ബല്ലാരറ്റിൽ ഒത്തൊരുമയുടെ പൊന്നോണം
Thursday, September 26, 2019 8:05 PM IST
ബല്ലാരറ്റ്: ബഹുജനപങ്കാളിത്തം കൊണ്ടും വർണശബളമായ ഓണാക്കാഴ്ചകൾ കൊണ്ടും ബല്ലാരറ്റ് മലയാളി അസോസിയഷന്‍റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം ശ്രദ്ധേയമായി.

സെന്‍റ് പാട്രിക് പാരിഷ് ഹാളിൽ സെപ്റ്റംബർ 14 നു രാവിലെ മുതൽ തുടങ്ങിയ ആഘോഷ പരിപാടികൾ രാത്രി വരെ നീണ്ടു നിന്നു. ചെണ്ടമേളത്തിന്‍റേയും പുലിക്കളിയുടെയും താലത്തിന്‍റെയും അകമ്പടിയോടെ അതിഥികളെ സ്വീകരിച്ചു നടത്തിയ ഘോഷയാത്ര തദേശീയർക്കു പുതുമയാർന്ന കാഴ്ച്ചാനുഭവമായിരുന്നു.

ഫെഡറൽ മൾട്ടികൾച്വറൽ അസിസ്റ്റന്‍റ് മിനിസ്റ്റർ ജേസൺ വുഡിന്‍റെ ആശംസകളോടെ തുടങ്ങിയ പരിപാടിയിൽ വെണ്ടൂരി എംപി ജൂലിയനാ അഡിസൺ മുഖ്യാതിഥിയായി. മേയറെ പ്രതിനിധീകരിച്ചു കൗൺസിലർ ഗ്രാൻഡ് റ്റില്ലെറ്റ്, ഫെഡറേഷൻ യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് ഡയറക്ടർ ജെറി വാൻ ഡെൽഫ്ട്, മൾട്ടികൾച്ചറൽ അംബാസഡർ ബോബി മെഹ്താ, മൾട്ടികൾച്ചറൽ ഓഫീസർമാരായ ജോൺ ഡ്രെന്നാൻ, ഫ്രാൻസിസ് സലിംഗ എന്നിവർ ആശംസകൾ നേർന്ന ചടങ്ങിൽ ബിഎംഎ പ്രസിഡന്‍റ് മാർട്ടിൻ ഉറുമീസ് അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്‍റ് ഷീന നെൽസൺ, സെക്രട്ടറി അൻഷു സാം, എക്സിക്യൂട്ടീവ് അംഗം രാജേഷ് തങ്കപ്പൻ എന്നിവർ സ്വാഗതവും നന്ദിയും പറഞ്ഞു. ചടങ്ങിൽ നാനൂറിലധികം പേർ പങ്കെടുത്തു.

ബല്ലാരറ്റ് മലയാളീ അസോസിയേഷന്‍റെ വെബ്സൈറ്റ് ഉദ്ഘാടനം ജൂലിയനാ അഡിസൺ എംപി നിർവഹിച്ചു. തുടർന്നു വിവിധ കലാപരിപാടികളും കുടുംബ സംഗമവും നടന്നു. അസോസിയേഷൻ അംഗങ്ങളുടെ കൂട്ടായ്മയിൽ തയാറാക്കിയ സ്വാദേറിയ ഓണസദ്യ ആഘോഷത്തിന്‍റെ മാറ്റു കൂട്ടി. പിന്നീട് നടന്ന കസേര കളി, വടം വലിമത്സരം എന്നിവയ്ക്കുശേഷം കലാകായിക മത്സരങ്ങളുടെയും വിവിധമേഖലകളിൽ മികവ് കാട്ടിവർക്കും ഉള്ള സമ്മാനവിതരണത്തോടെ ഈ വർഷത്തെ ഓണാഘോഷണങ്ങൾക്കു പരിസമാപ്തിയായി.

റിപ്പോർട്ട് : ലോകൻ രവി