ഇരട്ടക്കുട്ടികളുടെ അമ്മയും തെന്നിന്ത്യൻ സൂപ്പർസ്റ്റാറുമായ നയൻതാര ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. 38-ാം വയസിൽ കരിയറിലും ജീവിതത്തിലും പുതിയ ഇടങ്ങളിലേക്കാണ് താരമെത്തുന്നത്. സിനിമ ജീവിതസ്വപ്നമില്ലാതിരുന്ന ഒരു മലയാളി പെണ്കുട്ടി തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറായി മാറിയത്, ഒരു സിനിമാക്കഥ പോലെ വിസ്മയം ജനിപ്പിക്കുന്നതാണ്. ജീവിതത്തിലും കരിയറിലും നഷ്ട നേട്ടങ്ങളുടെ കണക്കുകളും വിജയങ്ങളുടെ ആരവവും പരാജയങ്ങളുടെ കയ്പുനീരുമൊക്കെയായി ഒരു കഥ.
മലയാളക്കരയുടെ താരം
സത്യൻ അന്തിക്കാട് മനസിനക്കരെയിലേക്ക് നായികയെ തേടുന്പോഴാണ് മാഗസിൻ കവറിൽ തിരുവല്ലക്കാരി ഡയാനയുടെ ചിത്രം കാണുന്നത്. ഫോണ് വിളിച്ച് ഡയാനയെ നേരിട്ടു കാണാൻ പറ്റുമോ എന്നു തിരക്കി. അച്ഛനും അമ്മയ്ക്കുമൊപ്പം ഡയാന വന്നു ലുക്ക് ടെസ്റ്റ് നടത്തി തിരികെ പോയി. പിന്നീട് നായികയായി ഫിക്സ് ചെയ്തെന്ന് സത്യൻ പറഞ്ഞപ്പോൾ അഭിനയിക്കാൻ താത്പര്യമില്ലെന്നായിരുന്നു പ്രതികരണം.
ബന്ധുക്കൾക്ക് സിനിമയിൽ അഭിനയിക്കാൻ വിടുന്നതിനോട് താത്പര്യമില്ല എന്നതായിരുന്നു കാരണം. ഡയാനയ്ക്കും അച്ഛനും അമ്മയ്ക്കും താത്പര്യക്കുറവുണ്ടോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. എങ്കിൽ ഇങ്ങോട്ട് പോരു എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് മനസിനക്കരെ എന്ന ചിത്രത്തിലേക്കുള്ള വരവ്. അങ്ങനെ ഡയാന നയൻതാരയായി ജയറാം, ഷീല എന്നിവർക്കൊപ്പം മനസിനക്കരെയിലെ ഗൗരിയെ അവതരിപ്പിച്ചു. പിന്നീട് വിസ്മയത്തുന്പത്തിലും നാട്ടുരാജാവിലും പ്രധാന കഥാപാത്രമായി.
വീണ്ടും മലയാളത്തിലേക്ക്
അന്യഭാഷകളിലേക്കു ചേക്കേറിയെങ്കിലും എക്കാലവും മികച്ച കഥാപാത്രങ്ങളുമായി മലയാളത്തിൽ ഇടംനേടിയിരുന്നു.വർഷത്തിൽ ഒരു മലയാള സിനിമയ്ക്കായി സമയം കണ്ടെത്താറുണ്ട് നയൻസ്. 2021 ൽ പുറത്തിറങ്ങിയ നിഴലാണ് അവസാന ചിത്രം. വർഷാവസാനത്തിൽ ഗോൾഡാണ് റിലീസിനു തയാറാകുന്ന മറ്റൊരു മലയാള ചിത്രം. പൃഥ്വിരാജിന്റെ നായികയായി എത്തുന്ന ചിത്രം അൽഫോണ്സ് പുത്രനാണ് സംവിധാനം ചെയ്യുന്നത്. പൃഥ്വി ഡെയ്ഞ്ചർ ജോഷിയായും നയൻതാര സുമംഗലി ഉണ്ണികൃഷ്ണനായും എത്തുന്നു. ലവ് ആക്ഷൻ ഡ്രാമയ്ക്കു ശേഷം നിവിൻ പോളിക്കൊപ്പം നയൻസ് തിരികെ എത്തുകയാണ്. സന്ദീപ് കുമാർ, ജോർജ് ഫിലിപ്പ് എന്നിവർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ഡിയർ സ്റ്റുഡൻസ് എന്ന ചിത്രത്തിലാണ് നയൻതാരയും ഭാഗമാകുന്നത്.
ഇരട്ടക്കുട്ടികളുടെ അമ്മ
2015 മുതൽ പ്രണയത്തിലായിരുന്ന നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും 2022 ജൂണിലാണ് വിവാഹിതരായത്. കഴിഞ്ഞ ഒക്ടോബർ ഒന്പതിനാണ് വിഷ്നേഷ് ട്വിറ്ററിലൂടെ ഇരുവർക്കും ഇരട്ടക്കുട്ടികൾ ജനിച്ച വിവരം പങ്കുവച്ചത്. വാടക ഗർഭധാരണത്തിലൂടെയാണ് വിഘ്നേഷും നയനും അച്ഛനമ്മമാരായത്.
പ്രതീക്ഷയുടെ നാളുകൾ
2022 കരിയറിലും മധുരം നിറയുന്ന വർഷമാണ് നയൻസിനു സമ്മാനിച്ചത്. തമിഴിൽ കേന്ദ്രകഥാപാത്രമായെത്തിയ ഒ ടു, ഭർത്താവ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത കാത്തുവെക്കൂല രണ്ട് കാതൽ എന്നീ ചിത്രങ്ങളും മലയാള സിനിമ ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് ഗോഡ് ഫാദറും വലിയ വിജയമാണ് നേടിയത്. ബോളിവുഡിലേക്കുള്ള അരങ്ങേറ്റവും 2023 ൽ സാധ്യമാകും. അറ്റ്ലി സംവിധാനം ചെയ്തു ഷാരുഖ് ഖാൻ നായകനാകുന്ന ജവാനിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം.