ഡബ്ല്യുഎംപിഎൽ ക്രിക്കറ്റ് ടൂർണമെന്റ്; തൃശൂർ പുണ്യാളൻസ് ജേതാക്കൾ
വെല്ലിംഗ്ടൺ: ഡബ്ല്യുഎംപിഎൽ ക്രിക്കറ്റ് ടൂർണമെന്റ് നാലാം സീസൺ സമാപിച്ചു. ആവേശകരമായ ഫെെനൽ മത്സരത്തിൽ ട്രാവൻകൂർ റോയൽസിനെ പരാജയപ്പെടുത്തി തൃശൂർ പുണ്യാളൻസ് ജേതാക്കളായി.
റോയൽസ് ഉയർത്തിയ 104 റൺസ് 18.5 ഓവറിൽ മറികടന്നാണ് തൃശൂർ പുണ്യാളൻസ് കിരീടം ചൂടിയത്. തൃശൂർ പുണ്യാളൻസ്, ട്രാവൻകൂർ റോയൽസ്, വാളയാർ റിനോസ്, അങ്കമാലി ടൈറ്റൻസ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
2021ൽ ഹൈറേഞ്ച് വാരിയർസ്, 2022ൽ ട്രാവൻകൂർ റോയൽസ്, 2023ൽ പാലാ കൊമ്പൻസ് എന്നിവരാണ് കഴിഞ്ഞ സീസണുകളിൽ കിരീടമണിഞ്ഞത്. പ്രധാന കോഓർഡിനേറ്റർമാരായ ഡിജോ ജോൺ, ചെസിൽ സോജൻ എന്നിവരാണ് ടൂർണമെന്റിന്റെ നടത്തിപ്പിന് ചുക്കാൻ പിടിച്ചത്.
ഈ സീസൺ വിജയിപ്പിച്ച എല്ലാവരോടും നന്ദി പറയുന്നതായും കൂടുതൽ ടീമുകളെയും കളിക്കാരെയും കമ്യൂണിറ്റി പങ്കാളിത്തത്തെയും അടുത്ത സീസണിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവ നേതൃത്വം
പെർത്ത്: പെർത്തിലെ പ്രമുഖ അസോസിയേഷനായ പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവനേതൃത്വം. ബേക്കർ ഹൗസിൽ ചേർന്ന12-ാമത് വാർഷിക പൊതുയോഗത്തിലാണ് അംഗങ്ങളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തത്.
ബിനോജ് മാത്യു (പ്രസിഡന്റ്), ബോണി എം. ജോർജ് (സെക്രട്ടറി), ഐസക് അനൂപ് (ട്രെഷറർ), ബേബിമോൾ (വൈസ് പ്രസിഡന്റ്), തോമസ് ഡാനിയേൽ (ജോയിന്റ് സെക്രട്ടറി) എന്നിവരെ കൂടാതെ ആർട്സ് സെക്രട്ടറിമാരായി സീമ സുജിത്, റിൻസ് ജോയ്, സ്പോർട്സ് സെക്രട്ടറിമാരായി സോണി തോമസ്, വിഷാൽ ജോസ് എന്നിവരെയും തെരഞ്ഞെടുത്തു.
കൂടുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പികാൻ വിവിധ കമ്മിറ്റികളിലായി അഭിലാഷ്, അനിൽ, ബിജോയ്, ബേബിച്ചൻ, ജോ പ്രവീൺ, റിച്ചി, സുജിത്, രമ്യ, ബിബി, റീജ, റ്റീന എന്നിവരെ തെരഞ്ഞെടുത്തു. മീറ്റിംഗിൽ കഴിഞ്ഞ വർഷത്തെ പ്രസിഡന്റ് സുജിത് എബ്രഹാം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി റിച്ചി വാർഷിക റിപ്പോർട്ടും ട്രെഷറർ ബിജോയ് വാർഷിക വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു യോഗം പാസാക്കി. പെർത്തിലെ കുടിയേറ്റ മലയാളികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്യൂമ ഓരോ വർഷവും വ്യത്യസ്തമായ നിരവധി പരിപാടികളാണ് അവതരിപ്പിക്കാറുള്ളത്.
കഴിഞ്ഞവർഷം നമ്മൾ തുടക്കം കുറിച്ച പ്യൂമ ആർട്ട്സ് അക്കാഡമിക് മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നൂറോളം കുട്ടികൾക്ക് വളരെ കുറഞ്ഞ ചെലവിൽ ഡാൻസ് (ഡോളർ ഒന്പത്) പരിശീലിപ്പിക്കുകയും അവർക്ക് കേരളത്തിലെ സിനിമാ താരങ്ങൾക്കും പിന്നണി ഗായകർക്കും ഒപ്പം വേദികൾ പങ്കിടാനുള്ള അവസരവും ഒരുക്കിയിരുന്നു.
പ്യൂമ ആർട്സ് അക്കാദമിയുടെ നാടകം ആനവാരിയും പൊൻകുരിശും വലിയ സ്വീകാര്യതയാണ് പെർത്ത് മലയാളിക്ക് ഇടയിൽ നിന്നും ലഭിച്ചത്. കൂടാതെ വർക്കിംഗ് വുമൺസിനായി തിങ്കൾ, വ്യാഴം ദിവസങ്ങളിൽ സൂമ്പാ ക്ലാസുകളും നടത്തുന്നു.
കഴിഞ്ഞവർഷം ഓസ്ട്രേലിയയിലും നാട്ടിലുമായി ഏകദേശം ഒൻപതിനായിരത്തോളം ഡോളർ ചാരിറ്റി പ്രവർത്തനങ്ങൾക്കായി നൽകി. കൂടാതെ സോക്കർ ടൂർണമെന്റ് ഇന്റർനാഷണൽ വുമൺസ് ഡേ, വ്യത്യസ്ത ഭാഷകളിൽ പൂമ സ്റ്റാർ സിംഗർ, ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളും മുടങ്ങാതെ എല്ലാ വർഷവും നടത്തിപ്പോരുന്നു.
475 അധികം കുടുംബങ്ങൾ അംഗങ്ങളായുള്ള പെർത്തിലെ പ്രധാന അസോസിയേഷനാണ് പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ. നിങ്ങൾ നൽകിവരുന്ന സഹകരണം മാത്രമാണ് ഇത്തരം പരിപാടികളുമായി മുന്നോട്ടുപോകാൻ പ്രചോദനമാകുന്നതെന്ന് സംഘാടകർ പറഞ്ഞു.
എ.എൻ. ഷംസീർ ഓസ്ട്രേലിയയിൽ
തിരുവനന്തപുരം: കോമണ്വെൽത്ത് പാർലമെന്ററി കോണ്ഫറൻസിൽ പങ്കെടുക്കാൻ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഓസ്ട്രേലിയയിൽ. കോമണ്വെൽത്ത് പാർലമെന്ററി കോണ്ഫറൻസ് വ്യാഴാഴ്ചവരെയാണ് ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടക്കുന്നത്.
അംഗരാജ്യങ്ങളിൽ ജനാധിപത്യം, മനുഷ്യാവകാശം, മികച്ച ഭരണം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് അസോസിയേഷന്റെ ലക്ഷ്യം. കോമണ്വെൽത്ത് രാജ്യങ്ങളിലെ നിയമനിർമാണ സഭകൾ അംഗങ്ങളായ, ലണ്ടൻ ആസ്ഥാനമായുള്ള അന്താരാഷ്ട്ര സംഘടനയാണ് കോമണ്വെൽത്ത് പാർലമെന്ററി അസോസിയേഷൻ.
ഇന്ത്യൻ പാർലമെന്റ് പ്രതിനിധികളും സംസ്ഥാന നിയമനിർമാണ സഭകളിലെ അധ്യക്ഷന്മാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
സിയന്നയിൽ കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക
സിയന്ന: ഇറ്റലിയിലെ സിയന്ന കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക.
സിയന്നയിലെ അക്വ കൽദ്ദായിലുള്ള സാൻ ബനോദേത്താ ദേവാലയമാണ് മലയാളികൾക്ക് ആരാധനാ ആവശ്യങ്ങൾക്കായി സിയന രൂപത വിട്ടു തന്നിരിക്കുന്നത്. പുതിയ സെന്ററിന്റെ ഉദ്ഘാടനം സിയന്ന അതിരൂപത പിതാവ് കർദിനാൾ അഗസ്തോ പൗളോ ലോജുഡിച്ചെ നിർവഹിച്ചു.
ഇറ്റലി സീറോ മലങ്കര സമൂഹത്തിന്റെ വികാരി ഫാ. ബനഡിക്റ്റ് കുര്യൻ, സിയന്ന രൂപതയിൽ സേവനം ചെയുന്ന മലയാളി വൈദികർ, സന്യാസിനികൾ, വിശ്വാസി സമൂഹവും ഏറെ സന്തോഷത്തോടെയും പ്രാർഥനയോടെ പരിപാടികളിൽ പങ്കെടുത്തു. ഇനിമുതൽ സിയന്നയിലെ മലയാളം കുർബാനകൾ ഈ പള്ളിയിൽ ആയിരിക്കും നടക്കുക.
മാസത്തിലെ അവസാന ഞായറാഴ്ച ഉച്ചതിരിഞ്ഞു 3.30ന് ദിവ്യബലി ഉണ്ടായിരിക്കും. സിയന രൂപതയിലെ ഇന്ത്യൻ സമൂഹത്തതിന്റെ ചുമതലയുള്ള ഫാ. ലിയോ വെമ്പിൽ പരിപാടികൾക്കു നേതൃത്വം നൽകി.
കൂടുതൽ വിവരങ്ങൾക്ക്: +39 3313854576
ന്യൂസിലൻഡ് എഡ്യുക്കേഷൻ ഫെയർ 29ന് കൊച്ചിയിൽ
കണ്ണൂർ: ന്യൂസിലൻഡ് സർക്കാരിന്റെ ഔദ്യോഗിക വിദ്യാഭ്യാസ ഏജൻസിയായ എഡ്യുക്കേഷൻ ന്യൂസിലാൻഡിന്റെ പിന്തുണയോടെ സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന ന്യൂസിലാൻഡ് എഡ്യുക്കേഷൻ ഫെയർ 29 ന് കൊച്ചിയിൽ നടക്കും.
മറൈൻ ഡ്രൈവിലെ താജ് വിവാന്റ ഹോട്ടലിൽ എൻജിനിയറിംഗ്, ഐടി, നഴ്സിംഗ്, ഹെൽത്ത്, അലൈഡ് ഹെൽത്ത് കെയർ, ടീച്ചിംഗ് തുടങ്ങി ഗ്രീൻ ലിസ്റ്റ് ഫോക്കസ് ചെയ്തുള്ള കോഴ്സുകളെപ്പറ്റി വിദ്യാർഥികൾക്കു മനസിലാക്കാനും ന്യൂസിലൻഡിലെ യൂണിവേഴ്സിറ്റി, കോളജ് പ്രതിനിധികളെ നേരിൽക്കണ്ട് സംശയനിവാരണം നടത്തുന്നതിനുമുള്ള മികച്ച അവസരമാണിതെന്ന് സാന്റാ മോണിക്ക മാനേജിംഗ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
50 മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പ് നേടാനും വിദ്യാർഥികൾക്കുള്ള അവസരമാണിത്. ഫാസ്റ്റ് ട്രാക്ക് അഡ്മിഷൻ ഡെസ്ക്, പ്രമുഖ ബാങ്കുകളുടെ ബാങ്ക് ലോൺ ഡെസ്ക് എന്നിവ ഫെയറിന്റെ ഭാഗമായുണ്ട്. കൂടാതെ, എഡ്യുക്കേഷൻ ന്യൂസിലൻഡിന്റെ ഔദ്യോഗിക പ്രതിനിധികൾ നയിക്കുന്ന സെമിനാറിലും പങ്കെടുക്കാം.
രാവിലെ 10 മുതൽ നാലു വരെയാണ് ഫെയർ. പ്രവേശനം സൗജന്യം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.santamonicaedu.in, എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. ഫോൺ: 0484 4150999, 9645222999.
ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയിൽ നേരിട്ടു പ്രവേശനമൊരുക്കി ഗ്ലോബൽ എഡ്യുക്കേഷൻ
കൊച്ചി: എൻജിനിയറിംഗ് കോഴ്സുകളിൽ ലോകറാങ്കിംഗിൽ 37-ാം സ്ഥാനത്തും ഓസ്ട്രേലിയയിൽ ഒന്നാം സ്ഥാനത്തുമുള്ള മൊണാഷ് യൂണിവേഴ്സിറ്റിയിൽ നേരിട്ട് എൻജിനിയറിംഗ് പ്രവേശനം നേടാൻ കൊച്ചി കലൂരിലെ ഗ്ലോബൽ എഡ്യുക്കേഷൻ അവസരമൊരുക്കുന്നു.
ഇതിന്റെ ഭാഗമായി മൊണാഷ് യൂണിവേഴ്സിറ്റിയുടെ എൻജിനിയറിംഗ് റിക്രൂട്ട്മെന്റ് സ്പെഷലിസ്റ്റ് വൺ ടു വൺ അഡ്മിഷൻ ആൻഡ് സ്കോളർഷിപ് കൗൺസലിംഗ് ഇന്ന് കലൂരിലെ ഗ്ലോബൽ എഡ്യുക്കേഷനിൽ നടക്കും.
പ്ലസ്ടുവിനുശേഷം മികച്ച എൻജിനിയറിംഗ് കോഴ്സുകൾക്കായി ശ്രമിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യമായി റിക്രൂട്ട്മെന്റ് സേവനം പ്രയോജനപ്പെടുത്താം. ഫോൺ: 9020 500700.
വെല്ലിംഗ്ടൺ സീറോമലബാർ മിഷനിൽ തിരുനാൾ
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ വെല്ലിംഗ്ടൺ സീറോമലബാർ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ 26ന് (ശനി) ഐലൻഡ് ബേയിലെ സെന്റ് ഫ്രാൻസിസ് ഡി സെയിൽസ് പള്ളിയിൽ നടക്കും.
വൈകുന്നേരം 4.15ന് വികാരി ഫാ. ജോസഫ് കുന്നക്കാട്ട് കൊടിയേറ്റും. തുടർന്ന് ജപമാല, ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം, ലദീഞ്ഞ്, പ്രസുദേന്തിവാഴ്ച, പ്രദക്ഷിണം, നേർച്ച, സ്നേഹവിരുന്ന് എന്നിവയുണ്ടാകും.
ട്രസ്റ്റിമാരായ ജെസിൽ തോമസ്, മനോജ് സ്കറിയ, സെക്രട്ടറി ജോഷ്വാ ജോസ്, ട്രഷറർ മാത്യു അൽഫോൻസ്, പ്രസുദേന്തിമാർ തുടങ്ങിയവർ തിരുനാളിന് നേതൃത്വം നൽകും.
വെല്ലിംഗ്ടൺ സീറോമലബാർ മിഷനിൽ തിരുനാൾ 27ന്
വെല്ലിംഗ്ടൺ: വെല്ലിംഗ്ടൺ സീറോമലബാർ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെ തിരുനാൾ ഈ മാസം 27ന് ഐലന്റ് ബേയിലെ സെന്റ് ഫ്രാൻസിസ് ഡി സെയിൽസ് പള്ളിയിൽ നടക്കും.
വൈകുന്നേരം 4.15ന് വികാരി ഫാ. ജോസഫ് കുന്നക്കാട്ട് കൊടിയേറ്റും തുടർന്ന് ജപമാല, ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം, ലദീഞ്ഞു, പ്രസുദേന്തിവാഴ്ച, ഭക്തിനിർഭരമായ പ്രദക്ഷിണം, നേർച്ച, സ്നേഹവിരുന്ന് എന്നിവ നടക്കും.
ട്രസ്റ്റിമാരായ ജെസിൽ തോമസ്, മനോജ് സ്കറിയ, സെക്രട്ടറി ജോഷ്വാ ജോസ്, ട്രഷറർ മാത്യു അൽഫോൻസ്, പ്രസുദേന്തിമാർ തുടങ്ങിയവർ തിരുനാളിന് നേതൃത്വം നൽകും.
മലയാളികൾ കൂടുതൽ വസിക്കുന്ന ഈ പ്രദേശത്ത് മെൽബൺ രൂപത ന്യൂസിലൻഡിൽ ആദ്യമായി നിയമിച്ച വൈദീകൻ ഫാ. ജോസഫിന്റെ കാർമികത്വത്തിൽ എല്ലാ ദിവസവും മലയാളം കുർബാനയും മറ്റു തിരുകർമങ്ങളും ഉണ്ടായിരിക്കുന്നത് മലയാളികൾക്ക് ആശ്വാസകരമാണ്.
കൂടുതൽ വിവരങ്ങൾക്ക്: 0091-9447038129.
മെല്ബണ് സെന്റ് അല്ഫോന്സ സീറോമലബാര് കത്തിഡ്രല് ദേവാലയത്തിന്റെ കൂദാശ നവംബര് 23ന്
മെല്ബണ്: സെന്റ് അല്ഫോന്സ സീറോമലബാര് കത്തീഡ്രല് ദേവാലയത്തിന്റെ കൂദാശ കര്മം സീറോമലബാര് സഭയുടെ മേജര് ആര്ച്ച്ബിഷപ് മാര് റാഫേല് തട്ടില് നവംബര് 23ന് നിര്വഹിക്കും.
മെല്ബണ് രൂപത അധ്യക്ഷന് ബിഷപ് ജോണ് പനംതോട്ടത്തില്, മെല്ബണ് രൂപതയുടെ പ്രഥമ ബിഷപ് മാര് ബോസ്കോ പുത്തൂര്, ഉജ്ജയിന് രൂപത ബിഷപ് മാര് സെബാസ്റ്റ്യന് വടക്കേല്, മാനന്തവാടി രൂപത ബിഷപ് മാര് ജോസ് പൊരുന്നേടം, കോതമംഗലം രൂപത ബിഷപ് മാര് ജോര്ജ് മഠത്തികണ്ടത്തില്,
യുകെ പ്രസ്റ്റണ് രൂപത ബിഷപ് ജോസഫ് സ്രാമ്പിക്കല്, പാലക്കാട് രൂപത മുന് ബിഷപ് ജേക്കബ് മനത്തോടത്ത്, മെല്ബണിലെ ഉക്രേനിയന് രൂപത ബിഷപും നിയുക്ത കര്ദിനാളുമായ ബിഷപ് മൈക്കോള ബൈചോക്ക്, മെല്ബണ് ആര്ച്ച്ബിഷപ് പീറ്റര് കമെന്സോളി, ബ്രിസ്ബെന് ആര്ച്ച്ബിഷപ് മാര്ക്ക് കോള്റിഡ്ജ്,
കാന്ബെറ ആര്ച്ബിഷപ് ക്രിസ്റ്റഫര് പ്രൗസ്, ടുവൂംബ രൂപത ബിഷപ് കെന് ഹൊവല്, ഓസ്ട്രേലിയന് കാല്ദീയന് രൂപത ബിഷപ് അമേല് ഷാമോന് നോണ, ഓസ്ട്രേലിയന് മാറോനൈറ്റ് രൂപത ബിഷപ് ആന്റെറായിന് ചാര്ബെല് ടരാബെ, ഓസ്ട്രേലിയന് മെല്ക്കൈറ്റ് രൂപത ബിഷപ് റോബര്ട്ട് റബാറ്റ്,
ഓസ്ട്രേലിയന് കാത്തലിക് ബിഷപ് കോണ്ഫറന്സിലെ മെത്രാന്മാര്, മെല്ബണ് രൂപത വികാരി ജനറാള് മോണ്സിഞ്ഞോര് ഫ്രാന്സിസ് കോലഞ്ചേരി, ചാന്സിലര് ഫാ. സിജീഷ് പുല്ലന്കുന്നേല്, മെല്ബണ് രൂപതയിലെ വൈദികര്, ഓസ്ട്രേലിയയില് മറ്റു രൂപതകളിലെ മലയാളി വൈദികര്,
ഫെഡറല് - സ്റ്റേറ്റ് മന്ത്രിമാര്, എംപിമാര്, പാസ്റ്ററല് കൗണ്സില് അംഗങ്ങള്, മെല്ബണ് രൂപതയിലെ വിവിധ ഇടവകകളില് നിന്നും മിഷനുകളില് നിന്നുമുള്ള പ്രതിനിധികള്, ഹ്യൂം സിറ്റി - വിറ്റല്സീ സിറ്റി കൗണ്സിലിലെ കൗണ്സിലേഴ്സ് എന്നിവര് പങ്കെടുക്കും.
നവംബര് 23ന് രാവിലെ ഒന്പതിന് പിതാക്കന്മാരെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കും. 9.30ന് കത്തീഡ്രല് ദേവാലയത്തിന്റെ കൂദാശയും തുടര്ന്ന് മേജര് ആര്ച്ച്ബിഷപ് മാര് റാഫേല് തട്ടിലിന്റെ മുഖ്യകാര്മികത്വത്തില് ആഘോഷപൂര്വമായ വിശുദ്ധ കുര്ബാനയും അര്പ്പിക്കും.
സ്വന്തമായ ഒരു ദേവാലയം എന്ന കത്തീഡ്രല് ഇടവാകാംഗങ്ങളുടെ വര്ഷങ്ങളായുള്ള പ്രാര്ഥനകളുടെയും കാത്തിരിപ്പിന്റെയും പരിസമാപ്തിയിലാണ് സെന്റ് അല്ഫോന്സ കത്തീഡ്രല് ദേവാലയം കൂദാശക്കായി ഒരുങ്ങുന്നത്.
2013 ഡിസംബര് 23നാണ് മെല്ബണ് ആസ്ഥാനമായും മെല്ബണ് നോര്ത്ത് ഇടവക രൂപതയുടെ കത്തീഡ്രലായും ഫ്രാന്സിസ് മാര്പാപ്പ, ഇന്ത്യക്ക് പുറത്തെ രണ്ടാമത്തെ സീറോമലബാര് രൂപതയായി മെല്ബണ് സെന്റ് തോമസ് സീറോമലബാര് രൂപത പ്രഖ്യാപിച്ചത്.
രൂപതാസ്ഥാപനത്തിന്റെ പത്താം വാര്ഷികവേളയിലാണ് മെല്ബണ് സീറോമലബാര് രൂപത കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ഇടവകസമൂഹങ്ങളുടെയും സ്വപ്നമായിരുന്ന കത്തീഡ്രല് ദേവാലയം പൂര്ത്തീകരിക്കപ്പെടുന്നത്.
550 ഓളം കുടുംബങ്ങളുള്ള കത്തീഡ്രല് ഇടവകയിലെ വിശ്വാസീസമൂഹത്തിന്റെ കഴിഞ്ഞ 15 വര്ഷങ്ങളായുള്ള പ്രാർഥനയുടെയും ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും ഫലമാണ് സെന്റ് അല്ഫോന്സ കത്തീഡ്രല് ദേവാലയം.
2020 ജൂലൈ മൂന്നിന് മെല്ബണ് സീറോമലബാര് രൂപതയുടെ പ്രഥമ രൂപതാധ്യക്ഷന് ബോസ്കോ പുത്തൂര് കത്തീഡ്രല് ദേവാലയത്തിന്റെ ശിലാസ്ഥാപനം നിര്വഹിച്ചത്.
മെല്ബണ് സിറ്റിയില് നിന്നും മെല്ബണ് എയര്പ്പോര്ട്ടില് നിന്നും അധികം ദൂരത്തിലല്ലാതെ, എപ്പിംഗില് ഹ്യൂം ഫ്രീവേക്ക് സമീപത്ത് 53 മക്കെല്ലാര് വേയില് കത്തീഡ്രല് ഇടവക സ്വന്തമാക്കിയ മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്താണ് ദേവാലയത്തിന്റെ പണി പൂര്ത്തിയായിരിക്കുന്നത്.
1711 സ്ക്വയര് മീറ്ററില് പൗരസ്ത്യപാരമ്പര്യ തനിമയോടെ അതിമനോഹരമായാണ് കത്തീഡ്രല് ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്. ബാല്ക്കണിയിലും കൈകുഞ്ഞുങ്ങളുള്ള മാതാപിതാക്കള്ക്കുള്ള മുറിയിലും ഉള്പ്പെടെ 1000 ഓളം പേര്ക്ക് ഒരേസമയം തിരുക്കര്മങ്ങളില് പങ്കെടുക്കാനുള്ള സൗകര്യം കത്തീഡ്രലില് ഉണ്ടായിരിക്കും.
പള്ളിയുടെ ഭാഗമായി തന്നെ നൂറോളം പേര്ക്കിരിക്കാവുന്ന ഒരു ചാപ്പലും 150 ഓളം കാര്പാര്ക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിശ്വാസപരിശീലനത്തിനു വേണ്ടിയുള്ള ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും ദേവാലയത്തോട് ചേര്ന്ന് നിര്മിച്ചിട്ടുണ്ട്.
500 ഓളം പേര്ക്കിരിക്കാവുന്നതും സ്റ്റേജും ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയുമുള്ള പാരീഷ് ഹാള്, നിര്മാണം പൂര്ത്തിയാക്കി 2022 നവംബറില് വെഞ്ചിരിച്ചിരുന്നു. ഓസ്ട്രേലിയയിലെ പ്രമുഖ കണ്സ്ട്രെക്ഷന് ഗ്രൂപ്പായ ലുമെയിന് ബില്ഡേഴ്സിനാണ് കത്തീഡ്രലിന്റെ നിര്മാണ ചുമതല നല്കിയിരുന്നത്.
മെല്ബണ് സീറോമലബാര് രൂപതാധ്യക്ഷന് മാര് ജോണ് പനംതോട്ടത്തില്, വികാരി ജനറാള് മോണ്സിഞ്ഞോര് ഫ്രാന്സിസ് കോലഞ്ചേരി, ചാന്സിലര് ഫാ. സിജീഷ് പുല്ലന്കുന്നേല്, കത്തീഡ്രല് ഇടവക വികാരി ഫാ. വര്ഗീസ് വാവോലില്, കൈക്കാരന്മാരായ ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ, ജനറല് കണ്വീനര് ഷിജി തോമസ് എന്നിവരുടെ നേതൃത്വത്തില് വിവിധ കമ്മിറ്റികള് കത്തീഡ്രലിന്റെ കൂദാശകര്മം നടത്തുവാന് പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നു.
മെല്ബണ് സീറോമലബാര് രൂപതയുടെ കത്തീഡ്രല് ദേവാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി പ്രാര്ഥിക്കുകയും പ്രവര്ത്തിക്കുകയും സാമ്പത്തികമായി സഹകരിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി പറയുന്നതോടൊപ്പം കത്തീഡ്രല് ദേവാലയ കൂദാശകര്മങ്ങളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായും മെല്ബണ് രൂപത ബിഷപ് മാര് ജോണ് പനംതോട്ടത്തില്, കത്തീഡ്രല് വികാരി വര്ഗീസ് വാവോലില് എന്നിവര് അറിയിച്ചു.
ന്യൂകാസിൽ പള്ളിയിൽ തിരുനാൾ 25 മുതൽ
സിഡ്നി: ന്യൂകാസിൽ സെന്റ് മേരീസ് സീറോ മലബാർ മിഷൻ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ ഈ മാസം 25, 26, 27 തീയതികളിൽ ആഘോഷിക്കുന്നു. തിരുനാളിനൊരുക്കമായ നൊവേന 17ന് ആരംഭിക്കും.
ദിവസവും വെെകുന്നേരം ആറിന് ജപമാലയും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. 25ന് പൂർണദിന ആരാധനയും ഉണ്ടായിരിക്കും. 26ന് വെെകുന്നേരം 5.30ന് മെയ്റ്റ്ലൻഡ് - ന്യുകാസിൽ രൂപത മെത്രാൻ ബിഷപ് മൈക്കിൾ കെന്നഡി കൊടിയേറ്റം നിർവഹിക്കും.
ഫാ. തോമസ് ചിറക്കൽ, ഫാ. ജോർജ് അന്തികാട്ട് എന്നിവർ ചേർന്ന് വിശുദ്ധ കുർബാന അർപ്പിക്കും. ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും തുടർന്ന് സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.
തിരുനാൾ ദിനമായ 27ന് രാവിലെ 10.30ന് ആഘോഷപൂർവമായ തിരുനാൾ ദിവ്യബലിയിൽ ഫാ. സെബാസ്റ്റ്യൻ മണ്ഡപത്തിൽ മുഖ്യകാർമികനായിരിക്കും. തുടർന്ന് നടത്തുന്ന പ്രദക്ഷിണത്തിൽ ഇടവകാഗങ്ങളെല്ലാം അണിചേരും. സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
വികാരി ഫാ. ജോണ് പുതുവ, കൈക്കാരന്മാരായ ജോയ് ഭരണികുളങ്ങര, ജിജോ ജയിംസ്, തിരുനാൾ കണ്വീനർ സിറോഷ് ജേക്കബ്, ജോയിന്റ് കണ്വീനർമാരായ ജോസഫ് ജോർജ്, ജെൽസണ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ തിരുനാളിലുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ഉരുൾപൊട്ടൽ: 82 ലക്ഷത്തോളം രൂപയുടെ സഹായവുമായി മെൽബണ് സീറോമലബാർ രൂപത
മെൽബണ്: ജൂലൈ മാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി പുനരധിവാസപ്രവർത്തനങ്ങൾക്ക് 146,707.41 ഓസ്ട്രേലിയൻ ഡോളർ
(82 ലക്ഷം രൂപ) നൽകാൻ സാധിച്ചുവെന്ന് മെൽബണ് സീറോമലബാർ രൂപത അധ്യക്ഷൻ ജോണ് പനംതോട്ടത്തിൽ സർക്കലുറിലൂടെ അറിയിച്ചു.
രൂപതയിലെ എല്ലാ ഇടവകളിലും മിഷനുകളിലും നിന്നും ഓഗസ്റ്റ് മാസത്തിൽ വിശുദ്ധ കുർബാന മധ്യേ പ്രത്യേക സ്തോത്ര കാഴ്ചയിലൂടെ ശേഖരിച്ച തുകയാണ് പുനരധിവാസപ്രവർത്തനങ്ങൾക്കായി ദുരിതമേഖല ഉൾപ്പെടുന്ന മാനന്തവാടി, താമരശേരി രൂപതകൾക്കായി നൽകിയത്.
സമാനതകളില്ലാത്ത തീരാദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ കാണിച്ച അചഞ്ചലമായ പിന്തുണയ്ക്കും അനുകന്പയ്ക്കും എല്ലാ രൂപതാഗംങ്ങളെയും അഭിനന്ദിക്കുന്നതോടൊപ്പം നിസ്വാർത്ഥമായ ഈ ഉപവിപ്രവർത്തികൾക്ക് ദൈവം അനുഗ്രഹങ്ങൾ ചൊരിയട്ടെ എന്നും ദുരിതാശ്വാസഫണ്ടുമായി സഹകരിച്ച ഏവർക്കും നന്ദി പറയുന്നുവെന്നും സർക്കുലറിലൂടെ പിതാവ് അറിയിച്ചു.
ഒരു ദശാബ്ദത്തിന്റെ സിംഫണിയുമായി സിഡ്നി സിഎസ്ഐ ഇടവക
സിഡ്നി: ക്രിസ്ത്യൻ സംഗീത രംഗത്തെ പ്രതിഭകളായ ഇമ്മാനുവൽ ഹെൻട്രി, ശ്രുതി ജോയ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന അവിസ്മരണീയമായ ഒരു സംഗീത സന്ധ്യയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് സിഡ്നിയിലെ സംഗീത പ്രേമികൾ.
2024 ഒക്ടോബർ 19, ശനിയാഴ്ച വൈകുന്നേരം 5.30 ന് ആരംഭിക്കുന്ന ഈ പരിപാടി നടക്കുന്നത് ഹോസ്റ്റൻ പാർക്കിലുള്ള ഇൻസ്പെയർ ചർച്ചിൽ (Inspire Church, 1a Spire Ct, Hoxton Park, NSW 2171) വച്ചാണ്. അവരെല്ലാം ഒന്നാകണം എന്ന മോട്ടോയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സിഡ്നി സിഎസ്ഐ ഇടവക നിരവധി വിഭാഗങ്ങളുടെ യൂണിയനിൽ നിന്ന് രൂപീകരിച്ച ഒരു യുണൈറ്റഡ് പ്രൊട്ടസ്റ്റന്റ് സഭയാണ്.
സഭയെ ഇന്ന് നയിക്കുന്നത് റവ. അനീഷ് സുജനാണ്. സംഗീതം മാത്രമല്ല, രുചികരമായ ഭക്ഷണങ്ങളുടെ വൈവിധ്യവുമായി ഫുഡ് ട്രക്കുകളും ആഘോഷത്തിന് മാറ്റു കൂട്ടുന്നു.
ഓണാഘോഷം സംഘടിപ്പിച്ച് എൻബിഎംഎ
ബ്രിസ്ബെയ്ൻ: നോർത്ത് ബ്രിസ്ബെയ്ൻ മലയാളി അസോസിയേഷൻ (എൻബിഎംഎ) മാംഗോ ഹിൽ സ്റ്റേറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ "പൂവിളി 2024' എന്ന പേരിൽ ഗംഭീരമായി ഓണാഘോഷം സംഘടിപ്പിച്ചു.
500-ലധികം അതിഥികൾ പങ്കെടുത്ത ആഘോഷം കേരളത്തിന്റെ സമ്പന്നമായ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഒരു വിപുലമായ പ്രദർശനമായിരുന്നു.
പരിപാടിയുടെ ഉദ്ഘാടനം സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് ലൂക്ക് ഹോവാർത്ത് എംപി നിർവഹിച്ചു. കേരള തനിമയെയും പാരമ്പര്യത്തെയും സംരക്ഷിക്കുവാൻ എൻബിഎംഎ വഹിക്കുന്ന അർപ്പണ ബോധത്തെ അദ്ദേഹം അഭിനന്ദിച്ചു.
എൻബിഎംഎ പ്രസിഡന്റ് ജെയിസ് ജോൺ, വൈസ് പ്രസിഡന്റ് ബിജു മാത്യു, സെക്രട്ടറി സജിനി ഫിലിപ്പ്, ട്രഷറർ അനീഷ് മുണ്ടക്കൽ, രക്ഷാധികാരി സജി അഗസ്റ്റിൻ എന്നിവർ ചടങ്ങിൽ വേദിപങ്കിട്ടു.
മുപ്പതിൽ പരം വൈവിധ്യമാർന്ന സസ്യാഹാര വിഭവങ്ങൾ ഉൾക്കൊള്ളിച്ചു വാഴയിലയിൽ വിളമ്പിയ പരമ്പരാഗത ഓണസദ്യയായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്.
500-ലധികം ആളുകൾക്ക് ഓണസദ്യ തയാറാക്കി വിളമ്പി. കേരളത്തിന്റെ കലാപാരമ്പര്യത്തിന്റെ ഉജ്വലമായ പ്രദർശനമായിരുന്നു എൻബിഎംഎ സംഘടിപ്പിച്ച സാംസ്കാരിക പരിപാടി.
പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് മുപ്പതോളം മലയാളി മങ്കമാർ അണിയിച്ചൊരുക്കിയ തിരുവാതിര നൃത്തം കാണികളുടെ മനം കവർന്നു.
മഹാബലിയുടെ വരവ് അനുസ്മരിച്ചുകൊണ്ട് ആചാരപരമായ മാവേലി വരവേൽപ്പ് പരിപാടിയുടെ മറ്റൊരു ആകർഷണമായിരുന്നു. പതിനേഴംഗങ്ങൾ അടങ്ങിയ ചെണ്ടമേള സംഘത്തിന്റെ അരങ്ങേറ്റവും പ്രസ്തുത ചടങ്ങിൽ നിറവേറ്റി ഒപ്പം ചെണ്ടമേളത്തിന്റെ താളങ്ങൾ പരിപാടിക്ക് ഊർജം പകർന്നു നൽകി.
അതേസമയം കുട്ടികളും മുതിർന്നവരും അണിനിരന്ന സ്റ്റേജ് പെർഫോമൻസ് സമൂഹത്തിനുള്ളിലെ വൈവിധ്യമാർന്ന പ്രതിഭകളുടെ മിന്നുന്ന പ്രദർനമായിരുന്നു.
പരിപാടിയുടെ വിജയത്തിൽ നോർത്ത് ബ്രിസ്ബേൻ മലയാളി അസോസിയേഷന്റെ നേതൃത്വം നിർണായക പങ്ക് വഹിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ് ജോസഫ്, ജോബിൻസ് ജോസഫ്, സിജോ ജോൺ, രമ്യ നവിൻ, സുമി അനിരുദ്ധൻ, രേഷ്മ രാധാകൃഷ്ണൻ എന്നിവർ തിരശീലയ്ക്ക് പിന്നിൽ പ്രവർത്തിച്ചു.
പ്രോഗ്രാം കോഓർഡിനേറ്റർ ജോർജ് ഫിലിപ്പ് വളരെ ആവേശത്തോടെയും സർഗാത്മകതയോടെയും കലാ- സാംസ്കാരിക പരിപാടികൾ ഏകോപിപ്പിച്ചു.
ബൈബിളിലെ പുസ്തകനാമങ്ങൾ ഗാനരൂപത്തിലാക്കിയ ആൽബം റിലീസ് ചെയ്തു
ന്യൂകാസില്: ബൈബിളിലെ 73 പുസ്തകങ്ങളുടെ പേരുകള് ഗാനരൂപത്തില് തയാറാക്കിയ ആല്ബം യുട്യൂബില് റിലീസ് ചെയ്തു. ഓസ്ട്രേലിയയിലെ ന്യൂകാസില് സെന്റ് മേരീസ് സീറോമലബാര് പള്ളിയില് നടന്ന ചടങ്ങില് വികാരി ഫാ. ജോണ് പുതുവയാണ് ആല്ബം റിലീസ് ചെയ്തത്.
കത്തോലിക്കാ സഭയിലെ ബൈബിളിലെ 73 പുസ്തകങ്ങള് ഗാനരൂപത്തില് തയാറാക്കുന്നത് തന്റെ ഒരു സ്വപ്നം കൂടിയായിരുന്നുവെന്ന് ആല്ബത്തിന്റെ സംവിധാനം നിര്വഹിച്ച് ആമുഖ പ്രാര്ഥനയും നടത്തിയ റവ. ഡോ. ജോണ് പുതുവ പറഞ്ഞു.
ബിജു മൂക്കന്നൂര് സംഗീതവും കുര്യാക്കോസ് വര്ഗീസ് പശ്ചാത്തല സംവിധാനവും ഹെര്ഷല് ചാലക്കുടി എഡിറ്റിംഗും നിര്വഹിച്ച ഈ ഗാനം ആലപിച്ചത് അങ്കമാലി മെലഡീസ് മ്യൂസിക് ആൻഡ് ഡാന്സ് അക്കാഡമിയിലെ വിദ്യാര്ഥികളാണ്.
ഫാ. ജോണ് പുതുവയുടെ യുട്യൂബ് ചാനലില് ഗാനം കാണാം.
മെലഡീസ് ഓഫ് ഫെയ്ത്ത് നവംബർ രണ്ടിന്
ബ്രിസ്ബെയ്ൻ: ബ്രിസ്ബെയ്നിലെ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് മലങ്കര(ഇന്ത്യൻ) ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഗായിക ശ്രേയ ജയദീപും കെസ്റ്ററും ഒരുമിച്ച് അവതരിപ്പിക്കുന്ന ക്രിസ്ത്യൻ മ്യൂസിക്കൽ കൺസേർട്ട് ആയ മെലഡീസ് ഓഫ് ഫെയ്ത്ത് നവംബർ രണ്ടിന് നടക്കും.
ലൈറ്റ് ഹൗസ് കമ്യൂണിറ്റി ആൻഡ് ഇവന്റ് സെന്ററിൽ വെെകുന്നേരം ആറു മുതൽ 8.30 വരെയാണ് പരിപാടി നടക്കുകയെന്ന് കൺസേർട്ട് ഭാരവാഹികൾ അറിയിച്ചു.
വേദി: Lighthouse Community and Event Centre, Forest Lake, Queensland.
കൂടുതൽ വിവരങ്ങൾക്ക്: മനോജ് ഫിലിപ്പ് - 0490 785 756, പോൾ വർഗീസ് - 0423 405 819.
എം.വി.ഗോവിന്ദൻ ഓസ്ട്രേലിയയിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കുടുംബവുമൊത്ത് ഓസ്ട്രേലിയയിൽ. ഇടത് അനുകൂല പ്രവാസി സംഘടന സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് എം.വി. ഗോവിന്ദൻ ഓസ്ട്രേലിയയിൽ എത്തിയത്.
മലയാളി സംഘടനകൾ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. ഒരാഴ്ചത്തെ സന്ദർശനമാണ് തീരുമാനിച്ചിട്ടുള്ളത്.
ഓസ്ട്രേലിയയില് മന്ത്രിയായി മലയാളി; ചരിത്രം രചിച്ച് ജിൻസൺ ആന്റോ ചാൾസ്
കോട്ടയം: യുകെ പാര്ലമെന്റിലേക്ക് കൈപ്പുഴ സ്വദേശി സോജന് ജോസഫ്, കേംബ്രിഡ്ജ് മേയറായി ആര്പ്പൂക്കര സ്വദേശി ബൈജു തിട്ടാല, യുഎസ് ഹൂസ്റ്റണ് മിസോറി സിറ്റി മേയറായി നീണ്ടൂര് സ്വദേശി റോബിന് ഇലക്കാട്ട് എന്നിവര് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മറ്റൊരു കോട്ടയംകാരന് മലയാളി കൂടി ചരിത്രം രചിക്കുന്നു.
പാലാ മൂന്നിലവ് പുന്നത്താനായില് ചാള്സ് ആന്റണി-റിട്ട. അധ്യാപിക ഡെയ്സി ചാള്സ് ദമ്പതികളുടെ മകനും ആന്റോ ആന്റണി എംപിയുടെ സഹോദര പുത്രനുമായ ജിന്സണ് ആന്റോ ചാള്സ് ഓസ്ട്രേലിയയിലെ നോര്ത്തേണ് ടെറിറ്ററിയില് മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചു.
വര്ഷങ്ങള്ക്കു മുമ്പാണ് ജിന്സണ് നഴ്സിംഗ് പാസായി ഓസ്ട്രേലിയയില് ജോലി ആരംഭിച്ചത്. അത്യാഹിത വിഭാഗത്തിലെ രജിസ്റ്റേര്ഡ് നഴ്സായിരുന്ന ജിന്സണ് പിന്നീട് എംബിഎ നേടി. ഇപ്പോള് നോര്ത്ത് ടെറിട്ടറി ടോപ് എന്ഡ് മെന്റല് ഹെല്ത്തിന്റെ ഡയറക്ടറാണ് ജിന്സണ്.
വിവിധ മേഖലകളിലെ പ്രശ്നങ്ങള് പഠിക്കുന്നതിനും ജിന്സണ് സമയം കണ്ടെത്തി. ഈ മികവാണ് നോര്ത്തേണ് ടെറിട്ടറിയുടെ മുഖ്യമന്ത്രി ലിയ ഫിനാഖിയാരോയുടെ ശ്രദ്ധയില് ജിന്സണിനെ എത്തിച്ചത്.
ജിന്സണിന്റെ പിതാവ് ചാള്സ് ആന്റണി പൂഞ്ഞാര് സഹകരണ ബാങ്ക് ജീവനക്കാരനും സഹകരണ മേഖലയിലെ സംഘടനകളുടെ ഭാരവാഹിയുമായിരുന്നു. അമ്മ ഡെയ്സി ചാള്സ് ഈരാറ്റുപേട്ട മുസ്ലിം ഗേള്സ് എച്ച്എസ്എസില് നിന്നാണ് റിട്ടയര് ചെയ്തത്.
കഴിഞ്ഞ മാര്ച്ചില് ജിന്സണിന്റെ സ്ഥാനാര്ഥി പ്രഖ്യാപനം വന്നതോടെയാണ് ചാള്സും ഡെയ്സിയും ഓസ്ട്രേലിയയിലേക്കു പോയത്. നഴ്സായ ജിന്സണിന്റെ ഭാര്യ അനുപ്രിയയും മെഡിക്കല് വിഭാഗത്തിലാണു ജോലി ചെയ്യുന്നത്.
എയ്മി, അന്ന എന്നീ രണ്ടു മക്കളുമുണ്ട്. ജിൻസന്റെ സഹോദരങ്ങള് രണ്ടു പേരും ഡോക്ടര്മാരാണ്. അനിയന് ഡോ. ജിയോ ടോം ചാള്സ് ഡെന്റിസ്റ്റാണ്. പാലായില് സ്വന്തമായി മള്ട്ടി സ്പെഷാലിറ്റി ഡെന്റല് സെന്റര് നടത്തുന്നു.
പാലാ മാര് സ്ലീവാ മെഡിസിറ്റിയിലെ കണ്സല്ട്ടന്റ് ഓര്ത്തോഡോന്റിസ്റ്റുമാണ്. സഹോദരി ഡോ. അനിറ്റ് കാതറിന് ചാള്സ് മാര് സ്ലീവാ മെഡിസിറ്റി ഫിസിക്കല് മെഡിസിന് ആന്ഡ് റീഹാബിലിറ്റേഷന് വിഭാഗത്തിലാണ്.
അനിറ്റിന്റെ ഭര്ത്താവ് ഡോ. സണ്ണി ജോണും മാര് സ്ലീവായില്ത്തന്നെയാണ്. ഡോ. ജിയോയുടെ ഭാര്യ മായ ജിയോ തൃശൂര് വിമല കോളജിലെ അസി. പ്രഫസറാണ്.
ഓസ്ട്രേലിയയ്ക്ക് മലയാളി മന്ത്രി; കായികമന്ത്രിയായി ജിന്സണ് ചാള്സ്
പാലാ: ഓസ്ട്രേലിയയില് മന്ത്രിയായി ആന്റോ ആന്റണി എംപിയുടെ സഹോദരപുത്രന് ജിന്സണ് ചാള്സ്. ഓസ്ടേലിയയില് മന്ത്രിയാകുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയാണ് ജിന്സണ് ചാള്സ് സ്വന്തമാക്കിയത്. നോര്ത്തേണ് ടെറിട്ടറി റീജണല് അസംബ്ലിയിലാണ് ഇദ്ദേഹം മന്ത്രിയായത്.
മൂന്നിലവ് സ്വദേശി ജിന്സണ് ചാള്സ് പുന്നത്താനായില് ചാള്സ് ആന്റണിയുടെയും ഡെയ്സി ചാള്സിന്റെയും പുത്രനാണ്. സ്പോര്ട്സ് സാസ്കാരിക വകുപ്പിന്റെ ചുമതല ജിന്സണ് ലഭിക്കും. ഓസ്ട്രേലിയയിലെ സാന്ഡേഴ്സണ് മണ്ഡലത്തില്നിന്നുമാണ് ജിന്സണ് വിജയിച്ചത്.
എട്ട് വര്ഷമായി ലേബര് പാര്ട്ടി പ്രതിനിധിയും മന്ത്രിസഭയിലെ മുന് ആഭ്യന്തരമന്ത്രിയും നിലവില് മന്ത്രിസഭാ അംഗവുമായ കെയ്റ്റ് വെര്ഡര് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് ലിബറല് പാര്ട്ടി പ്രതിനിധിയായി മത്സരിച്ച് ജിന്സണ് തിരിച്ചുപിടിച്ചത്.
നഴ്സിംഗ് മേഖലയില് ജോലി നേടി 2011ല് ഓസ്ട്രേലിയയിലെത്തിയ ജിന്സണ് നിലവില് നോര്ത്തേണ് ടെറിട്ടറി സര്ക്കാരിന്റെ ടോപ് എന്ഡ് മെന്റൽ ഹെല്ത്ത് ഡയറക്ടറും ചാള്സ് ഡാര്വിന് യൂണിവേഴ്സിറ്റിയിലെ ലക്ചററുമാണ്.
ന്യൂകാസില് പള്ളിയില് ഇനി കുട്ടികളുടെ ചെണ്ട കൂട്ടം
ന്യൂകാസില്: ന്യൂകാസില് സെന്റ് മേരീസ് സീറോമലബാര് മിഷന് ഇനി കുട്ടികളുടെ ചെണ്ടമേളത്തിന്റെ താളം. കീഴില്ലം അരുണ് കൃഷ്ണ എന്ന ചെണ്ട വിദ്വാന്റെ നേതൃത്വത്തില് ആണ് പത്തോളം കുട്ടികള് ചെണ്ടമേളത്തില് അരങ്ങേറ്റം കുറിച്ചത്.
വികാരി ഫാ. ജോണ് പുതുവ മുഖ്യാതിഥിയായി. മാസങ്ങളോളം നീണ്ട കഠിനപരിശീലനത്തൊടുവിലാണ് ഇവര് അരങ്ങിലെത്തുന്നത്.
അമല് ബിനോയി, അലന് ബിനോയി, റോഷന് ലിജു, ഷോണ് ബിജു, സ്റ്റീവ് ബിജു, ജിനോ ജോജി, ഫ്റഡറിക് ബിജോ, അലക്സ് ബോബി, സ്റ്റീവ് സനീഷ്, ദാനിയേല് ജോമോന് എന്നിവരാണ് കുട്ടി ചെണ്ട കൂട്ടത്തിലെ അംഗങ്ങള്.
കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ടമേളത്തെ ന്യൂകാസിലില് ജനപ്രിയമാക്കാന് മുതിര്ന്നവരുടെ ന്യൂകാസില് ബീറ്റ്സിനു പുറമെയാണ് കുട്ടികളുടെയും ചെണ്ടകൂട്ടം എത്തുന്നത്.
ഫ്രാൻസിസ് മാർപാപ്പ വാനിമോയിലെത്തിയത് ഒരു ടൺ മരുന്നുമായി
പോർട്ട് മോറെസ്ബി: പാപ്പുവ ന്യൂഗിനിയ സന്ദർശിക്കുന്ന ഫ്രാൻസിസ് മാർപാപ്പ രാജ്യത്തെ ഏറ്റവും പിന്നാക്കമേഖലയായ വാനിമോയിൽ ഇന്നലെ എത്തിയത് ഒരു ടൺ മരുന്നും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമായി.
തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽനിന്ന് ഓസ്ട്രേലിയൻ വ്യോമസേനയുടെ സി-130 വിമാനത്തിലാണു മാർപാപ്പ വാനിമോയിലെത്തിയത്. നിരക്ഷരരും ദരിദ്രരുമായ 11,000 പേരാണ് തലസ്ഥാനനഗരിയിൽനിന്നും 994 കിലോമീറ്റർ അകലെയുള്ള വനത്താലും സമുദ്രത്താലും ചുറ്റപ്പെട്ട വാനിമോയിലുള്ളത്.
അർജന്റീനയിൽനിന്നുള്ള നിരവധി മിഷനറിമാരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും സ്ഥാപിച്ച് ഈ ദരിദ്രജനവിഭാഗങ്ങൾക്കിടയിൽ ശുശ്രൂഷ ചെയ്യുന്നത്. മേഖലയിലെ മിഷനറിമാരുമായി മാർപാപ്പ ഇന്നലെ പ്രത്യേക കൂടിക്കാഴ്ച നടത്തി.
വാനിമോ സന്ദർശനത്തിനുശേഷം തലസ്ഥാനനഗരിയിൽ മടങ്ങിയെത്തിയ മാർപാപ്പ ഇന്ന് കിഴക്കൻ ടിമോറിലേക്കു തിരിക്കും. രണ്ടുദിവസത്തെ കിഴക്കൻ ടിമോർ സന്ദർശനത്തിനുശേഷം 11ന് മാർപാപ്പ സിംഗപ്പുരിലെത്തും. 13ന് വത്തിക്കാനിലേക്ക് മടങ്ങും.
ഓണസ്മരണകളുണർത്തി "ശ്രാവണം പൊന്നോണം' റിലീസ് ചെയ്തു
മെൽബൺ : മാവേലി മന്നൻ നാടുവാണിരുന്ന ഗതകാല സ്മരണകളിലേക്കു കൂട്ടികൊണ്ടു പോകുന്ന വീഡിയോ മ്യൂസിക്കൽ ആൽബം ’ശ്രാവണം പൊന്നോണം ’ ഓഗസ്റ്റ് 29 നു റിലീസ് ചെയ്തു.
മലയാളത്തിന്റെ അനുഗ്രഹീത ഗായകൻ എം. ജി . ശ്രീകുമാർ ആലപിച്ചിരിക്കുന്ന വീഡിയോ മ്യൂസിക്കൽ ആൽബം , പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങുന്ന മലയാള നാടിന്റെ ദൃശ്യഭംഗി മുഴുവനും ഒപ്പിയെടുക്കുന്നതോടൊപ്പം , സ്വദേശത്തും വിദേശത്തും ഉള്ള ഓരോ മലയാളിക്കും അനിര്വചനീയമായ സംഗീത വിസ്മയം ഒരുക്കുന്നു .
ജമിനി ഒഷിയാനയുടെ ബാനറിൽ ഓസ്ട്രേലിയൻ മലയാളി ഷിബു പോൾ നിർമാണം നിർവഹിച്ചിരിക്കുന്ന വീഡിയോ ആൽബം ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു . ശ്രീകുമാർ എടപ്പോൺ രചനയും , സതീഷ് വിശ്വ സംഗീതസംവിധാനവും , രഞ്ജിത്ത് രാജൻ മിക്സിങ്ങും നിർവഹിച്ചിരിക്കുന്ന ആൽബം യൂട്യൂബിൽ ലഭ്യമാണ് .
target=_blank>Sravanam Ponnonam# ശ്രാവണം പോന്നോണം #MG SreeKumar#Latest Onam Hit Song2024 #Shibu Paul# Australia
സൗത്ത് ഇന്ത്യൻ ഫാമിലി അസോസിയേഷൻ പോർട്ട് അഗസ്റ്റ ഓണാഘോഷം നടത്തി
പോർട്ട് അഗസ്റ്റ: ഓസ്ട്രേലിയയിലെ സൗത്ത് ഇന്ത്യൻ ഫാമിലി അസോസിയേഷൻ പോർട്ട് അഗസ്റ്റയുടെ ഓണാഘോഷം പോർട്ട് അഗസ്റ്റ ഫുട്ബോൾ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മുപ്പതോളം കുടുംബങ്ങൾ ഒത്തുചേർന്നാണ് ഓണാഘോഷം നടത്തിയത്.
വിവിധ കലാപരിപാടികൾ, മത്സരങ്ങൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയോടെ വിപുലമായ ആഘോഷ പരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. ഫാ. ജിം, ഫാ. സിജോ, ഫാ. രഞ്ജിത്, സിസ്റ്റർ ഡെൽമ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
അസോസിയേഷൻ ഭാരവാഹികളായ ജിജു ജോർജ്, ജെബി ആന്റണി, അഡ്വ.ജോഷി മണിമല, സാജൻ എബ്രാഹം, ഡോ. സജി ജോൺ, ജോസി സാജൻ, പ്രവീൺ തൊഴുത്തുങ്കൽ, സൈമൺ ഇരുദയരാജ്, ജിജി, സക്കറിയ, സീത മനു, സിനു ഫിലിപ്പ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ക്വീൻസ്ലാൻഡിൽ സംഘടിപ്പിച്ചു
ക്വീൻസ്ലാൻഡ്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ഓസ്ട്രേലിയയിൽ ഐഒസി ക്വീൻസ്ലാൻഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ബെന്നി ബഹനാൻ എംപി മുഖ്യഅതിഥിയായി പങ്കെടുത്തു. വർണശബളമായ ഘോഷയാത്രയും സംസ്കാരിക സമ്മേളനവും നടന്നു.
ചടങ്ങിൽ ഐഒസി ക്വീൻസ്ലാൻഡ് പ്രസിഡന്റ് നീയോട്ട്സ് വക്കച്ചൻ സ്വാഗതം പറയുകയും ഓൾ ഓസ്ട്രേലിയ ഐഒസി കോഓർഡിനേറ്റർ സി.പി. സാജു അധ്യക്ഷത വഹിക്കുകയും ചെയ്തു. ബെന്നി ബഹനാൻ എംപി മുഖ്യ പ്രഭാഷണം നടത്തി.
ഐഒസി നാഷണൽ സെക്രട്ടറി സോബൻ തോമസ് ആശംസകൾ അറിയിച്ചു. ഓസ്ട്രേലിയയിലെ വിവിധ മേഖലകളിൽ നിസ്വാർഥമായ സേവനം കാഴ്ചവച്ച ഒൻപത് മലയാളികളെ ആദരിച്ചു. ഐഒസി ക്വീൻസ്ലാൻഡ് വൈസ് പ്രസിഡന്റ് കിഷോർ എൽദോ ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
കമ്മിറ്റിയംഗങ്ങളായ അഡ്വ. ഷാമോൻ പ്ലാംകൂട്ടത്തിൽ, മനോജ് തോമസ്, സിബി മാത്യു, ജോജോസ് പാലക്കുഴി, ബിബിൻ മാർക്ക്, സിബിച്ചൻ കാറ്റാടിയിൽ, ജോഷി ജോസഫ്, റിജു ചെറിയാൻ തുടങ്ങിയവരും പരിപാടി സംഘടിപ്പിക്കുന്നതിൽ നേതൃത്വം നൽകി.
വിദേശവിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാൻ നടപടിയുമായി ഓസ്ട്രേലിയ
കാൻബറ: വിദേശവിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാൻ ഓസ്ട്രേലിയയിൽ നടപടി. കുടിയേറ്റം കോവിഡ് കാലത്തിനു മുന്പത്തെ നിലയിലേക്ക് എത്തിക്കാൻ വേണ്ടിയാണിത്.
2025 വർഷത്തിൽ 2,70,000 വിദ്യാർഥികളെയേ സ്വീകരിക്കൂ എന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചു. കോവിഡിനു ശേഷം വിദ്യാർഥികളെ സ്വീകരിക്കുന്നതിൽ ഇളവുണ്ടായിരുന്നു.
ലോകത്തിൽ ഏറ്റവും കൂടുതൽ പേർ പഠനത്തിനെത്തുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. 2024 വർഷം 7,17,500 വിദേശികൾ ഓസ്ട്രേലിയയിൽ പഠിക്കുന്നുണ്ട്.
പെർത്ത് സീറോമലങ്കര കത്തോലിക്കാ പള്ളിയിൽ പുതിയ വികാരിയെ നിയമിച്ചു
പെർത്ത്: പെർത്തിൽ സീറോമലങ്കര കത്തോലിക്കാ പള്ളിയിലെ പുതിയ വികാരിയായി ഫാ. ജോൺ കിഴകേക്കര (ബാബു അച്ഛൻ) നിയമിതനായി. പുനലൂർ സ്വദേശിയായ ഫാ. ജോൺ കിഴകേക്കര തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി സേവനം ചെയ്തുവരികയായിരുന്നു.
പെർത്ത് ആർച്ച്ബിഷപ് തിമോത്തി കോസ്റ്റീലോയുടെ ക്ഷണപ്രകാരം കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവയാണ് പെർത്തിലെ മലങ്കര വിശ്വാസികളുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ച് വികാരിയെ നിയമിച്ചത്.
2015 മുതൽ മലങ്കര ക്രമത്തിൽ മൂന്നുമാസത്തിൽ ഒരിക്കൽ കുർബാനകൾ നടക്കുന്നുണ്ടായിരുന്നു. അഡ്ലൈഡിൽ നിന്നും ബ്രെസ്നിൽ നിന്നും വൈദികർ എത്തി കുർബാന അർപ്പിക്കുകയായിരുന്നു.
പെർത്തിൽ മൈടാവെയിൽ സെന്റ് ഫ്രാൻസിസ് ഓഫ് അസീസി പാരിഷിൽ (Saint Francis of Assisi Parish6 Lilian Rd, Maida Vale WA 6057) എല്ലാ ഞായറാഴ്ചയും വൈകുന്നേരം 3.30ന് കുർബാന ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഫാ ജോൺ - 047 028 7634, ഷിജോ തോമസ് - 046 830 7171.
ഡോ. ജനാർദ്ദന റാവു അന്തരിച്ചു
മെൽബൺ: 25 വർഷത്തോളം വിക്ടോറിയയിലെ ഓണററി ഇന്ത്യൻ കോൺസലറും സർജനുമായിരുന്ന ഡോ. ജനാർദ്ദന റാവു(86) അന്തരിച്ചു.
"എ സർജൻ & കോൺസൽ ജനറൽ - എ മെഗ്രന്റ് എക്സ്പീരിയൻസ്' എന്ന പേരിൽ അദ്ദേഹത്തിന്റെ ജീവതകഥ പുറത്തിറങ്ങിയിരുന്നു.
ഓസ്ട്രേലിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മലയാളിക്കു വിജയം
സിഡ്നി: ഓസ്ട്രേലിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മലയാളിക്കു വിജയം. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ സഹോദരൻ ചാൾസ് ആന്റണിയുടെ മൂത്ത മകനായ ജിൻസൻ ആന്റോ ചാൾസാണു നോർത്തേണ് ടെറിട്ടറി പാർലമെന്റിലെ സാൻഡേഴ്സണ് മണ്ഡലത്തിൽനിന്നു വിജയിച്ചത്.
ഏറ്റവും കാലം ഓസ്ട്രേലിയ ഭരിച്ച ലിബറൽ പാർട്ടിയുടെ സ്ഥാനാർഥിയായ ജിൻസൻ 60 ശതമാനത്തോളം വോട്ട് നേടിയാണു വിജയിച്ചത്.
2011ൽ നഴ്സായി ഓസ്ട്രേലിയയിൽ എത്തിയ ജിൻസൻ നിലവിൽ ഡോർവിനിൽ ടോപ് എൻഡ് മെന്റൽ ഹെൽത്തിൽ ഡയറക്ടറും ചാൾസ് ഡാർവിൻ സർവകലാശാലയിൽ അധ്യാപകനുമാണ്.
നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബ് ഓണാഘോഷം ഞായറാഴ്ച
മെൽബണ്: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ (എൻഎംസിസി) ഓണാഘോഷം "പൊന്നോണം 2024' ഞായറാഴ്ച(ഓഗസ്റ്റ് 25) എപ്പിംഗ് മെമ്മോറിയൽ ഹാളിൽ വച്ച് ആഘോഷിക്കുന്നു. രാവിലെ ഒന്പതിന് എൻഎംസിസി കുടുംബാഗംങ്ങൾ എല്ലാവരും ഒരുമിച്ച് ഓണപൂക്കളം ഒരുക്കി കൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
സോളമന്റെ നേതൃത്വത്തിലുള്ള ബീറ്റ്സ് ഓഫ് മെൽബണ് ടീമിന്റെ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും വർണക്കുടകളുടെയും കഥകളിയുടെയും പുലികളിയുടെയും അകന്പടിയോടെ ഘോഷയാത്രയായി മാവേലി തന്പുരാനെ വേദിയിലേക്ക് ആനയിക്കും.
എൻഎംസിസി കുടുംബാഗവും മെൽബണിലെ പ്രകല്പസംസ്കൃതി ഡാൻസ് സ്കൂളിലെ നൃത്ത അധ്യാപികയുമായ ശ്യാമ ശശിധരന്റെ കൊറിയോഗ്രാഫിയിൽ അണിയിച്ചൊരുക്കിയ എൻഎംസിസി മെഗാ ഫാമിലി തിരുവാതിര’ അരങ്ങേറും.
തുടർന്ന് ഓണപാട്ടുകളും നൃത്തങ്ങളും ബോളിവുഡ് ഡാൻസുകളും ഉൾപ്പെടെ വ്യത്യസ്തമാർന്ന വിസ്മയകാഴ്ചകളുമായി എൻഎംസിസി കുടുംബത്തിലെ നൂറോളം കലാകാരന്മാർ എപ്പിംഗ് മെമ്മോറിയൽ ഹാളിന്റെ വേദി കീഴടക്കും. ജെഎം ഓഡിയോസിലെ സൗണ്ട് എൻജിനിയർ ജിം മാതണ്ടവിന്റെ നേതൃത്വത്തിൽ വേദിയിലെ ശബ്ദ വെളിച്ച നിയന്ത്രണം കലാപരിപാടികൾ വർണാഭമാക്കും .
ഉച്ചയ്ക്ക് 12ന് പൊന്നോണം 2024 ന്റെ മുഖ്യ ആകർഷണമായ വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും. കേരളത്തിന്റെ തനതു ചിഭേദങ്ങളുമായി 25 ഓളം കറികളും മധുരമൂറുന്ന പായസങ്ങളുമായി ഓണസദ്യ ഒരുക്കുന്നത് സിജോയുടെ നേതൃത്വത്തിലുള്ള റെഡ്ചില്ലീസാണ്.
