വീടുകളിലെ മുതിർന്നവർ മുന്പൊക്കെ കുട്ടി കൾക്ക് നല്കിയിരുന്ന ഉപദേശം വലുതായിരുന്നു. പഠനത്തിനൊപ്പം സദ്സ്വഭാവം, ദൈവവിശ്വാസം, വ്യക്തിത്വം, അധ്വാനം തുടങ്ങിയ സമഗ്രമായ പരിശീലനമായിരുന്നു അവർ ഗുണദോഷിച്ചിരുന്നത്. പേരക്കുട്ടികളെ വല്യപ്പന്മാരും വല്യമ്മമാരും ചെറുപ്പം മുതൽ പ്രാർഥനയിലും ശിക്ഷണത്തിലും പരിപാലിച്ചുവളർത്തിയിരുന്ന പഴയ കാലം.
ജീവിതപക്വതയിലേക്കുള്ള പ്രയാണഘട്ടമാണ് കൗമാരകാലമെന്നിരിക്കെ വഴിതെറ്റാനും ചുവടു പിഴയ്ക്കാനുമുള്ള പ്രലോഭനങ്ങൾക്കു നടുവിലാണ് ഇക്കാലത്ത് ഏറെ കുട്ടികളും. ഒളിച്ചോടുന്ന കുമാരിമാരുടെയും ലഹരിയിൽ നശിക്കുന്ന കുമാരന്മാരുടെയും നശിച്ച പോക്കിന് എങ്ങനെ മാറ്റം വരുത്താനാകും.
വീടുകളിലെ മുതിർന്നവർ മുന്പൊക്കെ കുട്ടി കൾക്ക് നല്കിയിരുന്ന ഉപദേശം വലുതായിരുന്നു. പഠനത്തിനൊപ്പം സദ്സ്വഭാവം, ദൈവവിശ്വാസം, വ്യക്തിത്വം, അധ്വാനം തുടങ്ങിയ സമഗ്രമായ പരിശീലനമായിരുന്നു അവർ ഗുണദോഷിച്ചിരുന്നത്. പേരക്കുട്ടികളെ വല്യപ്പന്മാരും വല്യമ്മമാരും ചെറുപ്പം മുതൽ പ്രാർഥനയിലും ശിക്ഷണത്തിലും പരിപാലിച്ചുവളർത്തിയിരുന്ന പഴയ കാലം.
തലമുറ ബന്ധങ്ങൾ മുറിഞ്ഞതോടെ കാരണവന്മാരുടെ കരുതലിനുള്ള സാധ്യതയും സാഹചര്യവും കുറഞ്ഞു. പുതുതലമുറയിലെ ഡാഡി, മമ്മിമാരുടെ ജീവിതം ജോലിയിലും ധനസന്പാദനത്തിലും ഒതുങ്ങുകയും കുടുംബജീവിതം ഓരോ മുറികൾക്കുള്ളിൽ ഒറ്റപ്പെടുകയും ചെയ്തതോടെ മക്കൾക്ക് സ്നേഹവും കരുതലും ശിക്ഷണവും ലഭിക്കാനില്ലാതായി.
പക്വത നേടേണ്ട പ്രായത്തിൽ മക്കളോടു തുറന്നു സംസാരിക്കാനും പ്രശ്നങ്ങൾ കേൾക്കാനും ഉത്തമമായ ഉപദേശങ്ങൾ നൽകാനും രക്ഷിതാക്കൾക്കു സമയമില്ലായിരിക്കുന്നു. കുഞ്ഞുവായിൽ വലിയ വർത്തമാനം എന്നു പറയാറില്ലേ, നമ്മുടെ കുട്ടികൾക്ക് അവരെ ബാധിച്ചിരിക്കുന്ന ഒരുപാട് കാര്യങ്ങൾ രക്ഷിതാക്കളോട് പങ്കുവയ്ക്കാനുണ്ട്. അതേസമയം മക്കൾ എന്നാൽ പഠനം, പരീക്ഷ, ഉദ്യോഗം എന്നീ തലങ്ങളിൽ മാത്രം കാണുന്നവരാണ് ഇക്കാലത്തെ ഏറെ രക്ഷിതാക്കളും.
ഇക്കാലത്ത് കുട്ടികൾ വലിയ പ്രശ്നങ്ങളെയും ആശങ്കകളെയും പ്രതിസന്ധികളെയും നേരിടുന്നുണ്ടെന്ന് രക്ഷിതാക്കൾ തിരിച്ചറിയണം. പങ്കുവയ്ക്കാനും സ്നേഹിക്കാനും അച്ഛനമ്മമാർക്കും കൂടെപ്പിറപ്പുകൾക്കും നേരമില്ലാതെ വരുന്നതോടെ കൗമാരക്കാർ പുതിയ ബന്ധങ്ങൾ തേടുന്നു, കരുതൽ തേടുന്നു.
വലിയവരെന്നോ കുട്ടികളെന്നോ വേർതിരിവില്ലാതെ ഓരോ വ്യക്തിയും അവരുടെ താത്പര്യമനുസരിച്ചുള്ള ബന്ധങ്ങളും കൂട്ടുകെട്ടുകളും സ്ഥാപിക്കാൻ ഇക്കാലത്ത് നിർബന്ധിതരാവുകയാണ്.
വാട്സ് ആപ്പും ഫേസ്ബുക്കും മെസഞ്ചറും പോലുള്ള നവ ആശയോപാധികളുടെ ലോകത്തെ ചെളിക്കുഴികളിലും കെണിക്കുഴികളിലും അവർ അറിഞ്ഞോ അറിയാതെയോ വീണുപോകുന്നു. പലപ്പോഴും ദുഷിച്ച ബന്ധങ്ങളിലേക്കും വഴിതെറ്റിയ ജീവിതത്തിലേക്കും ഒളിച്ചോട്ടങ്ങളിലേക്കും വിഷാദരോഗങ്ങളിലേക്കും ആത്മഹത്യകളിലേക്കുമൊക്കെ കൗമാരക്കാർ നയിക്കപ്പെടുന്നു.
ഓണ്ലൈൻ സാങ്കേതിക ഉപാധികൾ അകലമില്ലാത്ത ലോകത്തിലൂടെയാണ് ഓരോ വ്യക്തിയെയും നയിക്കുന്നത്. ജാതി, മതം, രാജ്യം, വർഗം, പ്രായം എന്നിവയൊന്നും ഘടമല്ലാതെ എവിടെയുള്ള ആരുമായും ചങ്ങാത്തം കൂടാനുള്ള ആശയവിനിമയ സാധ്യത.
വളരെ വലിയ കരുതലും ജാഗ്രതയും കുട്ടികളുടെ മേൽ ഇക്കാലത്തുണ്ടാവുന്നില്ലെങ്കിൽ അവരറിയാതെ അവർ വഴി തെറ്റുമെന്നതിന് ഏറെ അനുഭവങ്ങൾ നാമൊക്കെ കണ്ടുകൊണ്ടിരിക്കുന്നു. ഇത്തരം വഴിതെറ്റലുകളിൽനിന്ന് അവരെ മോചിപ്പിച്ചു തിരികെ കൊണ്ടുവരിക ദുഷ്കരമാണെന്ന് രക്ഷിതാക്കളും അധ്യാപകരും ബന്ധുക്കളും ആധ്യാത്മിക നേതാക്കളുമൊക്കെ അറിഞ്ഞിരിക്കണം.
പി.യു. തോമസ്, നവജീവൻ