സാന്നിധ്യമുണ്ടായിരുന്നു. ആഷിഖ് അബുവിന്റെ റൈഫിൾ ക്ലബ് എന്ന സിനിമയിൽ ഭീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഹനുമാൻകൈൻഡ് ബിഗ്സ്ക്രീനിലെത്തുന്നു എന്നതാണ് പുതിയവാർത്ത. ഇനിയും അദ്ഭുതങ്ങൾ പ്രതീക്ഷിക്കാം.
ഹരിപ്രസാദ്