വിശ്വസാഹിത്യത്തിൽ "വിശുദ്ധനായ വിഡ്ഢി'യുടെ രൂപമാണ് കഴുത. ചുറ്റുമുള്ള ലോകത്തിന്റെ കുടിലതകളെ ക്ഷമയോടെ സഹിച്ചും ഇരയായി സ്വയം വിട്ടുകൊടുത്തും ജീവിക്കുന്ന മിഷ്കിൽ എന്ന രാജകുമാരനെ റഷ്യൻ സാഹിത്യകാരനായ ദസ്തയേവ്സ്കി തന്റെ ഇഡിയറ്റ് എന്ന നോവലിൽ നായകനാക്കിയിട്ടുണ്ട്. റോബർട്ട് ബ്രെസോണിന്റെ ഈ കഴുതക്കഥയിലെ നായകന്റെ പിന്നിലെ പ്രചോദനം ഇതായിരുന്നു. എന്നാൽ, ഈ നായകൻ ശരിക്കും ഒരു കഴുതയായിരുന്നുവെന്നു മാത്രം.
കഴുത എന്ന നാൽക്കാലിക്കു മനുഷ്യചരിത്രത്തിൽ ബഹുമുഖപ്രസക്തിയുണ്ട്. ചക്രം കണ്ടുപിടിക്കും മുന്പേ സാധാരണക്കാരുടെ വാഹനം. ഭാരം വഹിക്കാനും വയലിൽ പണിയാനും കഴുതയുണ്ടായിരുന്നു. പരന്പരാഗതമായി സാഹിത്യത്തിലും ആപ്തവാക്യങ്ങളിലും കഴുത കയറിവരുന്നുണ്ട്.
കഠിനാധ്വാനി, വിരൂപൻ, വിഡ്ഢി, ചൂഷകരുടെ ഇര എന്നൊക്കെയാണ് പൊതുബോധത്തിൽ കഴുതയുടെ രൂപം ഉണർത്തുന്ന ചിന്തകൾ. ബൈബിളിൽ 140ൽ അധികം തവണ കഴുത പ്രത്യക്ഷപ്പെടുന്നുണ്ട്. സൂക്ഷ്മദർശനത്തിൽ ഈ പരാമർശങ്ങൾ കഴുതയെ ദൈവിക വെളിപാട്, പ്രവചനങ്ങൾ, ദൈവിക ജ്ഞാനം, എളിമ, സന്പത്ത്, സമാധാനം, സഹനം, വിശുദ്ധി എന്നീ ആശയങ്ങളെ ധ്വനിപ്പിക്കുന്നു.
വിശ്വസാഹിത്യത്തിൽ "വിശുദ്ധനായ വിഡ്ഢി'യുടെ രൂപമാണ് കഴുത. ചുറ്റുമുള്ള ലോകത്തിന്റെ കുടിലതകളെ ക്ഷമയോടെ സഹിച്ചും ഇരയായി സ്വയം വിട്ടുകൊടുത്തും ജീവിക്കുന്ന മിഷ്കിൽ എന്ന രാജകുമാരനെ റഷ്യൻ സാഹിത്യകാരനായ ദസ്തയേവ്സ്കി തന്റെ ഇഡിയറ്റ് എന്ന നോവലിൽ നായകനാക്കിയിട്ടുണ്ട്. റോബർട്ട് ബ്രെസോണിന്റെ ഈ കഴുതക്കഥയിലെ നായകന്റെ പിന്നിലെ പ്രചോദനം ഇതായിരുന്നു. എന്നാൽ, ഈ നായകൻ ശരിക്കും ഒരു കഴുതയായിരുന്നുവെന്നു മാത്രം.
ഫ്രാൻസിലെ ഹരണീപർവത പ്രദേശത്തുവച്ച് മൂന്നു കുട്ടികൾ അവരോടൊപ്പമുണ്ടായിരുന്ന പിതാവിനെക്കൊണ്ട് നിർബന്ധിച്ചു തട്ടിയെടുത്തു കൊണ്ടുപോന്ന ഉടമസ്ഥനില്ലാത്ത കഴുതക്കുട്ടി. കുട്ടികൾ അവനെ കൊണ്ടുപോയി തങ്ങളടേതായ രീതിയിൽ മാമ്മോദീസ കൊടുത്തു ക്രിസ്മസ് കഥയിലെ മൂന്നു ജ്ഞാനികളിലൊരാളുടെ പേരുമിട്ടു, ബാൽതസാർ.
