"കേരളത്തിലെയും മലയാളിയുടെയും മതസാമുദായിക സൗഹാർദ്ദവും ഐക്യവും എന്നും നിലനിൽക്കണം'
Saturday, September 18, 2021 2:31 PM IST
ഹൂസ്റ്റണ്‍: കേരളത്തിലെയും മറ്റു മലയാളികൾ എവിടെ ആയാലും അവരുടെ മതസമുദായിക വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഉപരിയായി പരസ്പര സ്നേഹവും സഹകരണവും സൗഹാർദ്ദവും വിവിധ മത വിശ്വാസങ്ങളോടുള്ള ബഹുമാനവും എന്നും നിലനിൽക്കണമെന്ന് മാവേലി തന്പുരാൻ.

കേരള ഡിബേറ്റു ഫോറം യുഎസ്എയും കേരള ലിറ്റററി ഫോറം യുഎസ്എയും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക വെർച്വൽ ഓണമഹോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു ഓണ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ബഹിരാകാശത്തെ ചന്ദ്രനിൽ വച്ച് രാമചന്ദ്രനും അബ്ദുൾ റഹ്മാനും ഗീവർഗീസും ചേർന്നു നടത്തുന്ന ചായക്കടയിൽ നിന്ന് "ചായേന്‍റെ വെള്ളം’ മോന്തീട്ടാണ് താൻ വരുന്നതെന്നു നർമ രൂപേണ പറഞ്ഞ ശേഷമാണ് തന്പുരാൻ വിഷയത്തിലേക്ക് കടന്നത്.

അമേരിക്കയിലെ നാസാ - ബഹിരാകാശ കേന്ദ്രം പ്രവർത്തിക്കുന്ന ഹൂസ്റ്റണിൽ "കേരളാ വണ്‍’ എന്ന ബഹിരാകാശ പേടകത്തിലും തുടർന്നു കേരള വണ്‍ എന്ന മോട്ടോർ വാഹനത്തിലുമേറിയാണ് മഹാബലി തന്പുരാൻ വെർച്വൽ ഓണമഹോത്സവത്തിനെത്തിയത്.

വെർച്വലായി, സൂമിലൂടെയുള്ള കൊട്ടും കുരവയും താലപൊലിയും തിരുവാതിരയുമൊക്കെയായി മാവേലി തന്പുരാനെ വെർച്വൽ മഹോത്സവവേദിയിലേക്കാനയിച്ചു. തുടർന്നങ്ങോട്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികളുടെ വൈവിദ്ധ്യമേറിയ കലാ - സാംസ്കാരിക പരിപാടികൾ ഓരോന്നായി എട്ടുമണിക്കൂറോളം വെർച്വൽ പ്ലാറ്റ്ഫോറത്തിൽ നീണ്ടു നിന്നു.

വൻ ഭാരവാഹികളുടെ ബാഹുല്യങ്ങളോ പ്രോട്ടോകോളോ ഇല്ലാതെ സന്നദ്ധ സംഘങ്ങളുടെ, വ്യക്തികളുടെ സഹകരണത്തോടെ സാംസ്കാരിക ഓണമഹോത്സവത്തിൽ പങ്കെടുക്കാനെത്തിയ പ്രമുഖരേയും സാധാരണക്കാരേയും ഒരേ രീതിയിൽ ആദരിച്ചും അവസരങ്ങൾ നൽകിയും "മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ’ എന്ന രീതിയിൽ ആയിരുന്നു പരിപാടികൾ അരങ്ങേറിയത്.

ഓണഐതീഹ്യങ്ങളുടേയും ആഘോഷങ്ങളുടേയും വിവിധങ്ങളായ വിശ്വാസങ്ങളുടെ പൊരുൾ തേടിയുള്ള സാഹിത്യ- സാംസ്കാരിക ഭാഷാ സംവാദങ്ങളും, ചർച്ചകളും ചടങ്ങിനു മാറ്റുകൂട്ടി.

ഓണം അന്നും ഇന്നും തദ്ദേശവാസികളുടെയും പ്രവാസികളുടെയും ഓണാഘോഷങ്ങളുടെയും സങ്കൽപ്പങ്ങളുടെയും മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സന്നിഹിതരായ സാംസ്കാരിക സംഘടനാ പ്രതിനിധികളും സാഹിത്യ - ഭാഷാ വിദഗ്ധരും പത്രമാധ്യമ പ്രതിനിധികളും സംസാരിക്കുകയും ചുരുങ്ങിയ വാചകങ്ങളിൽ വിലയേറിയ ഓണസന്ദേശങ്ങൾ നൽകുകയും ചെയ്തു.

എല്ലാവർക്കും തുല്യപ്രാധാന്യം കൊടുത്ത ഓണാഘോഷ പരിപാടികളിൽ പി.പി ചെറിയാൻ, ജോർജ് പാടിയേടം, ജോണ്‍ മാത്യു, ജോർജ് പുത്തൻകുരിശ്, അബ്ദുൾ പുന്നയൂർക്കുളം, ജീമോൻ റാന്നി, ഡോ. ശ്രീദേവി കൃഷ്ണൻ, പൊന്നുപിള്ള, ജോസഫ് പൊന്നോലി, ജോണ്‍ ഇളമത, ജോർജ് നെടുവേലി, ടി.സദാശിവൻ, സാബു കുര്യൻ, റോസ് ജോർജ്, ജോസഫ് തച്ചാറ, പി.റ്റി. പൗലോസ്, ഡോ. ജേക്കബ് കല്ലുപുര, ജോസ് വർക്കി, മേഴ്സി കുര്യൻ, രേഷ്മ നായർ, രാമചന്ദ്രൻ പിള്ള, ടി.കെ മൊയ്ദു, തെരേസ ടോം, ജേക്കബ് പടവത്തിൽ, സുകുമാരൻ നായർ, മേരികുട്ടി ജോണ്‍, ജോസഫ് വടക്കേടം, ജയ്സണ്‍ ജോസഫ്, അലക്സ് ജോർജ്, ബി.ജി വർഗീസ്, കൃഷ്ണൻ നായർ, വീണ ഗോപിനാഥ്, ലൗവ്‌ലി ടോം, ദീപ ജോസഫ്, ഷിബി റോയി, കുര്യൻ മ്യാലിൽ, ലാഫിയ സെബാസ്റ്റ്യൻ, അന്ന മുട്ടത്ത്, അനശ്വർ മാന്പിള്ളിൽ, തുടങ്ങിയർ പങ്കെടുത്തു.

പരിപാടികളുടെ അവതാരകരായി ഷീലാ ചെറു, ഡോ. മേരി ഫിലിപ്പ്, സജി കരിന്പന്നൂർ, കുഞ്ഞമ്മ മാത്യു എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു. എ.സി. ജോർജ് മോഡറേറ്ററായി പ്രവർത്തിച്ചു.

റിപ്പോർട്ട്: എ.സി ജോർജ്