ഹൂസ്റ്റൺ ജനതക്ക് 19 മില്യൺ ഡോളറിന്‍റെ സഹായ ഹസ്തവുമായി മേയർ
Saturday, August 1, 2020 6:24 PM IST
ഹൂസ്റ്റ‍ൺ: കോവിഡ് - 19 പാൻഡമിക്കിന്‍റെ ദുരന്ത ഫലങ്ങൾ താണ്ധവമാടുന്ന ഹൂസ്റ്റൺ ജനതക്ക് സഹായ ഹസ്തവുമായി മേയർ സിൽവസ്റ്റർ ടർണർ . മഹാമാരിയെ തുടർന്നു തൊഴിൽ നഷ്ടപ്പെടുകയും വാടക നൽകാനുള്ള സാന്പത്തികശേഷി ഇല്ലാത്തതിനെതുടർന്നു കുടിയിറക്കു ഭീഷണി നേരിടുകയും ചെയ്യുന്ന സാധാരണക്കാരെ സാഹായിക്കാൻ 19 മില്യൺ ഡോളറിന്‍റെ സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഹൂസ്റ്റൺ സിറ്റി കെയേഴ്സ് ആക്ട് ഫണ്ടിംഗിൽനിന്നും 14 മില്യണും സ്വകാര്യ വ്യക്തികളിൽ നിന്നും ലഭിച്ച 4 മില്യണും ഉൾപ്പെടെ 19 മില്യൺ ഡോളറാണ് 36 മണിക്കൂറിനുള്ളിൽ സമാഹരിക്കാൻ കഴിഞ്ഞതെന്ന് മേയർ ജൂലൈ 31നു നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

600 ഡോളർ വരുന്ന തൊഴിൽരഹിത വേതനം നഷ്ടപ്പെടുന്നു എന്ന വാർത്തവന്ന ദിവസം തന്നെയാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തുവാൻ കഴിഞ്ഞതെന്നും മേയർ കൂട്ടിചേർത്തു.

ഫെഡറൽ റിലീഫ് ഫണ്ടും ലീഗൽ അസിസ്റ്റന്‍റും ലഭിക്കുവാൻ അർഹതയില്ലാത്തവരുടെ വാടക നൽകുന്നതിനാണ് ഈ ഫണ്ട് ഉപയോഗിക്കുക. മേയിൽ റന്‍റൽ റിലീഫ് പ്രോഗ്രാമിന്‍റെ ഗുണഭോക്താക്കളായ 13,000 പേർക്ക് പുറമെയാണ് ഈ സാഹയത്തിന് അർഹത ലഭിക്കുക.

ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് സഹായധനം വിതരണം ചെയ്യുകയെന്നും മേയർ പറഞ്ഞു. ജനങ്ങൾ സാന്പത്തിക ക്ലേശം അനുഭവിക്കുന്പോൾ അവരെ കുടിയൊഴിപ്പിക്കുക എന്നത് വേദനാജനകമാണെന്നതിനാലാണ് സിറ്റി ഇത്തരമൊരു തീരുമാനമെടുത്തതെന്നും മേയർ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