എന്നാൽ, ബാൽതസാറിനെ ദത്തെടുത്ത കുട്ടികളിലൊരാൾ മരിച്ചതിനെത്തുടർന്ന് അവളുടെ പിതാവ് കൃഷിയിടം വിട്ടുപോയി. അതോടെ ബാൽതസാർ മറീ എന്ന പെൺകുട്ടിയുടെ സംരക്ഷണയിലായി. മറീയുടെ ബാല്യകാല സഖാവായ ഴാക്ക് ഈ ബന്ധത്തെ അസൂയയോടെയാണ് കണ്ടത്.
ഒരു കൃഷിയിടത്തിൽ കഠിനാധ്വാനത്തിനായി നിയോഗിക്കപ്പെട്ട ബാൽതസാർ വർഷങ്ങൾ കഴിഞ്ഞ് ഒരു അപകടത്തെത്തുടർന്ന് അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. അപ്പോൾ കൗമാരം കഴിയാറായ മറിയുമായി വീണ്ടും സന്ധിച്ചു. ഴാക്കിന്റെ പിതാവുമായുള്ള മറീയുടെ പിതാവിന്റെ കേസിനെത്തുടർന്ന് ബാൽതസാറിനെ അയാൾ ഒരു ബേക്കറിക്കാരനു വിറ്റു.
ക്രൂരതയും കഷ്ടപ്പാടും
പുതിയ സ്ഥലത്തു ജരാർദ് എന്ന ക്രൂരനായ കുറ്റവാളി അവനെ ഏറെ കഷ്ടപ്പെടുത്തി. മറീയുടെ കാമുകനായ ജരാർദ് മറീയുമായുള്ള കഴുതയുടെ അടുപ്പം മൂലം അവർ രണ്ടുപേരെയും പീഡിപ്പിക്കുന്നുണ്ട്. ഒരു കൊലക്കേസിൽ കുറ്റമാരോപിക്കപ്പെട്ട ജരാർദ് തന്നെ പോലീസിന് ഒറ്റുകൊടുത്തുവെന്നാരോപിച്ച് അയാളുടെ സുഹൃത്തായിരുന്ന ആർനോൾഡ് എന്ന മുഴുക്കുടിയെനെ മർദിച്ച് അവശനാക്കി.
ഇതിനെല്ലാം സാക്ഷിയായ ബാൽതസാറിനു രോഗം ബാധിച്ചപ്പോൾ ജരാർദ് അവനെ കൊല്ലാനുറച്ചു. എന്നാൽ, ആർനോൾഡിന്റെ കരുണകൊണ്ട് ബാൽതസാർ രക്ഷപ്പെട്ടെങ്കിലും ജരാർദിന്റെ അടിമയായി. ഹരണിപ്രദേശത്തുവരുന്ന വിനോദസഞ്ചാരികൾക്കായി ബാൽതസാർ ഉപയോഗിക്കപ്പെട്ടു.
എന്നാൽ, സീസൺ കഴിഞ്ഞപ്പോൾ അവൻ അവിടെനിന്നു രക്ഷപ്പെട്ട് ഒരു സർക്കസ് കന്പനിയിൽ എത്തി. സർക്കസിൽ കണക്കുകൂട്ടാനറിയാവുന്ന കഴുതയായി അവൻ പ്രകടനങ്ങൾ നടത്തി കാണികളെ ആകർഷിച്ചു. എന്നാൽ, അവനെ വീണ്ടും അവിടെ കണ്ടുമുട്ടിയ ആർനോൾഡ് ബാൽതസാറിനെ പിടിച്ചെടുത്തു. മരിച്ചുപോയ അമ്മാവനിൽനിന്നു കിട്ടിയ വൻ സ്വത്തിന്റെ ഉടമയായിത്തീർന്ന ആർനോൾഡ് ഒരു മദ്യശാലയിൽ വലിയ ആഘോഷം സംഘടിപ്പിക്കുകയും മറീയെയും അവളുടെ അമ്മയെയും ക്ഷണിക്കുകയും ചെയ്തു.
മറീയെ സ്വന്തമാക്കാനുള്ള അടവായിരുന്നു അത്. എന്നാൽ, അതു തിരസ്കരിക്കപ്പെട്ടു. ആ സന്ദർഭത്തിൽ അവിടെയുണ്ടായിരുന്ന ജരാർദ് മദ്യലഹരിയിലായിരുന്ന ആർനോൾഡിനെ ബലമായി ബാൽതസാറിന്റെ പുറത്തുകയറ്റി വീട്ടിലേക്കു വിട്ടു. പോകുന്ന വഴിയിൽ താഴെ വീണ് അയാൾ മരിച്ചു. പോലീസ് പിടികൂടിയ കഴുത പിന്നീട് ഒരു മില്ലുടമയുടെ കീഴിലായി, ഏറെ ക്രൂരതകൾ സഹിക്കുന്നു.
