പണമുള്ളവർക്ക് ഓണം ധൂർത്തിന്റെ ആഘോഷമാണ്. രുചികരമായ വിഭവങ്ങൾ. വിനോദയാത്രകളും ഉല്ലാസങ്ങളുമായി ഒത്തുകൂടലുകൾ. ഉടയാടകളും വീട്ടുപകരണങ്ങളും വാങ്ങിക്കൂട്ടാനുള്ള തിരക്ക്. ചിലർക്ക് മദ്യപാനത്തിന്റെ ദിവസങ്ങൾ. ഓണത്തിന്റെ പരന്പരാഗത അർഥതലങ്ങൾ ആകെ മാറിമറിഞ്ഞിരിക്കുന്നു.
ഏറെപ്പേരിലും ഓണം സ്വാർഥതയുടെ വേളയാണ്. മറ്റുള്ളവരെക്കാൾ കൂടുതൽ വാങ്ങിക്കൂട്ടാനും സുഖം തേടാനുമുള്ള വ്യഗ്രത. പങ്കുവയ്ക്കലിന്റെയും ഹൃദയതുറവിയുടെയും മനസുണ്ടാകുന്പോൾ മാത്രമാണ് തിരുവോണം ആനന്ദമായി മാറുക. ഈ ദിവസങ്ങളിൽ പ്രളയവും രോഗവും വറുതിയും മൂലം വലയുന്ന എത്രയോ പേർ ചുറ്റുപാടുകളിലുണ്ട്. കടകന്പോളങ്ങളിലെ ഓഫറുകൾക്ക് അവസരമില്ലാതെ കണ്ണീരോണം ബാക്കിയാക്കി ഒറ്റപ്പെട്ടുകഴിയുന്ന ഇത്തരക്കാരെ വിസ്മരിക്കരുത്.
തിരുവോണ ദിനത്തിൽപോലും ആശുപത്രികളിലും വീടുകളിലും വേദനയുടെ കിടക്കകളിൽ കഴിയാൻ വിധിക്കപ്പെട്ട ഒട്ടേറെപ്പേരുണ്ട്. മക്കളും ബന്ധുക്കളും കൈയൊഴിഞ്ഞ് അഗതിമന്ദിരങ്ങളിൽ രുചിയില്ലാതെ ഓണം ഭക്ഷിക്കുന്നവരുമുണ്ട്. പണമില്ലാത്തതിനാൽ ഓണം ഒരു നേരത്തെ ഭക്ഷണത്തിൽ മാത്രം ഒതുക്കുന്നവരുമുണ്ട്. ഇല്ലാത്തവരിലേക്കും ദുരിതപ്പെടുന്നവരിലേക്കും ഓടിയെത്താനുള്ള അവസരം കൂടിയാണ് ഓണം.
അല്ലലും ആപത്തുമില്ലാതെ മനുഷ്യരെല്ലാരും ഒന്നുപോലെ കഴിയണമെന്ന് ഓണം ഓർമിപ്പിക്കുന്നു. ഇത്തരത്തിൽ ജീവിതത്തിന്റെ ഏകാന്തതയിൽ ഒറ്റപ്പെട്ടുകഴിയുന്ന നിസഹായരിലേക്ക് കടന്നുചെല്ലാൻ കഴിയണം.
തിരുവോണത്തിനെങ്കിലും ഇത്തരക്കാരെ കാണാനും ചെറിയ സമ്മാനങ്ങൾ കൊടുത്ത് സന്തോഷിപ്പിക്കാനും സാധിക്കണം. നാം എത്ര വലിയവരെങ്കിലും അവരിലേക്ക് പങ്കുചേരുന്പോഴാണ് നമ്മുടെ മനസ് വളരുന്നതും ഹൃദയത്തിന് തുറവിയുണ്ടാകുന്നതും. സ്വാർഥതയുടെ ഓണം വയർനിറയാൻ മാത്രം ഉപകരിക്കുന്പോൾ പങ്കുവയ്ക്കലിന്റെ ഓണം മനസുകളിൽ സംതൃപ്തി സമ്മാനിക്കാൻ ഇടയാക്കുന്നു. ഓണം സാഹോദര്യത്തിന്റെയും നൻമയുടെയും ഉത്സവമാണ്.
ഏറ്റവുമധികം മദ്യവിൽപനയും മദ്യപാനവും നടക്കുന്നത് ഓണവേളയിലാല്ലോ. ഇതേത്തുടർന്ന് അപകടങ്ങളും അക്രമങ്ങളും കൊലപാതങ്ങളും അനിഷ്ടസംഭവങ്ങളും പതിവാണ്. ഇതൊക്കെ കുടുംബ, വ്യക്തി ബന്ധങ്ങൾ ശിഥിലീകരിക്കാനും തിൻമ പെരുകാനും രക്തസാക്ഷികളെ സൃഷ്ടിക്കാനും ഇടയാക്കുന്നു.
