കെഎൽഎസ്‌ സൂം സാഹിത്യസല്ലാപം തെക്കേമുറിക്കൊപ്പം സെപ്റ്റംബർ 26 ന്
Monday, September 21, 2020 10:30 PM IST
ഡാളസ്: കേരളാ ലിറ്റററി സൊസൈറ്റി സെപ്റ്റംബർ 26 ന് (ശനി) അമേരിക്കയിലെ പ്രമുഖ പ്രവാസി സാഹിത്യകാരനായ എബ്രഹാം തെക്കേമുറിയുടെ സാഹിത്യസപര്യയക്കുറിച്ച്‌ ഒരു അവലോകനസമ്മേളനം നടത്തുന്നു.

അമേരിക്കയിലെ ആദ്യകാല നോവലിസ്റ്റ്, കവി, സാമൂഹ്യപ്രവർത്തകൻ, സംഘാടകൻ എന്നീ നിലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് എബ്രഹാം തെക്കേമുറി. ഗ്രീൻകാർഡ്‌, പറുദീസയിലെ യാത്രക്കാർ, ശൂന്യമാകുന്ന മ്ലേച്ഛത തുടങ്ങിയവയാണു എബ്രഹാം തെക്കേമുറിയുടെ പ്രധാനകൃതികൾ. ‌

നവ മാധ്യമ പ്രസിദ്ധീകരണങ്ങളിലൂടെ ശ്രേദ്ധേയമായ എഴുത്തുകാരി മീനു എലിസബത്ത് മോഡറേറ്റർ ആയിരിക്കുന്ന ഈ സാഹിത്യസല്ലാപത്തിൽ പങ്കെടുക്കുന്നവർ സാമൂഹ്യ പ്രവർത്തകനും 'ജനനി' മാസികയുടെ ചീഫ് എഡിറ്ററുമായി ജെ മാത്യൂസ്, മുതിർന്ന പത്ര പ്രവർത്തകനും 'ഇ മലയാളി' ചീഫ് എഡിറ്ററുമായ ജോർജ് ജോസഫ്, പ്രവാസി സാഹിത്യക്കാരന്മാരായ ജോൺ മാത്യു, എം.എസ്.ടി നമ്പൂതിരി, ജോസൻ ജോർജ്, ഡോ. ജോർജ് എം. കാക്കനാട്ട്, മനോഹർ തോമസ്‌, ജോസ് ഓച്ചാലിൽ, സിജു വി. ജോർജ്, റോസമ്മ ജോർജ് തുടങ്ങിയവർ പങ്കെടുക്കും. പ്രശസ്ത എഴുത്തുകാരായ പോൾ സക്കറിയ, ബെന്യാമിൻ എന്നിവർ സന്ദേശങ്ങൾ നൽകും.

Join Zoom Meeting ID: 883 8503 2416

പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഹരിദാസ്‌ തങ്കപ്പൻ അറിയിച്ചു.

1992 ൽ സാഹിത്യ സ്നേഹികളായ കുറേ പേർ ചേർന്ന് ഡാളസിൽ രൂപീകരിച്ച സംഘടനയാണ്. കേരളാ ലിറ്റററി സൊസൈറ്റി. കഴിഞ്ഞ 28 വർഷങ്ങളായി സാഹിത്യ സംബന്ധമായ വിവിധ പരിപാടികൾ സംഘടന സംഘടിപ്പിക്കുന്നുണ്ട്‌. സാഹിത്യ സമ്മേളനങ്ങൾ, വിദ്യാരംഭ ചടങ്ങുകൾ, കേരളപ്പിറവി ആഘോഷം തുടങ്ങിയ പരിപാടികൾ എല്ലാ വർഷവും സംഘടിപ്പിച്ചു പോരുന്നു. അമേരിക്കയിൽ ആദ്യമായി വിദ്യാരംഭ ചടങ്ങിനു തുടക്കം കുറിച്ച സംഘടന എന്ന ഖ്യാതിയും കെഎൽഎസിനു മാത്രം സ്വന്തം.

ഇതു വരെ മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യസംബന്ധിയായ നിരവധി വേറിട്ട ഓൺലൈൻ പരിപാടികൾ കെഎൽഎസ് മാസംതോറും സംഘടിപ്പിക്കുന്നു.

വിവരങ്ങൾക്ക്‌ : [email protected]