കഴുതയുടെ കഥയിൽ
ഒരു രാത്രിയിൽ ജരാർദിന്റെ പീഡനത്തിൽനിന്നു രക്ഷപ്പെട്ട മറീ ബാൽതസാറിനെ മില്ലറുടെ സ്ഥലത്തുവച്ചു സന്ധിക്കുന്നു. മില്ലർക്കു മറീയോടു താത്പര്യമുണ്ടെങ്കിലും അവൾ സമ്മതിക്കുന്നില്ല. അവൾ മാതാപിതാക്കൾക്കൊപ്പം പോകുന്നു.
വീണ്ടും അവിടെ വന്ന ജരാർദ് ബാൽതസാറിനെ സ്വന്തമാക്കുന്നു. അയാൾ സ്പാനിഷ് അതിർത്തിയിൽ കള്ളക്കടത്ത് നടത്താനായി അതിനെ ഉപയോഗിക്കുന്നു. ഒരു രാത്രിയിൽ കള്ളക്കടത്തിനിടയിൽ കസ്റ്റംസുകാർ ജരാർദിനെയും കൂട്ടാളിയെയും നേരിടുന്നതിനിടയിൽ വെടിയേറ്റ ബാൽതസാർ ആ കുന്നിൻചരിവിൽ വീഴുന്നു.
അവസാന സ്വീക്വൻസുകളിൽ തുടക്ക ത്തിലെന്നപോലുള്ള പശ്ചാത്തലത്തിൽ ചുറ്റും മേഞ്ഞുകൊണ്ടിരിക്കുന്ന ഒരാട്ടിൻപറ്റത്തിന്റെ സാന്നിധ്യത്തിൽ ബാൽതസാർ മരിക്കുകയാണ്. ആട്ടിൻപറ്റത്തിന്റെ കഴുത്തുകളിൽ കെട്ടിയ മണികളുടെ ശബ്ദം പള്ളിമണികൾ പോലെ മുഴങ്ങുന്നു. പശ്ചാത്തലത്തിൽ ഷൂബെർട്ടിന്റെ സോണാറ്റാ സംഗീതത്തിന്റെ അലയൊലികളും ചേർന്ന് ഒരു "വിശുദ്ധ ' നിമിഷംപോലെയായിത്തീരുന്നു ബാൽതസാർ എന്ന കഴുതയുടെ വിടവാങ്ങൽ.
കഴുതയാണ് കേന്ദ്രകഥാപാത്രമെങ്കിലും ഒപ്പം മറീ എന്ന സ്ത്രീ കഥാപാത്രം മനുഷ്യലോകത്തെ പ്രതിനിധീകരിക്കുന്നു. രണ്ടുപേരും അവരുടെ സഹനത്തിൽ ഒന്നാണ്, സ്നേഹത്തിലും. ക്രിസ്തുവിന്റെയും പരിശുദ്ധ മറിയത്തിന്റെ ഓർമകൾ പരോക്ഷമായി ധ്വനിപ്പിക്കപ്പെടുന്നുണ്ട് ഇവരിലൂടെ.
ഒരു സുവിശേഷ ഉപമയുടെ സ്വഭാവമുള്ള ആഖ്യാനമാണിത്. കഴുത കേന്ദ്രകഥാപാത്രമായി വരുന്ന കഥ, റോമൻ കഥാകാരനായ അപുലിയസിന്റെ "സ്വർണക്കഴുത'യെ ഓർമിപ്പിക്കുന്നതും ആകസ്മികമല്ല. ദൃശ്യകലയുടെ ധ്വനി സാന്ദ്രതകൊണ്ട് പല രീതിയിൽ വ്യാഖ്യാനിക്കാനാകുന്ന ചിത്രമാണ് "ഓ അസാർദ് ബാൽതസാർ'
1966ൽ വെനീസ് ഫിലിം ഫെസ്റ്റിവലിൽ മൂന്നു പ്രധാന അവാർഡുകൾ ഈ ചിത്രം സ്വന്തമാക്കി. ലോകസിനിമയിലെ അനേകം പ്രതിഭകൾ ഈ ചിത്രത്തെ വാഴ്ത്തിയിട്ടുണ്ട്. "സൈറ്റ് ആൻസ് സൗണ്ട്' മാഗസിൻ 2012ൽ നടത്തിയ ലോകസിനിമാ സർവേയിൽ എക്കാലത്തേയും 100 മികച്ച ചിത്രങ്ങളിൽ ഈ ചിത്രം 16-ാം സ്ഥാനം നേടി. ഫ്രഞ്ച് ന്യൂവേവ് ചിത്രങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ബ്രെസോണിന്റെ കഴുതക്കഥ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായി പൊതുവേ വിലയിരുത്തപ്പെടുന്നു.
ജിജി ജോസഫ് കൂട്ടുമ്മേൽ