നായയെ ചൊല്ലി തർക്കം; അയൽവാസി അച്ഛനെയും മകളെയും വെടിവച്ചു കൊന്നു
Thursday, July 9, 2020 8:36 PM IST
സെന്‍റ് ലൂസി, ഫ്ലോറിഡ: നായയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നു അച്ഛനെയും മകളെയും അയൽവാസിയായ 85 കാരൻ വെടിവച്ചു കൊന്നു. ഒടുവിൽ അയൽവാസിയും മരണത്തിനു കീഴടങ്ങി. പതിനൊന്നുകാരി പെൺകുട്ടിയേയും പിതാവിനെയുമാണ് നായയുടെ ഉടമസ്ഥനായ അയൽവാസി കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.കൊല്ലപ്പെട്ട അലക്സാണ്ടർ ഹാൻസുമാന്‍റെ (55) വീട്ടിലുള്ള പ്രായമായ സ്ത്രീയെ അയൽവാസിയായ റൊണാൾഡിന്‍റെ പിറ്റ്ബുൾ ആക്രമിച്ചിരുന്നു. മാർച്ചിലായിരുന്നു സംഭവം. ഇതേത്തുടർന്നു ഇരു കുടുംബങ്ങളും തമ്മിൽ തർക്കം ഉണ്ടാകുകയും വിഷയം കോടതിയിൽ എത്തുകയും ചെയ്തു.കേസുമായി ബന്ധപ്പെട്ട് കോടതിയിൽ പോയി തിരിച്ചെത്തിയ അലക്സാണ്ടറുടെ വീട്ടിൽ തോക്കുമായെത്തി റൊണാൾഡ് ആക്രമണം നടത്തുകയായിരുന്നു. അലക്സാണ്ടറിനും മകൾക്കും വെടിയേറ്റു. വീട്ടിലുണ്ടായിരുന്ന മറ്റു നാലുപേർ ഓടി രക്ഷപ്പെട്ടു. വീട്ടിൽ വെടിവയ്പ്പു നടക്കുന്നുവെന്നു വിളിച്ചറിയിച്ചതിനെ തുടർന്ന് എത്തിച്ചേർന്ന പോലീസുമായി റൊണാൾഡ് ഏറ്റുമുട്ടി. റൊണാൾഡ് മരിച്ചതു സ്വയം വെടിവച്ചണോ, പോലീസിന്‍റെ വെടിയേറ്റാണോ എന്നു വ്യക്തമായിട്ടില്ല. വെടിയേറ്റു രക്തത്തിൽ കുളിച്ചു കിടന്നിരുന്ന അലക്സാണ്ടറെയും മകളെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നായയുടെ പേരിൽ നടന്ന കൊലപാതകം വളരെയധികം ദുഃഖകരമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും സെന്‍റ് ലൂസി പോലീസ് ചീഫ് റിച്ചാർഡ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