ഡിജിയോട്രിക്സിലെ ഫോട്ടോഗ്രാഫർ ഡെന്നി തോമസിന്റെയും ടീമിന്റെയും സഹായത്തോടെ മാവേലിയോടും ഓണപൂക്കളത്തോടും ഒപ്പം ഫോട്ടോയെടുത്ത് സോഷ്യൽമീഡിയായിൽ ഇൻസ്റ്റന്റ് പോസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഓണസദ്യയ്ക്കുശേഷം വടംവലി മത്സരവും ഉണ്ടായിരിക്കും. പ്രൈംലെൻഡ് (ടിജൊ ജോസഫ്), യൂണിവേഴ്സൽ റിയൽ എസ്റ്റേറ്റ് (ഗൗതം ഗാർഗ്), സെഹിയോൻ ടൂർസ് ആന്റ് ട്രാവൽസ് (സിജൊ എബ്രഹം) എന്നിവരാണ് "പൊന്നോണം 2024' സ്പോണ്സർ ചെയ്തിരിക്കുന്നത്.
ബാബു വർക്കി, ജോണ്സണ് ജോസഫ്, സഞ്ജു ജോണ്, സുനിൽ ഭാസ്കരൻ, സജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗ കമ്മിറ്റി ഓണാഘോഷങ്ങൾ മനോഹരമാക്കാൻ പരിശ്രമിച്ചുകൊണ്ടിക്കുന്നു.
സമത ഓസ്ട്രേലിയയുടെ ഓണാഘോഷം ശനിയാഴ്ച
മെൽബൺ: സമത ഓസ്ട്രേലിയ തങ്ങളുടെ ആദ്യ ഓണാഘോഷം "നല്ലോണം 2024' എന്ന പേരിൽ ശനിയാഴ്ച(ഓഗസ്റ്റ് 24) ഗംഭീരമായി ആഘോഷിക്കുന്നു. വിക്ടോറിയ വൈറ്റ്ഹോഴ്സ് റോഡിൽ സെന്റ് ജോൺസ് ഹാളിൽ രാവിലെ 9:30 മുതൽ പരിപാടി ആരംഭിക്കും. ഓസ്ട്രേലിയൻ എംപി വിൽ ഫൗൾസ് ആണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
വിക്ടോറിയയിലെ കേരളീയ സമൂഹത്തിന്റെ ഭാഗമായി ഒരു സാംസ്കാരിക സംഘടനയാണ് സമത ഓസ്ട്രേലിയ. കേരളത്തിന്റെ സംസ്കാരിക വൈവിധ്യം ആഘോഷിക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിൽ മികവുകാട്ടുന്ന സംഘടനയാണ് സമത ഓസ്ട്രേലിയ.
വിവിധതരം കലാ-സാംസ്കാരിക പരിപാടികളും പരമ്പരാഗത ഗെയിമുകളും വിഭവസമൃദ്ധമായ സദ്യയും നിറഞ്ഞ ഒരു ദിവസമാണ് സമത ഓസ്ട്രേലിയ വാഗ്ദാനം ചെയ്യുന്നതെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: https://www.facebook.com/profile.php?id=61557338487911&mibextid=LQQJ4d സന്ദർശിക്കുക.
ഓസ്ട്രിയയിലേക്കു നോർക്ക വഴി നഴ്സിംഗ് റിക്രൂട്ട്മെന്റ് പൈലറ്റ് പ്രോജക്ടിനു ധാരണയായി
തിരുവനന്തപുരം: കേരളത്തിൽനിന്ന് ഓസ്ട്രിയയിലേക്കു നോർക്ക റൂട്ട്സ് മുഖേന നഴ്സിംഗ് റിക്രൂട്ട്മെന്റ് പൈലറ്റ് പ്രോജക്ട് ആരംഭിക്കാൻ ധാരണയായി. ഓസ്ട്രിയൻ ട്രേഡ് കമ്മീഷണർ ആൻഡ് കൊമേഴ്സ്യൽ കൗണ്സിലർ ഹാൻസ് ജോർഗ് ഹോർട്ട്നാഗലിന്റെ നേതൃത്വത്തിലെത്തിയ പ്രതിനിധി സംഘവുമായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ധാരണയായത്.
പ്രതിവർഷം 7000 മുതൽ 9000 നഴ്സിംഗ് പ്രഫഷണലുകൾക്കാണു നിലവിൽ ഓസ്ട്രിയയിൽ അവസരമുള്ളത്. കെയർ ഹോം, ഹോസ്പിറ്റലുകൾ, വയോജനപരിപാലനത്തിനായുള്ള പ്രൈവറ്റ് ഹോം എന്നിങ്ങനെയാണ് അവസരങ്ങളെന്ന് ഹാൻസ് ജോർഗ് ഹോർട്ട്നാഗൽ വ്യക്തമാക്കി.
ജർമനിയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റായ ട്രിപ്പിൾ വിൻ മാതൃകയിൽ ഓസ്ട്രിയയിലേക്കു പ്രത്യേക റിക്രൂട്ട്മെന്റിനുളള സാധ്യതകൾ പരിശോധിക്കാമെന്നു കൂടിക്കാഴ്ചയിൽ അജിത് കോളശേരി പറഞ്ഞു.
ഒഐസിസി സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഞായറാഴ്ച മെൽബണിൽ
മെൽബൺ: ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനാഘോഷം ഒഐസിസി ഓസ്ട്രേലിയ വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുന്നു.
ഞായറാഴ്ച(ഓഗസ്റ്റ് 18) റോവില്ലിലെ എഐസി സെന്ററിൽ വൈകുന്നേരം ആറിന് മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം നിർവഹിക്കും. കെപിസിസി മെമ്പർ അഡ്വ. ഷിയോ പോൾ സ്വാതന്ത്ര്യദിന അനുസ്മരണം പ്രഭാഷണം നടത്തും.
കുട്ടികൾക്കായി ഫേസ് പെയിന്റിംഗ്, കളറിംഗ് എന്നിവയും ഉണ്ടായിരിക്കും. വിവിധ കലാരൂപങ്ങളോടെ അരങ്ങേറുന്ന ആഘോഷപരിപാടികൾ രാത്രി 8.30ന് ഡിന്നറോടു കൂടി സമാപിക്കും.
മെൽബണിലെ മുഴുവൻ ജനാധിപത്യ വിശ്യാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ഉരുള്പൊട്ടൽ: ദുരിതബാധിതർക്ക് സാന്ത്വനമേകാൻ മെല്ബണ് സീറോമലബാര് രൂപത
മെല്ബണ്: വയനാട്ടിലും വിലങ്ങാടും ഉരുള്പൊട്ടലിനെ തുടര്ന്ന് ജീവന് നഷ്ടപ്പെട്ടവര്ക്ക് വേണ്ടിയും വീടുകളും ജീവനോപാധികളും നഷ്ടമായവര്ക്കു വേണ്ടിയും പ്രാര്ഥിക്കുവാനും സഹായിക്കാനും അഭ്യര്ഥിച്ചുകൊണ്ട് മെല്ബണ് സീറോമലബാര് രൂപതാധ്യക്ഷന് ബിഷപ് മാര് ജോണ് പനംതോട്ടത്തില്.
ഞായറാഴ്ച വിശുദ്ധ കുര്ബാന മധ്യേ എടുക്കുന്ന പ്രത്യേക സ്തോത്ര കാഴ്ചയിലൂടെ ലഭിക്കുന്ന മുഴുവന് തുകയും പ്രകൃതി ദുരന്തത്തില് ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാനും സഹായിക്കുവാനുമായി വിനിയോഗിക്കുമെന്ന് പിതാവ് സര്ക്കുലറിലൂടെ അറിയിച്ചു.
ഉരുള്പൊട്ടലുണ്ടായ സ്ഥലങ്ങള് ഉള്പ്പെടുന്ന മാനന്തവാടി, താമരശേരി രൂപതകളുമായി കൈകോര്ത്താണ് പുനരധിവാസപ്രവര്ത്തനങ്ങള്ക്കായുള്ള ഫണ്ട് വിനിയോഗിക്കുന്നത്.
സമാനതകളില്ലാത്ത ഈ ദുരിതത്തിനിരയായവരെ സഹായിക്കാന് ഈ ഉദ്യമവുമായി ഏവരും സഹകരിക്കണമെന്ന് മാര് ജോണ് പനംതോട്ടത്തില് അഭ്യര്ഥിച്ചു.
മെഗാ ബാഡ്മിന്റണ് ടൂര്ണമെന്റുമായി മെല്ബണ് മലയാളി കമ്യൂണിറ്റി ക്ലബ്
മെല്ബൺ: നോര്ത്ത്സൈഡ് മെല്ബണ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ നേതൃത്വത്തില് നാലാമത് സിംഗ് ഹോംസ് ബാഡ്മിന്റൺ ടൂര്ണമെന്റ് ശനിയാഴ്ച(ഓഗസ്റ്റ് 10) അള്ട്ടോണ സ്പോട്സ് പോയിന്റ് സ്റ്റേഡിയത്തില് വച്ചു നടക്കും.
മെല്ബണില് ആദ്യമായാണ് വനിതകള്ക്കുള്പ്പെടെ നാലു വിഭാഗങ്ങളിലായി മെഗാ ബാഡ്മിന്റണ് ടൂര്ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് എന്എംസിസി പ്രസിഡന്റ് ബാബു വര്ക്കി, ടൂര്ണമെന്റ് കണ്വീനര് ഡോ. സുധീഷ് സുധന് എന്നിവര് അറിയിച്ചു.
വയനാട്ടില് ഉരുള്പൊട്ടല്മൂലം ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്ത്തനങ്ങള്ക്കായി എന്എംസിസിയുടെ നേതൃത്വത്തില് ശേഖരിക്കുന്ന ഫണ്ടിന്റെ ഉദ്ഘാടനവും ടുര്ണമെന്റിനോടനുബന്ധിച്ചു നടക്കും.
18, 35, 45 എന്നീ വയസിനു മുകളിലുള്ളവര്ക്കും വനിതകള്ക്കുമായി നാലു വിഭാഗങ്ങളിലായാണ് ഡബിള്സ് മത്സരങ്ങള് ക്രമീകരിച്ചിരിക്കുന്നത്. 160ഓളം താരങ്ങള് മത്സരങ്ങളില് പങ്കെടുക്കും. വിജയികള്ക്ക് കാഷ് പ്രൈസും ട്രോഫികളും സമ്മാനിക്കും.
ഡോ. സുധീഷ് സുധന്, റിക്കി താന്നിക്കല്, ജോബിന് പുത്തന്, ജിലേഷ് ബാലന് എന്നിവരുടെ നേതൃത്വത്തില് 40 ഓളം അംഗങ്ങളുള്ള എന്എംസിസി ടൂര്ണമെന്റ് കമ്മിറ്റി മത്സരങ്ങള്ക്കുള്ള ഒരുക്കങ്ങള് പൂര്ത്തിയാക്കി.
രാഷ്ട്രപതിക്ക് ഫിജിയുടെ പരമോന്നത സിവിലിയൻ പുരസ്കാരം
സുവ: ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഫിജിയുടെ പരമോന്നത സിവിലിയൻ പുരസ്കാരം സമ്മാനിച്ചു. പ്രസിഡന്റ് വില്യം മെയ്വലിലി കതോനിവെരേയാണ് കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി ദ്രൗപദി മുർമുവിനു സമ്മാനിച്ചത്.
ആഗോളതലത്തിൽ ഇന്ത്യ കുതിക്കുന്പോൾ ഫിജിയുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഇന്ത്യ തയാറാണ്. ഇന്ത്യയും ഫിജിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതിഫലനമാണ് ഈ അംഗീകാരമെന്ന് ദ്രൗപദി മുർമു പറഞ്ഞു.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി ഫിജി സന്ദർശിക്കുന്നത്. ഫിജി പാർലമെന്റിനെയും രാഷ്ട്രപതി അഭിസംബോധന ചെയ്തു.
ബ്രിസ്ബെൻ മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ബ്രിസ്ബെൻ: ബ്രിസ്ബെൻ മലയാളി അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിൽ വച്ച് 2024 - 2026 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് രാജേഷ് മോഹിനി, സെക്രട്ടറി ജിസ് ജോസ്, ട്രഷറർ എൽദോ തോമസ്, വൈസ് പ്രസിഡന്റ് റെജി ചാക്കോ, ജോ. സെക്രട്ടറി പോൾ പുതുപ്പള്ളിൽ, പിആർഒ ജിജോ അക്കാനത്ത്.
കമ്മിറ്റി അംഗങ്ങൾ: സിജു കുഞ്ഞുവറീത്, ഷിബു മാത്യു, വർഗീസ് ജോൺ, ഡോൺ വർഗീസ്, ജിജോ ജോസ്.
മുടങ്ങില്ല പഠനം; ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാൻ ഓസ്ട്രേലിയൻ മമ്മൂട്ടി ഫാൻസ്
വയനാട്: നാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകാനായി മമ്മൂട്ടി ആരാധകർ.
ഓസ്ട്രേലിയയിൽ നിന്നുള്ള സംഘമാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഉരുൾപൊട്ടലിൽ വയനാട് ജില്ലയിൽ ഏറെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ പലയിടങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്.
ഈ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകാനായി മുന്നോട്ടു വന്നിരിക്കുകയാണ് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ ഘടകം.
മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് സഹായം എത്തിക്കുന്നത്. നേരത്തെ തന്നെ കെയർ ആൻഡ് ഷെയർ ദുരന്ത സ്ഥലത്തു ആവശ്യമായ സഹായങ്ങൾ എത്തിച്ചു തുടങ്ങിയിരുന്നു.
വലപ്പാട് സിപി ട്രസ്റ്റും കെയർ ആൻഡ് ഷെയറിനൊപ്പം രംഗത്തുണ്ട്. മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ഉരുൾപൊട്ടലിൽ ഇരയായവർക്ക് സഹായധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി നൽകിയിരുന്നു.
മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ ദുരന്ത സ്ഥലവും ക്യാമ്പുകളും ഉടൻ തന്നെ സന്ദർശിച്ച് ജില്ലാ അധികാരികൾ മുഖാന്തിരം ആദ്യ ഘട്ടത്തിലുള്ള പഠനോപകരണങ്ങൾ കൈമാറും.
തുടർന്ന് അവശ്യസാധനങ്ങളും മറ്റ് സഹായങ്ങളും ആവർത്തിക്കുമെന്ന് മമ്മൂട്ടി ഫാൻസ് ഓസ്ട്രേലിയ ഘടകം ട്രഷറർ വിനോദ് കൊല്ലംകുളം പറഞ്ഞു.
സംഘടനയുടെ ഓസ്ട്രേലിയ വൈസ് പ്രസിഡന്റ് സജി പഴയാറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ സഹായ പദ്ധതികൾ നടത്തുമെന്നും പ്രസിഡന്റ് മദനൻ ചെല്ലപ്പൻ പറഞ്ഞു.
മറ്റു രാജ്യങ്ങളിലെ മമ്മൂട്ടി ഫാൻസ് പ്രവർത്തകരും നിരവധി സഹായ പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്.
കാര്ലോ അക്കൂത്തിസിനെ കുറിച്ച് പുതിയ ഗ്രന്ഥവുമായി ഡോ. ജോണ് പുതുവ
സിഡ്നി: വാഴ്ത്തപ്പെട്ട കാര്ലോ അക്കൂത്തിസിനെ കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഗ്രന്ഥങ്ങള് എഴുതിയിട്ടുള്ള ഡോ. ജോണ് പുതുവ ഓസ്ട്രേലിയയിലെ കുട്ടികള്ക്കായി ബഹുവർണ ചിത്രങ്ങളോടു കൂടിയ ഒരു പുതിയ ഗ്രന്ഥം കൂടി പുറത്തിറക്കുന്നു.
2025ല് മാര്പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന കാര്ലോ അക്കൂത്തിസിന്റെ കബറിടത്തിലും ഭവനത്തിലും പോയി വിവരങ്ങള് ശേഖരിച്ചാണ് ഇന്ത്യന് ഭാഷയില് ആദ്യമായി മലയാളത്തില് വിശുദ്ധനെ കുറിച്ച് ഫാ. ജോണ് പുതുവ പുസ്തകം പ്രസിദ്ധീകരിച്ചത്.
കാര്ലോ അക്കൂത്തിസിന്റെ അമ്മ ആന്റോണിയോ സല്സാനോയുടെ ആശംസയോടു കൂടിതന്നെയാണ് ഓസ്ട്രേലിയായിലെ കുട്ടികള്ക്കായുള്ള പുതിയ പുസ്തകവും തയാറാക്കുന്നത്. ഓസ്ട്രേലിയായിലെ കുട്ടികള്ക്കിടയില് ഇതിനോടകം അംഗീകാരം നേടിയ "കാര്ലോസ് ഫ്രണ്ട്സ്' എന്ന സംഘടനയുടെ സ്ഥാപകനും കൂടിയാണ് ഫാ.ഡോ. ജോണ് പുതുവ.
വിവിധ ഭാഷകളിലായി നിരവധി ഗ്രന്ഥങ്ങള് രചിച്ചിട്ടുള്ള പുതുവയച്ചന്, 2025ല് കാര്ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങില് വച്ച് പുസ്തകം പ്രകാശനം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. മെല്ബണ് സീറോമലബാര് രൂപതയിലെ ന്യൂകാസില് സെന്റ് മേരീസ് ഇടവക വികാരിയാണ് ഫാ.ഡോ. ജോണ് പുതുവ.
ഉമ്മൻ ചാണ്ടി അനുസ്മരണം ക്വീൻസ്ലാൻഡിലെ ഗോൾഡ് കോസ്റ്റിൽ
ഗോൽഡ് കോസ്റ്റ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിനോട് അനുബന്ധിച്ച് ഐസി ക്വീൻസ്ലാൻഡ് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഗോൾഡ് കോസ്റ്റിൽ വച്ചു നടത്തപ്പെട്ടു.
ഐഒസി ഓസ്ട്രേലിയ കോഓർഡിനേറ്റർ സാജു സി.പി. അധ്യക്ഷത വഹിച്ചു. ഐസി ക്വീൻസ്ലാൻഡ് വൈസ് പ്രസിഡന്റ് മനോജ് തോമസ് സ്വാഗതം പറഞ്ഞു. ജോജോസ് പാലക്കുഴി കൃതജ്ഞത രേഖപ്പെടുത്തി.
അതോടൊപ്പം ഐഒസി ക്വീൻസ്ലാൻഡ് സംഘടിപ്പിക്കുന്ന ഇൻഡിപെൻഡൻസ് ഡേ സെലിബ്രേഷൻ ഓഗസ്റ്റ് 17ന് നടത്തുവാനുള്ള ഒരുക്കങ്ങൾ വിലയിരുത്തി. പാർലമെന്റ് അംഗം ബെന്നി ബെഹനാനാൻ മുഖ്യ അതിഥിയായി പങ്കെടുക്കപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.
ഓസ്ട്രേലിയൻ റോളർ സ്ക്കേറ്റിംഗിൽ മലയാളി പെൺകുട്ടിക്ക് മെഡൽ
സിഡ്നി: ഓസ്ട്രേലിയൻ ആർട്ടിസ്റ്റിക് റോളർ സ്ക്കേറ്റിംഗിൽ മലയാളി പെൺകുട്ടിക്ക് ഉജ്വല വിജയം. ലിവർപൂളിൽ നടന്ന ദേശീയ മൽസരത്തിൽ ജൂവനയിൽ വിഭാഗത്തിൽ എലൈൻ മേരി ലിജോ വെള്ളി മെഡൽ നേടിയപ്പോൾ ഇന്ത്യൻ ജനതയ്ക്കാതെ അത് അഭിമാനമായി.
മെൽബൺ മക്കിനൻ സെക്കൻഡറി കോളേജിലെ ഏഴാംക്ലാസ് വിദ്യാർഥിനി എലൈൻ രണ്ട് വർഷമായി വിക്ടോറിയ സ്റ്റേറ്റ് ചാമ്പ്യനാണ്. ഗ്രേഡ് 2 തൊട്ടേ ദുഷ്കരമായ സോളോ ഫ്രീ ഡാൻസ് സ്കേറ്റിംഗിൽ പരിശീലനവും നടത്തി വരുകയാണ് മെൽബൺ സ്കൈറ്റ് ഹൗസ് ക്ലബ് അംഗമായ ഈ കൊച്ചു മിടുക്കി.
മെൽബണിലെ മക്കിനണിൽ താമസിക്കുന്ന ഐടി പ്രഫഷ്ണലുകളായ ലിജോ ജോൺ ഏനെക്കാട്ട് (ആയൂർ, കൊല്ലം), അനുമോൾ എൽസ ജോൺ കൂട്ടിയാനിയിൽ (ചെമ്മലമറ്റം, കോട്ടയം) എന്നിവരാണ് മാതാപിതാക്കൾ. ജോആൻ അന്ന, ഇയാൻ ജോൺ എന്നിവർ സഹോദരങ്ങളും.
പഠനത്തിനൊപ്പം പരിശീലനം തുടരുന്നതിനോടൊപ്പം അന്താരാഷ്ട്ര തലത്തിൽ നേട്ടങ്ങൾ കൈവരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് എലൈൻ പറയുന്നു.
ബേബി സിറിയക്ക് മെൽബണിൽ അന്തരിച്ചു
മെൽബൺ: കുറുപ്പന്തറ കരിശേരിക്കൽ ബേബി സിറിയക്ക്(59) മെൽബണിൽ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മെൽബൺ സെന്റ് ആന്റണിസ് കത്തോലിക്കാപള്ളിയിൽ. ഭാര്യ എൽസി മറ്റക്കര ഇളപ്പാനിക്കൽ കുടുംബാംഗം.
മക്കൾ: ബിൽ ബേബി, ബെൽ ബേബി (മിന്നു). മരുമകൾ: മെർലിൻ തടത്തിൽ കൂടല്ലൂർ. സഹോദരങ്ങൾ: ജോസ് കരിശേരിക്കൽ കുറുപ്പന്തറ, പരേതയായ മേരി, ലീല കുരുവിള നിലമ്പടത്തിൽ കുറുപ്പന്തറ, ചിന്നമ്മ ജോസ് ഞരളക്കാട്ട്തുരുത്തേൽ കുറുപ്പന്തറ, ത്രേസ്യാമ്മ മത്തച്ചൻ പുളിക്കകണ്ടത്തിൽ മാറിക, കുഞ്ഞുമോൾ ജോസ് വരിക്കമാൻതൊട്ടിയിൽ(മെൽബൺ), ഡെയിസി ജോമോൻ ചെന്നാക്കുഴി കരിംകുന്നം, സിസ്റ്റർ ലൂസി കോളയാട്.
പരേതന്റെ ആത്മശാന്തിക്കായി വെള്ളിയാഴ്ച നാലിനു കുറുപ്പന്തറ സെന്റ് തോമസ് പള്ളിയിൽ കുർബാനയും മറ്റുതിരുക്കർമ്മങ്ങളും ഉണ്ടായിരിക്കും.
സിംഗപ്പുരിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു
സിംഗപ്പുർ: സിംഗപ്പുരിലെ സീറോമലബാർ സഭാ വിശ്വാസികൾ ദുക്റാന തിരുനാൾ ആഘോഷിച്ചു. തിരുനാൾ കുർബാനയ്ക്ക് മെൽബൺ സീറോമലബാർ രൂപത ബിഷപ് മാർ ജോൺ പനംതോട്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു.
തലമുറകൾ തോറും പകർന്നുകൊടുക്കേണ്ട വെളിച്ചമാണ് വിശുദ്ധ തോമാശ്ലീഹാ നമുക്ക് പകർന്നു തന്ന വിശ്വാസമെന്നും ആ വിശ്വാസം വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളിലും ജീവിതരീതികളിലും അഭംഗുരം കാത്തുപരിപാലിക്കേണ്ടത് ഓരോ സീറോമലബാർ വിശ്വാസിയുടെയും ഉത്തരവാദിത്വമാണെന്നും മാർ ജോൺ പനംതോട്ടത്തിൽ വചനസന്ദേശത്തിൽ പറഞ്ഞു.
സിംഗപ്പുർ സീറോമലബാർ പാസ്റ്ററൽ കോ-ഓർഡിനേറ്റർ ഫാ. മേജോ മരോട്ടിക്കൽ, അസോസിയേറ്റ് കോ-ഓർഡിനേറ്റർ ഫാ. മാത്യു പിണക്കാട്ട് എന്നിവർ സഹകാർമികരായിരുന്നു.
ആഘോഷമായ വിശുദ്ധ കുർബാനയ്ക്കുശേഷം സഭാ ദിനാഘോഷപരിപാടികൾ നടന്നു. വിവിധ കലാപരിപാടികളും മത്സരങ്ങളും തിരുനാൾ ഊട്ട് നേർച്ചയും ഉണ്ടായിരുന്നു.
തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി ജോർജ് സിറിയക്കിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ടോണിയ ഫിലിപ്പ്, മനോജ് പൊന്നാട്ട്, ടോണി ഡൊമിനിക് വട്ടക്കുഴി, സുനിൽ തോമസ്, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളും നേതൃത്വം നൽകി.
തിരുനാളിന്റെ തലേദിവസം നടന്ന ആറു കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിനും സ്ഥൈര്യലേപന സ്വീകരണത്തിനും മാർ ജോൺ പനത്തോട്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു.
ഏകദേശം 4000 ത്തോളം സീറോമലബാർ വിശ്വാസികൾ സിംഗപ്പുരിൽ ജോലിചെയ്യുന്നുണ്ട്.
ബെന്നി ബഹനാൻ ഓസ്ട്രേലിയ സന്ദർശിക്കുന്നു
ക്വീൻസ്ലാൻഡ്: ഓസ്ട്രേലിയയിൽ ഐഒസി ക്വീൻസ്ലാൻഡ് സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യഅതിഥിയായി മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ പങ്കെടുക്കും.
ഓഗസ്റ്റ് 17ന് ക്വീൻസ്ലാൻഡിലെ ഗോൾഡ് കോസ്റ്റിൽ വച്ച് നടത്തപ്പെടുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വർണശബളമായ ഘോഷയാത്രയും പതാക പ്രയാണവും നടത്തപ്പെടും.
സംസ്കാരിക വൈവിധ്യങ്ങളായ പരിപാടികൾ അരങ്ങേറുന്ന സയാഹ്നത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
മെൽബൺ സെന്റ് ജോർജ് ദേവാലയത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു
മെൽബൺ: സെന്റ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു.
ഭാരവാഹികൾ:
ഇടവക സെക്രട്ടറി ബെൽജോ ജോയ്, കൈക്കാരൻ അതുൽ വർഗീസ്, വൈസ് പ്രസിഡന്റ് കുര്യൻ ജോൺ, ജോയിന്റ് സെക്രട്ടറി ജെയ്സൺ ഉലഹനൻ, ജോയിന്റ് ട്രസ്റ്റി എൽദോ പോൾ.
കമ്മിറ്റി അംഗങ്ങൾ: നിഷാ പോൾ, ബേബി മാണി, ലാലു പീറ്റർ, ജോ മാത്യു, സുനിൽ കുര്യൻ, ലിയ ഷാജി. എക്സ് കമ്മിറ്റി ഷിബു കോലാപ്പിള്ളിൽ, ബോസ് ജോസ്.
കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറീനിയോസ് മെത്രാപൊലീതയുടെയും ഇടവക വികാരി ഫാ. ലിജു മാത്യു, സഹവികാരി ഫാ. ഡെന്നിസ് കോലാശേരിലിന്റെയും സാന്നിധ്യത്തിലാണ് ഇവർ ചുമതലയിൽ പ്രവേശിച്ചത്.
വിവിധ ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലേക്ക് ഇടവക പൊതുയോഗം തെരഞ്ഞെടുത്തവരും ഈ മാസം മുതൽ ഇടവക ഭരണസമിതിയോടൊപ്പം പ്രവർത്തനമാരംഭിച്ചു.
ഹൃദയാഘാതം: മലയാളി യുവതി ന്യൂസിലൻഡിൽ അന്തരിച്ചു
കോട്ടയം: മലയാളി യുവതി ന്യൂസിലൻഡിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കുമരകം ചെന്നാത്ത് ടിജിന്റെ ഭാര്യ ജെസ്ലീന ജോർജ് (അന്ന) ആണ് മരിച്ചത്.
ഇടുക്കി തേപ്രാംകുടി മേലേ ചിന്നാർ പരിന്തിരിക്കൽ കുടുംബാംഗമാണ്. രണ്ടു വർഷമായി നോർത്ത് ഐലൻഡിലെ ഹാമിൽട്ടണിലായിരുന്നു താമസം. എംഎസ്ഡബ്ല്യു ബിരുദധാരിയാണ്.
ജെസ്ലീനയുടെ സഹോദരന്മാരും ന്യൂസിലൻഡിലാണ് താമസിക്കുന്നത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുവരും.
മലയാളി യുവതി ഓസ്ട്രേലിയയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ക്യൂൻസ്ലാൻഡ്: ഓസ്ട്രേലിയയിലെ ക്യൂൻസ്ലാൻഡിൽ ഉപരിപഠനത്തിനായി പോയ കാരയ്ക്കാട് സ്വദേശിയായ യുവതി ഹൃദയാഘാതം മൂലം മരിച്ചു. കാരയ്ക്കാട് കോമളത്ത് അജയൻ - മിനി ദമ്പതികളുടെ മകൾ അർച്ചനയാണ്(28) മരണമടഞ്ഞത്.
അമൃത ആശുപത്രിയിൽനിന്നു ഡോക്ടർ ഓഫ് ഫാർമസിയിൽ ബിരുദം കരസ്ഥമാക്കിയ ശേഷം ആറുമാസം മുൻപാണ് അർച്ചന ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോയത്.
ഗൾഫിൽ ജോലിയുള്ള വൈശാഖാണ് ഭർത്താവ്. ഇവർക്ക് ഒന്നരവയസുള്ള മകൾ ഉണ്ട്. അർച്ചനയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
ഗോൾഡൻ ജൂബിലി നിറവിൽ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ
മെൽബൺ: വിക്ടോറിയയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ(എംഎവി) അൻപതാം വർഷത്തിലേക്ക്. ഇതിന്റെ ഭാഗമായി മെൽബണിലെ റോവില്ലിൽ ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിപാടികളുടെ ഉദ്ഘാടനം നടന്നു.
മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ പുതിയ ഭരണസമിതിയും ചടങ്ങിൽ ചുമതലയേറ്റു. ഓസ്ട്രേലിയൻ ഇന്ത്യൻ കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് മുഖ്യതിഥിയായ ഹോൾട്ട് പാർലമെന്റ് അംഗം കസാൻഡ്ര ഫെർണാഡോ ഉദ്ഘാടനം ചെയ്തു.
ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവരെ മാതൃഭാഷയുമായും സംസ്കാരവുമായും ബന്ധിപ്പിച്ച് നിറുത്തുന്നതിൽ സാംസ്കാരിക സംഘടനകൾക്കുള്ള പങ്ക് കുടിയേറി എത്തിയ തനിക്കറിയാമെന്ന് കസാൻഡ്ര ഫെർണാഡോ പറഞ്ഞു.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് ഇൻ വിക്ടോറിയ മുൻ പ്രസിഡന്റ് വാസൻ ശ്രീനിവാസൻ വിശിഷ്ടാതിഥി ആയിരുന്നു. ചടങ്ങിൽ പ്രസിഡന്റ് മദനൻ ചെല്ലപ്പൻ അധ്യക്ഷത വഹിച്ചു.
വിക്ടോറിയയിലെ മലയാളി അസോസിയേഷനുകൾ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ മാത്രമേ നേട്ടങ്ങൾ കൈവരിക്കാൻ പറ്റുകയുള്ളുവെന്ന് മദനൻ ചെല്ലപ്പൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
മുൻ സെക്രട്ടറി ഹരിഹരൻ വിശ്വനാഥൻ സ്വാഗതവും പിആർഒ ബിജു സ്കറിയ നന്ദിയും പറഞ്ഞു. വ്യത്യസ്ത മേഖലകളിൽ നേട്ടം കൈവരിച്ച ക്യാപ്റ്റൻ ഡോ. സ്മൃതി മുരളി കൃഷ്ണ, വിദ്യ വിനു, വേദിക, സേതുനാഥ് പ്രഭാകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഐറിൻ സാറ, ഷമ്റിൻ എന്നിവരുടെ അവതരണവും വൈവിധ്യമാർന്ന കലാപരിപാടികളും ചടങ്ങിന്റെ മാറ്റുകൂട്ടി. വിക്ടോറിയയിലെ വിവിധ അസോസിയേഷൻ പ്രതിനിധികൾ പങ്കെടുത്തു.
1976ലാണ് മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ മെൽബണിൽ സ്ഥാപിതമായത്. ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് എംഎവി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സെക്രട്ടറി അലൻ അബ്രഹാം പറഞ്ഞു. ഇരുപതംഗ കമ്മിറ്റിയാണ് ആഘോഷ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്.
2024-26 വർഷത്തെ കമ്മിറ്റി അംഗങ്ങൾ: പ്രസിഡന്റ് - മദനൻ ചെല്ലപ്പൻ, ജനറൽ സെക്രട്ടറി - അലൻ എബ്രഹാം കാക്കത്തോട്ടത്തിൽ, ട്രഷറർ - ഹരിഹരൻ വിശ്വനാഥൻ, വൈസ്പ്രസിഡന്റ് - ഷോബി തോമസ്, ലിൻറോ ദേവസി മാളിയേക്കൽ, ജോയിന്റ് സെക്രട്ടറി - ഡാനി ഷാജി, സലീൽ സോമൻ,
എക്സിക്യൂട്ടിവ് അംഗങ്ങൾ - ജോസ് പ്ലാക്കൽ, അരുൺ സത്യൻ, അതുൽ വിഷ്ണുപ്രതാപ്, അശ്വതി ഉണ്ണികൃഷ്ണൻ, ജിബു ഫിലിപ്പ്, ലിക്കു ജോസഫ്, ബിജു സ്കറിയ, അശ്വിൻ ആനന്ദ് പുതുറാത്ത്, സുബാഷ് കുമാർ കേശവൻ, അരുൺ രാജൻ, ഹരിത പുന്നുള്ളി, വിശ്വംഭരൻ രാജേഷ് നായർ, നിയ ബെൻ.
മേരിക്കുട്ടി തോമസ് അന്തരിച്ചു
ബ്രിസ്ബൻ: കോട്ടയം കുടമാളൂർ തൈപ്പറമ്പിൽ പരേതനായ വി.ജെ. തോമസിന്റെ (ദീപിക കുഞ്ഞച്ചൻ) ഭാര്യ മേരിക്കുട്ടി(85) അന്തരിച്ചു. സംസ്കാരം പിന്നീട് .
മക്കൾ: സോണി തോമസ് (ആലുവ), സിബി തോമസ് (കുടമാളൂർ), സാബു തോമസ് (പിഎ ഹോസ്പിറ്റൽ ബ്രിസ്ബൻ, ഓസ്ട്രേലിയ), എലിസബത് തോമസ് (സ്മിത - എസ്ബി കോളജ് ചങ്ങനാശേരി).
മരുമക്കൾ: ബീന കുറുങ്ങമ്പള്ളി (ആലുവ), ആശ പതിയിൽപ്പറമ്പിൽ (കോട്ടയം), ടെസി പയ്യാംതടത്തിൽ (ആപ്പാഞ്ചിറ - പിഎ ഹോസ്പിറ്റൽ), ടിറ്റോ ജോസഫ് മാമ്പറമ്പിൽ കാവനാട് (മടുക്കംമൂട്, ചങ്ങനാശേരി).
വാർത്ത: തോമസ് ടി. ഓണാട്ട്
ഓസ്ട്രേലിയയിൽ മുതലയുടെ ആക്രമണം; ബാലൻ മരിച്ചു
കാൻബറ: മുതലയുടെ ആക്രമണത്തിൽ മരിച്ചുവെന്നു സംശയിക്കുന്ന പന്ത്രണ്ടുകാരന്റെ മൃതദേഹം ഓസ്ട്രേലിയൻ പോലീസ് കണ്ടെടുത്തു. നോർത്തേൺ ടെറിട്ടറിയിലെ ഡാർവിൻ നഗരത്തിനടുത്ത് ചൊവ്വാഴ്ചയാണു ബാലനെ കാണാതായത്.
ഇവിടെ മുതലയെ കണ്ടിരുന്നതായി പോലീസ് പറഞ്ഞു. പോലീസിനൊപ്പം പ്രദേശവാസികളും തെരച്ചിലിൽ പങ്കുചേർന്നു. ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന മുതലകളെ ഓസ്ട്രേലിയയുടെ വടക്കൻ ഭാഗത്തുടനീളം കണ്ടുവരുന്നതാണ്.
അന്യംനിന്നുപോകുമെന്നു കരുതിയ ഇവ 1970ലെ വേട്ടനിരോധനത്തിനുശേഷം പെരുകി. ഇന്ന് നോർത്തേൺ ടെറിട്ടറിയിൽ ഒരു ലക്ഷത്തിനടുത്ത് മുതലകളുണ്ട്. മുതലകൾ മനുഷ്യനെ ആക്രമിക്കുന്നത് പതിവു സംഭവമല്ല.
ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് സമ്മാനിച്ചു
കാൻബറ: കാൻബറ സെന്റ് അൽഫോൻസാ ഇടവക സെന്റ് മേരീസ് ഫാമിലി കൂട്ടായ്മ സംഘടിപ്പിച്ച പ്രഥമ ഇസബെൽ മേരി തോമസ് അവാർഡ് കാൻബറ ഇടവക കമ്യൂണിറ്റിയിൽ 12-ാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ആംലീൻ ഷാജിക്ക് ഇടവക വികാരി ഫാ. ബിനീഷ് നരിമറ്റത്തിൽ സമ്മാനിച്ചു.
ദുക്റാന തിരുനാളിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവക കൈകാരന്മാർ, യൂണിറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കുറവിലങ്ങാട് കളത്തൂർ ചീക്കപ്പാറയിൽ ഷാജിയുടെയും ലിസിയുടെയും മകളാണ് ആംലീൻ.
ഇന്ത്യയിലേക്ക് യാത്ര തിരിച്ച യുവതി മെൽബണിൽ കുഴഞ്ഞുവീണ് മരിച്ചു
ന്യൂഡൽഹി: മെൽബണിൽനിന്ന് ഡൽഹിയിലേക്കുള്ള ക്വാണ്ടാസ് വിമാനത്തിൽ ഇന്ത്യൻ വംശജ കുഴഞ്ഞുവീണു മരിച്ചു. 24കാരിയായ മൻപ്രീത് കൗറാണ് വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് സീറ്റ് ബെൽറ്റ് ധരിക്കുന്നതിനിടെ മരിച്ചത്.
ഷെഫ് ആകണമെന്ന ആഗ്രഹവുമായി മെൽബണിലെത്തിയ മൻപ്രീത് കൗർ നാല് വർഷത്തിനുശേഷം ഇന്ത്യയിലെ കുടുംബത്തെ സന്ദർശിക്കാൻ വരുന്പോഴായിരുന്നു അപ്രതീക്ഷിത മരണം.
ക്ഷയരോഗബാധിതയായിരുന്നുവെന്നു പ്രാഥമിക റിപ്പോർട്ടുകളിൽ സൂചനയുണ്ട്.