1952ൽ തരിയോട് സ്വർണനിക്ഷേപമുണ്ടെന്നു കേന്ദ്ര ജിയോളജിക്കൽ വിഭാഗവും കണ്ടെത്തി. തുടർന്ന് ഗവേഷണത്തിനും പഠനങ്ങൾക്കും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അനുമതി നൽകി. എന്നാൽ, പദ്ധതി മുന്നോട്ടുപോയില്ല. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു തരിയോടുനിന്നു സ്വർണം ലാഭകരമായി വേർതിരിക്കാമെന്നാണ് ഇപ്പോൾ ജിയോളജി വകുപ്പ് പറയുന്നത്. എന്നാൽ...
സ്വർണം എന്നും മനുഷ്യന്റെ സ്വപ്നലോഹമാണ്. ആഭരണങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് രാജാവ്, നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് ചക്രവർത്തി... കാലങ്ങൾ പിന്നിടുന്പോൾ മഞ്ഞലോകം ലോകത്തിന്റെ കണ്ണുമഞ്ഞളിപ്പിച്ച് ഉയരങ്ങളിലേക്കു തന്നെ. മഞ്ഞലോഹത്തെ കീഴടക്കാനെത്തിയവരുടെ വാഴ്ചയുടെയും വീഴ്ചയുടെയും ചരിത്രം ലോകമെന്പാടുമുണ്ട്. ഇത്തരമൊരു കഥ വയനാട് ജില്ലയിലെ തരിയോടിനും പറയാനുണ്ട്.
അരിച്ചെടുത്ത സ്വർണം
ചാലിയാറിന്റെ കൈവഴികൾ ഒഴുകുന്ന നിലന്പൂരിലെ മലയടിവാരങ്ങളിൽ ഗോത്രവിഭാഗങ്ങൾ പരന്പരാഗത രീതിയിൽ സ്വർണം അരിച്ചെടുത്തിരുന്നെന്നു ചരിത്രം പറയുന്നു. ഇതിന്റെ ചുവടുപിടിച്ചു വന്നവരാണ് സ്വർണം നദികളിലല്ല, അതു വയനാട്ടിലാണെന്നു കണ്ടെത്തിയത്. 1798ൽ വയനാട്ടിൽ സ്വർണനിക്ഷേപമുള്ള കാര്യം ബോംബെ സർക്കാരിന്റെ ശ്രദ്ധയിൽ പതിഞ്ഞിരുന്നു. എന്നാൽ, ക്രിസ്തുവിന് മുന്പും വയനാട്ടിൽ സ്വർണനിക്ഷേപം കണ്ടെത്തിയെന്നു ചരിത്രം പറയുന്നു.
ബാണാസുര അണക്കെട്ടിന്റെ ആഴങ്ങളിലുറങ്ങുന്ന തരിയോട് എന്ന ഗ്രാമത്തിനു തിരുവിതാംകൂറിൽനിന്നു മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ ചരിത്രം പറയാനുണ്ട്. 19 ാം നൂറ്റാണ്ടിന്റെ പകുതിയോടെ തിരുവിതാംകൂറിൽനിന്ന് ഉണ്ടായ കുടിയേറ്റത്തിൽ വയനാട്ടിലെ പ്രധാന കേന്ദ്രങ്ങളിൽ ഒന്ന് തരിയോടായിരുന്നു. ജില്ലയിലെ മറ്റേത് നഗരത്തേക്കാളും പ്രൗഢിയും ജനത്തിരക്കും അന്നു തരിയോടിനുണ്ടായിരുന്നു. ബാണാസുര ഡാം വന്നതോടെ നഗരംതന്നെ ഇല്ലാതാവുകയായിരുന്നു.
വനത്തിലെ സ്വർണം
ഇന്ദിരാഗാന്ധി സർക്കാർ ആദിവാസികൾക്കായി പതിച്ചുനൽകിയ ഭൂമിയാണ് തരിയോടിനോടു ചേർന്നുള്ള സുഗന്ധഗിരി. മൂവായിരം ഹെക്ടറോളം വരുമിത്. ഏലവും കാപ്പിയും വിളയുന്ന, കൂറ്റൻ മരങ്ങൾ നിറഞ്ഞ ഇടമാണ് സുഗന്ധഗിരി. സുഗന്ധഗിരിക്കാടിന്റെ ഉള്ളറകളിൽ ബ്രിട്ടീഷുകാർ സ്വർണം ഖനനം ചെയ്യാൻ ഉപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങൾ ഇപ്പോഴുമുണ്ട്. ഒരു നൂറ്റാണ്ടിലധികം മണ്ണിലാണ്ടു കിടന്നിട്ടും ശേഷിപ്പുകൾ ബാക്കിയുണ്ട്. മനോഹരമായ തേയിലത്തോട്ടങ്ങളാണ് സുഗന്ധഗിരി വനമേഖലയ്ക്ക് അതിരിടുന്നത്. തോട്ടങ്ങൾ പിന്നിട്ട് വനത്തിലാണ് സ്വർണ ഖനനത്തിന്റെ ശേഷിപ്പുകളുള്ളത്.
വയനാട്ടിൽ രണ്ടിടത്താണ് സ്വർണ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്. സുഗന്ധഗിരിയിലും സമീപ പ്രദേശമായ തരിയോടും. എന്നാൽ, വയനാട്ടിൽ സ്വർണനിക്ഷേപം കണ്ടെത്തുന്നതിന് മുന്പ് സമീപ പ്രദേശങ്ങളായിരുന്ന, ഇപ്പോൾ തമിഴ്നാടിന്റെ ഭാഗമായ പന്തല്ലൂർ, ദേവാല, ചേരന്പാടി എന്നിവിടങ്ങളിൽ ഖനനം നടന്നിരുന്നു. ലാഭകരമല്ലെന്നു കണ്ട് പിന്നീട് അവസാനിപ്പിച്ചു. 12 യൂറോപ്യൻ കന്പനികളാണ് ഖനനം നടത്തിയിരുന്നത്. കാപ്പിയും തേയിലയും കൃഷി ചെയ്യാൻ എത്തിയവരാണ് പിന്നീട് സ്വർണഖനനത്തിലേക്കു തിരിഞ്ഞത്. മൈസൂർ പീഠഭൂമിയിൽ ഉടനീളം സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്.
ടോളമിയുടെ കാലത്തു വയനാട്ടിൽ ഉത്ഭവിച്ച് കർണാടകയിലേക്ക് ഒഴുകുന്ന കബനി നദിയുടെ കരയിൽ എച്ച്ഡി കോട്ട എന്ന പ്രദേശത്ത് അധിവസിച്ചിരുന്ന പുന്നാട രാജാക്കൻമാരുടെ കാലത്തും ഇവിടെനിന്നു സ്വർണം വേർതിരിച്ചെടുത്തിരുന്നുവെന്ന് ചരിത്രം. പുന്നാട് എന്നത് പൊന്നിന്റെ നാട് എന്നു ചരിത്രകാരൻമാർ പറയുന്നു. വില്യം ലോഗന്റെ "മലബാർ മാനുവൽ', സാമുവൽ ജെന്നിംഗ്സിന്റെ "എന്റെ തെക്കു കിഴക്കൻ വയനാട്ടിലെ ഗോൾഡ് ഫീൽഡ്'എന്നിവയിൽ വയനാട്ടിലെ സ്വർണനിക്ഷേപത്തെക്കുറിച്ചു പരാമർശമുണ്ട്.
ലേഡി സ്മിത്ത് എസ്റ്റേറ്റ്
ചാലിയാർ ഉദ്ഭവിക്കുന്ന വയനാടിന്റെ മലനിരകളിൽ സ്വർണനിക്ഷേപം തിരിച്ചറിഞ്ഞു പലേടങ്ങളിലായി ഖനനം നടന്നു. ആ വഴി പിന്തുടർന്നാണ് സ്മിത്ത് മൂണ് എന്ന ബ്രിട്ടീഷ് സംരംഭകനും ഭാര്യ ലേഡി സ്മിത്തും വയനാട്ടിലെത്തുന്നത്. ബ്രിട്ടണിൽ രജിസ്റ്റർ ചെയ്ത ഗോൾഡ് മൈൻസ് ഇന്ത്യ എന്ന കന്പനിയാണ് തരിയോട് പ്രവർത്തനം ആരംഭിച്ചത്. ഇതോടെ ഈ മേഖലയിൽ സ്വർണഖനനം ഉൗർജിതമാക്കാനുള്ള പ്രവർത്തനം തുടങ്ങി. തരിയോട് ചൂരണി എന്ന സ്ഥലത്ത് ആയിരം ഏക്കർ ഭൂമിയിലാണ് സ്മിത്തിന്റെ കന്പനി സ്വർണം വേർതിരിക്കാൻ പ്രവർത്തനം തുടങ്ങിയത്.
ഇതോടെ പ്രദേശത്തിന്റെ വികസനത്തിനും ആക്കം കൂടി. സ്മിത്തും അദ്ദേഹത്തിന്റെ ഭാര്യ ലേഡി സ്മിത്തും കൂടി തൊഴിലാളികൾക്കായി ബംഗ്ലാവുകളും ക്വാർട്ടേഴ്സുകളും നിർമിച്ചു. സ്മിത്തിന്റെ ഭാര്യ ലിസി സ്മിത്ത് ലേഡി സ്മിത്ത് എന്ന അറിയപ്പെട്ടിരുന്നതിനാൽ ഖനന ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത ഭൂമിയെ ലേഡി സ്മിത്ത് എസ്റ്റേറ്റ് എന്നാണ് വിളിച്ചിരുന്നത്. കന്പനി ജീവനക്കാർക്കു മാത്രമായി ഒരു പോലീസ് ഒൗട്ട്പോസ്റ്റ്, സത്രം, പള്ളി, ഇംപീരിയൽ ബാങ്കിന്റെ ഒരു ശാഖ എന്നിവ ആരംഭിച്ചു.
കുടുങ്ങിയ സ്മിത്ത്
തുടക്കത്തിൽ താണ്ടിയോട്, വട്ടം, കാട്ടിമല, കരിന്പിൻതോട് എന്നിവിടങ്ങളിലാണ് ഖനനം ആരംഭിച്ചത്. എന്നാൽ, ഖനനം ലാഭകരമല്ലെന്ന് തിരിച്ചറിഞ്ഞ സ്മിത്ത് ബ്രിട്ടണിലെ തന്റെ നിക്ഷേപകർക്ക് കത്തെഴുതി. ദക്ഷിണാഫ്രിക്കയിൽനിന്നു ലഭിച്ച സ്വർണം വയനാട്ടിലേതാണെന്നു കാണിച്ചായിരുന്നു നിക്ഷേപം നേടിയിരുന്നത്. എന്നാൽ, ഈ തട്ടിപ്പ് തിരിച്ചറിഞ്ഞ നിക്ഷേപകർ സ്മിത്തിനെതിരേ തിരിഞ്ഞു.
ഇതോടുകൂടി സ്വന്തം നാട്ടിലേക്കു തിരിച്ചുപോകാനാകാതെ സ്മിത്ത് ഇന്ത്യയിൽ കുടുങ്ങി. പ്രതീക്ഷിച്ചതുപോലെ സ്വർണം ഖനനം ചെയ്യാൻ കഴിയാതായതോടെ കന്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്നു. തുടർന്ന് സ്ഫോടകവസ്തു വച്ച് ബംഗ്ലാവ് തകർത്തു സ്മിത്ത് ജീവനൊടുക്കുകയായിരുന്നു. മരിക്കുന്നതിനു മുന്പ് ലേഡി സ്മിത്ത് എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം മദ്രാസ് സർക്കാരിനു കൈമാറി. പിന്നീട് ഈ പ്രദേശം സംരക്ഷിത വനമായി നിലനിർത്താൻ സർക്കാർ നിർദേശിച്ചു.
1990കളിൽ തരിയോട് പത്താം മൈലിൽ മുസാവരി പാലവും ബംഗ്ലാവും പ്രൗഢിയോടെ നിലനിന്നിരുന്നു. മുസാവരി ബംഗ്ലാവിനു രണ്ട് കിലോമീറ്റർ മാത്രം മാറി യൂറോപ്യൻ ശൈലിൽ നിർമിച്ച മറ്റൊരും ബംഗ്ലാവും. ഇപ്പോൾ തൂണുകൾ മാത്രമാണ് ബംഗ്ലാവിന്റേതായി അവശേഷിക്കുന്നത്. ബംഗ്ലാവ് നിന്നിരുന്ന പ്രദേശം ഇന്നു ബംഗ്ലാൻ കുന്ന് എന്നാണ് അറിയപ്പെടുന്നത്.