ആഘോഷങ്ങൾ അതിരുവിട്ട ആർഭാടമാകാൻ പാടില്ല. പരിധികളില്ലാത്ത ആഘോഷളെല്ലാം ദുരന്തങ്ങളെയും നഷ്ടങ്ങളെയുമാണ് സമ്മാനിക്കാറുള്ളത്.
ഇല്ലായ്മകളും പരിമിതികളും ഏറെയുണ്ടായിരുന്ന പഴയകാല ഓണത്തിന് അതിന്റേതായ മൂല്യവും അർഥവുമുണ്ടായിരുന്നു. സന്പന്നർ ദരിദ്രരെയും മുതലാളി തൊഴിലാളിയെയും കരുതലോടെ കാക്കുന്ന അവസരമായിരുന്നു ഓണം. ഉള്ളതിൽ നിന്നുള്ള പങ്കുവയ്ക്കലിന്റെ സമൃദ്ധിയായിരുന്നു പഴയകാല ഓണത്തിന്റെ സത്ത. കാർഷിക വിഭവങ്ങൾ പങ്കുവയ്ക്കുക മാത്രമല്ല ഇല്ലാത്തവർക്കെല്ലാം ദാനം കൊടുക്കുകയെന്നതും അതിന്റെ ചൈതന്യമായിരുന്നു.
ഒരു ചേനയോ മത്തങ്ങയോ കുന്പളങ്ങയോ വാഴക്കുലയോ അനേകരിലേക്ക് പങ്കുവച്ച് സാഹോദ്യം അറിയിക്കുന്ന വേള. ആ പങ്കുവയ്ക്കലിൽ ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടുകളും പരിധികളുമൊന്നമില്ലായിരുന്നു. ഇക്കാലത്താവട്ടെ തനിലേക്കുമാത്രം ഒതുങ്ങുന്നതായി വാങ്ങലുകൾ. കൊടുക്കലുകൾക്ക് നേരവുമില്ല, മനസുമില്ല. അയൽക്കാരന്റെ മാത്രമല്ല സ്വന്തക്കാരുടെപോലും ക്ഷേമം അന്വേഷിക്കാൻ ഒരാൾക്കും നേരമില്ല. കുടുംബത്തിലെ എല്ലാവരുംചേർന്ന് ഓണക്കാലത്ത് ഒരു അനാഥാലയമോ അഗതി മന്ദിരമോ സന്ദർശിക്കാനായാൽ വലിയ അനുഭവമായിരിക്കും.
ഉപേക്ഷിക്കപ്പെട്ട അച്ഛനമ്മമാരുടെയും തീരാരോഗികളുടെയും വിലാപവും സങ്കടങ്ങളും കാണാം, കേൾക്കാം. ലോകജീവിതം ഇങ്ങനെയൊക്കെയാണെന്ന് തിരിച്ചറിയുന്പോൾ കാരുണ്യത്തിന്റെ ചിന്ത മുതിർന്നവരിലും കുട്ടികളിലും ജനിക്കും.
ഓണം സാഹോദര്യത്തിന്റെ ഒത്തുചേരലിന്റെയും വേളയാണെന്ന് പറയുന്പോഴും ഒന്നോർക്കുക. സ്വന്തം മാതാപിതാക്കളെ അഗതിമന്ദിരത്തിൽ തള്ളിയശേഷം മക്കൾ ഓണം ഘോഷിക്കുന്നതിൽ ഒരു അർഥവുമില്ല.
ഓണക്കാലത്ത് അഗതിമന്ദിരങ്ങളിൽ ഉപഹാരങ്ങളും സമ്മാനങ്ങളുമായി പലരും കടന്നുവരാറുണ്ട്. അവരൊക്കെ സമ്മാനിക്കുന്ന ചെറിയ ഉപഹാരങ്ങൾ കൈയേറ്റുവാങ്ങുന്പോൾ അതിലേക്ക് പലരുടെയും കണ്ണീർ വീഴുന്നതു കാണാറുണ്ട്. സ്വന്തം മക്കൾ മറന്നുപോകുന്പോൾ മറ്റാരൊക്കെയോ നൽകുന്ന സമ്മാനങ്ങൾ വാങ്ങി സംതൃപ്തി അടയാൻ വിധിക്കപ്പെട്ടവർ പലരാണ്.
ഓണം വിഭാവനം ചെയ്യുന്ന ചൈതന്യത്തെ തിരികെ പിടിക്കാനാവണം. ഒരുമയുടെയും സാഹോദര്യത്തിന്റെയും കരുതലിന്റെയും ഉത്സവമാണ് ഓണം. ഓണരുചി നാലിൽ മാത്രമല്ല ഹൃദയത്തിലും അനുഭവിച്ചറിയാൻ നമ്മുക്കാവണം. ഏവർക്കും ഐശ്വര്യത്തിന്റേയും നൻമയുടേയും ഓണാശംസകൾ.
പി.യു. തോമസ്, നവജീവൻ