ആൽബങ്ങളെ ശ്രദ്ധേയമാക്കി പത്തനംതിട്ടയുടെ പ്രിയ ഗായികയുടെ സ്വരമാധുരി ഒഴുകുകയാണ്. അതിനൊപ്പം പാട്ടുവേദികളിലും മിന്നുംതാരമായി മാറിയിരിക്കുകയാണ് പാർവതി
ആൽബങ്ങളുടെ പ്രിയ ഗായിക... പാർവതിയെ ഒറ്റ വാചകത്തിൽ അങ്ങനെ വിശേഷിപ്പിക്കാം. ഇതിനകം ഇരുനൂറിലേറെ ആൽബങ്ങളെ തന്റെ സ്വരമാധുരികൊണ്ട് ശ്രദ്ധേയമാക്കി പത്തനംതിട്ടയുടെ പ്രിയ ഗായിക. അതിനൊപ്പം കേരളത്തിലെ പാട്ടുവേദികളിലും മിന്നുംതാരമായി മാറിയിരിക്കുകയാണ് പാർവതി.
ഹോബിയും ജോലിയും ചിന്തയുമെല്ലാം തനിക്കു സംഗീതമാണെന്നു പാർവതി പറയുന്നു. ജീവിതവും സംഗീതവും ഒരിക്കലും വേർതിരിച്ചു കാണാൻ കഴിയില്ല. ഇനിയും കൂടുതൽ പാട്ടുകളിലേക്കെത്തുക എന്നാണ് ആഗ്രഹം. ആൽബങ്ങൾ, സ്വതന്ത്ര സംഗീതം, കവർ പതിപ്പുകൾ, ഭക്തിഗാനങ്ങൾ, സ്വന്തം മ്യൂസിക് ബാൻഡ് എന്നിങ്ങനെ പാട്ടുകളെ ഹൃദയത്തിലേറ്റി മുന്നേറുന്ന ഈ ഗായിക പത്തനംതിട്ട കോന്നി സ്വദേശിനിയാണ്.
ആൽബങ്ങളിലൂടെ സംഗീതലോകത്തു തിളങ്ങിയ പാർവതി ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത സിനിമ നിർമാണ ക്കമ്പനിയായ ടി-സീരീസിന്റെ പാട്ടുകൾ പാടിയാണ് ശ്രദ്ധേയയായത്.
വിജയ് സേതുപതി അഭിനയിച്ച കാ പേ രണസിങ്കം എന്ന തമിഴ് സിനിമയിലെ പാട്ട് ടി- സീരിസിനു വേണ്ടി അൺപ്ലഗ്ഡ് വേർഷനിൽ പാടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ പാട്ട് അൺപ്ലഗ്ഡ് ആയിട്ടാണ് ടി -സിരീസ് പുറത്തിറക്കിയിരുന്നത്. ഇതിനൊപ്പം ചെന്നൈ ഡ്രാഗൺ ഫിലിം കമ്പനിയുടെയും മഞ്ജരി മ്യൂസിക്കിന്റെയും പാട്ടുകളും പാടി. എല്ലാം സംഗീതപ്രേമികൾ ഹൃദയപൂർവം സ്വീകരിച്ചു.
വൈറൽ പാട്ടുകൾ
200ൽ അധികം ആൽബങ്ങളിൽ പാടിയിട്ടുള്ള പാർവതിയുടെ പല പാട്ടുകളും സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ട്. കോവിഡ് കാലത്തു നടത്തിയ മ്യൂസിക് ലൈവുകൾ വൈറലായി. മുന്നൂറിലേറെ ലൈവ് പരിപാടികൾ ഓൺലൈനിൽ ചെയ്തിട്ടുണ്ട്. മലയാളം, തമിഴ് പാട്ടുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു.
എസ്. ജാനകിയുടെ മൗനമേ എന്ന പാട്ടും അരവിന്ദ് സ്വാമിയുടെ മധുബാലയും അഭിനയിച്ചു സൂപ്പർഹിറ്റായ റോജയിലെ പാട്ടും അൺപ്ലഗ്ഡ് വേർഷനിൽ പാർവതി അതിസുന്ദരമായി പാടിക്കേൾപ്പിച്ചു. ഉണ്ണി മേനോനും സുജാതയും പാടിയ പുതുവെള്ളൈ മഴൈ എന്ന പാട്ടിന്റെ കവർ പതിപ്പ് ടി-സീരിസ് പുറത്തിറക്കിയത് പാർവതിയുടെ ശബ്ദത്തിലായിരുന്നു. കൊച്ചി ഗാനഗോകുലം മ്യൂസിക് കമ്പനിയുടെ നിരവധി പാട്ടുകളും ഈ കലാകാരിയുടെ ശബ്ദത്തിൽ സംഗീതലോകത്ത് എത്തിയിട്ടുണ്ട്.