സ്വർണ ഖനനത്തിനായി നിർമിച്ച വഴികൾ തരിയോടിന്റെ വികസനത്തിനുകൂടിയാണ് വഴിവച്ചത്. ഈ പാത പിന്തുടർന്നാണ് വയനാട്ടിലേക്കുള്ള കുടിയേറ്റത്തിന്റെ കേന്ദ്രമായി തരിയോട് മാറിയതും. ജില്ലയിലെ ആദ്യ പോലീസ് സ്റ്റേഷനുകളിലൊന്നും തരിയോടായിരുന്നു. പിന്നീട് അതു വൈത്തിരിയിലേക്കു മാറ്റി. 1880കളിൽ സ്ഥാപിച്ച തരിയോട് ബാങ്ക് ജില്ലയിലെ ആദ്യ ബാങ്കുകളിൽ ഒന്നായിരുന്നു.
ഖനനത്തിനെത്തിയ കന്പനികൾക്കൊന്നും പ്രതീക്ഷിച്ച രീതിയിൽ സ്വർണം വേർതിരിച്ചെടുക്കാൻ കഴിഞ്ഞില്ല. ഇതു വൻ നഷ്ടമുണ്ടാക്കി. വാണിജ്യ ആവശ്യങ്ങൾക്കായി ഇവിടെ സ്വർണം ഖനനം ചെയ്യുന്നത് പ്രായോഗികമല്ലെന്നു മനസിലായി. തുടർന്നു കർണാടകയിലെ കോലാറിലേക്കു ഖനന കന്പനികൾ കൂടുമാറി.
വെള്ളത്തിൽ ഉറക്കം
കൊളോണിയൽ കാലഘട്ടത്തിനു ശേഷവും തരിയോടുനിന്നു സ്വർണനിക്ഷേപം കണ്ടെത്താനുള്ള ശ്രമം തുടർന്നു. 1952ൽ തരിയോട് സ്വർണനിക്ഷേപമുണ്ടെന്നു കേന്ദ്ര ജിയോളജിക്കൽ വിഭാഗം കണ്ടെത്തി. ഗവേഷണത്തിനും പഠനങ്ങൾക്കും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അനുമതി നൽകി. എന്നാൽ, പദ്ധതി മുന്നോട്ടു പോയില്ല.
ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തരിയോടുനിന്നു സ്വർണം ലാഭകരമായി വേർതിരിക്കാമെന്നാണ് ഇപ്പോൾ ജിയോളജി വകുപ്പ് പറയുന്നത്. എന്നാൽ, ബാണാസുര മലയുടെ താഴ്വരയിൽ, 1979ൽ നിർമാണമാരംഭിച്ച് 2004ൽ നിർമാണം പൂർത്തിയായ ബാണാസുര ഡാമിന്റെ ജലാശയത്തിൽ വിസ്മൃതിയിലായ പ്രദേശത്ത് ഇനി ഖനനം നടക്കില്ല. പ്രകൃതിക്കും ആവാസ വ്യവസ്ഥയ്ക്കും നാശമുണ്ടാക്കി ഒരു ഖനനം യാഥാർഥ്യമാവില്ല.
ഇപ്പോൾ വേനൽക്കാലത്ത് അണക്കെട്ടിലെ ജലനിരപ്പ് താഴുന്പോൾ തരിയോട് അങ്ങാടിയുടെ പല ഭാഗങ്ങളും കാണാനാകും. നിരവധി കെട്ടിടങ്ങളും ആരാധനാലയങ്ങളും വീടുകളും പുറത്തെത്തും. കോലാർ സ്വർണ ഖനിയേക്കാൾ ഭീമാകാരമാകേണ്ടിയിരുന്ന തരിയോട് ഇന്നു ബാണാസുര മലയുടെ കീഴിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മണ് അണക്കെട്ടിലെ ജലാശയത്തിൽ ഗാഢനിദ്രയിലാണ്.
അജിത് മാത്യു