ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരുടെ ദുഃഖദുരിതങ്ങൾ. പ്രളയകാലത്ത് ഇവർക്ക് തൊഴിലും വരുമാനവുമില്ല. വീട്ടിലേക്കു മടങ്ങിയാൽ കടം വാങ്ങി വേണം വീട്ടുസാമഗ്രികൾ വാങ്ങാൻ.
പ്രളയദുരിതാശ്വാസ ക്യാന്പുകളിൽ കഴിയാൻ വിധിക്കപ്പെട്ടവരുടെ ജീവിതം എത്ര ദുസ്സഹമാണ്. നവജാതശിശുക്കൾ. നനഞ്ഞുപോയ പാഠപുസ്തകങ്ങളുമായി കുട്ടികൾ. രോഗാവസ്ഥയിൽ വിറയ്ക്കുന്ന വയോധികർ.
ഈ അഭയാർഥികളൊക്കെ തറയിലാണ് കിടപ്പ്. ഏറെപ്പേരും വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ചാണ് ക്യാന്പിൽ അഭയം തേടുക. എല്ലാ പ്രളയകാലങ്ങളും ഈ നിസ്സഹായർക്ക് ഇത്തരത്തിൽ ദുരിതങ്ങളും നഷ്ടങ്ങളുമാണ്. തിരികെ വീടു പറ്റുന്പോൾ ഒന്നുമില്ലായ്മയിൽനിന്നു വേണം ജീവിതം തുടങ്ങാൻ.
കിടക്ക,വസ്ത്രം, കസേര, കട്ടിൽ തുടങ്ങി എല്ലാ സാമഗ്രികളും വെള്ളം കയറി നശിക്കും. കരുതൽ ഭക്ഷണസാധനങ്ങളും കൃഷിയും ബാക്കിയുണ്ടാവില്ല. വീടിന്റെ തറയ്ക്കും ഭിത്തിക്കും വിള്ളൽ വീണേക്കാം. ക്ഷുദ്രജീവികളെ ഏറെ ഭയക്കണം. തിരികെയെത്തി വീടും പരിസരവും ശുചീകരിക്കുകയെന്നതും ക്ലേശകരമായ ജോലിയാണ്.
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരുടെ ദുഃഖദുരിതങ്ങൾ. പ്രളയകാലത്ത് ഇവർക്ക് തൊഴിലും വരുമാനവുമില്ല. വീട്ടിലേക്കു മടങ്ങിയാൽ കടം വാങ്ങി വേണം വീട്ടുസാമഗ്രികൾ വാങ്ങാൻ.
കാരുണ്യമുള്ള മനസോടെ ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിച്ച് ഇവിടെ കഴിയുന്നവരുടെ ദുഃഖങ്ങളും വിലാപവും നാം കണ്ടറിയണം. ഇവരിൽ ഓരോ വ്യക്തിക്കും പറയാനുണ്ടാവുക നഷ്ടങ്ങളുടെയും കണ്ണീരിന്റെയും അനുഭവമായിരിക്കും. ഉടുവസ്ത്രവും ജീവനുമല്ലാതെ മറ്റൊന്നും ബാക്കിവയ്ക്കാതെയാണ് ഓരോ പ്രളയവും കടന്നുപോകുന്നത്.
ധർമസ്ഥാപനങ്ങളും സംഘടനകളും നൽകുന്ന സഹായവും ആശ്വാസവും മാത്രമാണ് ഇവർക്ക് കരുതലാവുക. ആവുന്നത്ര സഹായവും സാന്ത്വനവും ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയാൻ വിധിക്കപ്പെട്ടവർക്ക് നൽകാനായാൽ അത് വലിയൊരു കാരുണ്യപ്രവൃത്തിയാണ്. ഒരു പൊതി ചോറിനും ഒരു ബിസ്കറ്റിനും ഒരു ജോഡി വസ്ത്രത്തിനും കൈനീട്ടുന്ന പാവപ്പെട്ട കുട്ടികളുടെ ദുരിതം കണ്ണുനിറയ്ക്കുന്നതാണ്. വയോധികരുടെ ദുരിതങ്ങളും വലുതാണ്.
പുസ്തകവും ബുക്കുമൊന്നുമില്ലാതെ ഇനി എങ്ങനെ സ്കൂളിൽ പോയി ഞങ്ങൾ പഠിക്കും എന്ന കുഞ്ഞുങ്ങളുടെ ആശങ്ക വലിയൊരു ചോദ്യംതന്നെയാണ്.
പി.യു. തോമസ്, നവജീവൻ