ഭക്തിഗാനങ്ങൾ
അറുപതോളം ഭക്തിഗാന ആൽബങ്ങളിൽ പാടിയിട്ടുള്ള പാർവതിയുടെ നാടൻ പാട്ടുകളുടെ ആൽബങ്ങളും ഹിറ്റുകളായി. കൊച്ചി മാസ് മീഡിയ ഹബിനായി പാടിയ നാടൻ പാട്ട് ഏറെപ്പേരെ ആകർഷിച്ചിരുന്നു. ഭക്തിഗാന സദസുകളും കല്യാണ കച്ചേരികൾ ഉൾപ്പെടെയുള്ള പരിപാടികളും അവതരിപ്പിക്കുന്നുണ്ട്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ സംഗീതപഠനം ആരംഭിച്ച പാർവതി ചെന്നൈയിലുള്ള കുമാർ ദാസിന്റെ ശിക്ഷണത്തിൽ ഇപ്പോഴും പഠനം തുടരുന്നു.
സംസ്ഥാന സ്കൂൾ കലോത്സവങ്ങൾ, സംസ്കൃതോത്സവം, എംജി സർവകലാശാല കലോത്സവങ്ങൾ എന്നിവയിലൂടെ ഒട്ടേറെ സമ്മാനങ്ങൾ നേടിയ പാർവതിക്ക് സംഗീതലോകം ഇതിനകം ഒട്ടേറെ അംഗീകാരങ്ങളും നൽകി. പ്രമുഖ സംഗീത സംവിധായകരുടെയും രചയിതാക്കളുടെയും പാട്ടുകൾ പാടാൻ കഴിഞ്ഞതും ഭാഗ്യമായി പാർവതി കരുതുന്നു. നാടകങ്ങൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇഷ്ടം പാട്ടിനോടുതന്നെ.
പാർവി മ്യൂസിക്
പാട്ടുകൾ പാടി പേരെടുത്തപ്പോഴും സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്താൽ പാർവി മ്യൂസിക് എന്ന മ്യൂസിക് ബാൻഡും അടുത്തയിടെ തുടങ്ങി. ട്രാവൻകൂർ മ്യൂസിക് പ്രോജക്ടിന്റെ ബാനറിലാണ് പുതിയ ബാൻഡ് തുടങ്ങിയത്. ബാൻഡിനു വേണ്ടിയുള്ള പാട്ടുകൾ ഒരുക്കുന്ന തിരക്കിലാണ് പാർവതിയിപ്പോൾ. തയാറെടുപ്പുകൾ പുരോഗമിക്കുന്നു. രണ്ടു പാട്ടുകളാണ് തുടക്കത്തിൽ പുറത്തിറക്കുക. ബാൻഡിനെ സംഗീത ആസ്വാദകർ ഇരുകൈയുംനീട്ടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് പാർവതി.
പ്രശസ്തരായ പിന്നണി ഗായകർക്കൊപ്പം ഒട്ടേറെ സ്റ്റേജ് ഷോകളിൽ പങ്കെടുത്തുള്ള പരിചയമാണ് മ്യൂസിക് ബാൻഡുമായി മുന്നേറാൻ പാർവതിക്ക് ആത്മവിശ്വാസം നൽകുന്നത്. കേരളത്തിലെ പ്രശസ്തരായ സംഗീത കലാകാരന്മാരെ ബാൻഡിനു കീഴിൽ അണിനിരത്തും.
സ്വകാര്യ മേഖലയിലെ ജോലിയോടൊപ്പം കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളും നിറവേറ്റിയാണ് പാർവതിയുടെ സംഗീത യാത്ര. കോന്നി ജഗീഷ് ഭവനിൽ (കുരട്ടിയിൽ) പത്രപ്രവർത്തകനായ ജഗീഷ് ബാബുവിന്റെ പത്നിയാണ് പാർവതി. മക്കൾ: ചിന്മയി നായർ, ചിതി കല്യാണി.
ബി.കെ