നന്മയുടെ പരിമളം പരത്തിയ കാലഘട്ടത്തിന്‍റ പ്രവാചകൻ ഓർമ്മയായി
Wednesday, May 5, 2021 11:56 AM IST
ന്യൂയോർക്ക്: നന്മയുടെ പരിമളം പരത്തിയ കർമ്മയോഗിയായിരുന്നു കാലം ചെയ്ത മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ .ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തയെന്ന് ഡോ.മാമ്മൻ സി. ജേക്കബ് അനുസമരിച്ചു. വലിയ തിരുമേനിയുടെ വേർപാട് മാർത്തോമ്മാ സഭയ്ക്കു മാത്രമല്ല ഭാരത സഭയ്ക്കും ഒരു തീരാ നഷ്ടമാണ്. സഭയ്ക്കും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെട്ട , പകരം വയ്ക്കാനില്ലാത്ത ആദർശ ധീരനായ അപൂർവ്വം ചില വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വലിയ തിരുമേനി.

കാലഘട്ടത്തിന്‍റെ ഈ പ്രവാചകനെ സ്വർണ നാവുകാരൻ (golden toungue) എന്നായിരുന്നു ജനങ്ങൾ വിശേഷിപ്പിച്ചിരുന്നത്. ഏതു വിഷമം പിടിച്ച പ്രശ്നങ്ങളെയും നർമ്മത്തിൽ ചാലിച്ച് പ്രതിവിധി കണ്ടെത്തുന്ന അദ്ദേഹം മാർത്തോമ്മാ സഭയുടെ വളർച്ചയിൽ ഏറ്റവും മുന്നിൽ നിന്ന കർമ്മയോഗിയായിരുന്നു. അദ്ദേഹവുമായി അടുത്തിടപെടാൻ സാധിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിലൊന്നായി കാണുന്നുവെന്ന് ഡോ. മാമ്മൻ സി. ജേക്കബ് അനുസ്മരിക്കുന്നു.

പാവപ്പെട്ടവന്‍റെ കണ്ണീരൊപ്പാനും അവനിൽ ദൈവ സാന്നിധ്യം കണ്ട് അവരെ സഹായിക്കാനും അദ്ദേഹം ഏറെ ഉത്സാഹം കാണിച്ചിരുന്നു. ആര് എന്ത് ചെയ്യുന്നുവെന്നതിനെ കൃത്യമായി വിലയിരുത്തി എല്ലാ രാഷ്ട്രീയ- സാമുദായിക വിഭാഗങ്ങളുമായിഅടുത്ത ബന്ധം നിലനിർത്തുന്നതിന് അദ്ദേഹത്തിന് കഴിയുമായിരുന്നു. മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ആയിരുന്നപ്പോഴും പിന്നീട് വലിയ മെത്രാപ്പോലീത്തയായിരുന്നപ്പോഴും മാർത്തോമ്മാ സഭയ്ക്ക് അതീതമായി ഒരു മനുഷ്യ സ്നേഹിയെന്ന നിലയിലും അന്യ മതസ്ഥർക്കിടയിലും ഏറെ സ്വീകാര്യനായ വ്യക്തിയായിരുന്നു കാലം ചെയ്ത വലിയ തിരുമേനി. മത സമുദായങ്ങൾക്കതീതമായി സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിച്ചിരുന്ന അദ്ദേഹം രാഷ്ട്രത്തിനു നൽകിയ സംഭാവന മുൻനിർത്തിയാണ് ഭാരതം അദ്ദേഹത്തിന് പദ്മഭൂഷൺ അംഗീകാരം നൽകി ആദരിച്ചത്. അദ്ദേഹത്തിന്‍റെ ഓർമ്മകൾ കാലന്തരങ്ങളിൽ നിലനിൽക്കുമെന്നും ഡോ മാമൻ സി . ജേക്കബ് അനുസ്മരിച്ചു.

റിപ്പോർട്ട് :ഡോ മാമൻ സി. ജേക്കബ്