ജിഎംഎഫ് പ്രവാസി സംഗമം രണ്ടാം ദിവസം ശ്രദ്ധേയമായി
ജോസ് കുമ്പിളുവേലിൽ
Saturday, August 23, 2025 5:06 PM IST
കൊളോണ്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ(ജിഎംഎഫ്) ആഭിമുഖ്യത്തില്‍ അഞ്ച് ദിനങ്ങളിലായി നടക്കുന്ന പ്രവാസി സംഗമത്തിന്റെ രണ്ടാം ദിവസം ശ്രദ്ധേയമായി. ഓഗസ്റ്റ് 20ന് ആരംഭിച്ച സംഗമത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച സാബു ജേക്കബ് ആറാട്ടുകളത്തില് ക്രിത്യന്‍ സഭയും വിശ്വാസികളും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. തുടര്‍ന്ന് ചര്‍ച്ചകളും നടന്നു.
വൈകുന്നേരം നടന്ന കലാസായാഹ്നം ജിഎംഎഫ് വനിതാ ഫോറം സാരഥികളായ ജെമ്മ ഗോപുരത്തിങ്കല്‍, എല്‍സി വേലൂക്കാരന്‍, ലൂസി നെറ്റികാടന്‍, ലിസി ചെറുകാട്, ലീലാമ്മ നടുവിലേഴത്ത്, മേരി ക്രീഗര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കൊളോണ്‍ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി, പ്രഫ.ഡോ. രാജപ്പന്‍നായര്‍, ഫാ. ജോസ് കല്ലുപിലാങ്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

ബാബു ഹാംബുര്‍ഗ്, ജെയിംസ് പാത്തിക്കന്‍, ജോയി വെള്ളാരംകാലായില്‍, സോബിച്ചന് ചേന്നങ്കര എന്നിവരുടെ ഗാനാലാപനം, സാബു ജേക്കബ്, ബേബി കലയംങ്കേരില് എന്നിവരുടെ കാവ്യചൊല്‍ക്കാഴ്ച, ജോസി മണമയിലിന്റെ സാമ്പത്തിക അവലോകനം, നാടന്‍നൃത്തം, ഹാസ്യചിത്രീകരണം എന്നിവ അരങ്ങേറി. സിറിയക് ചെറുകാടിന്റെ ഗാനമേളയോടുകൂടി കലാപരിപാടികള്‍ അവസാനിച്ചു.
ലൂസി നെറ്റികാടന്‍ സ്വാഗതവും എല്‍സി വടക്കുംചേരി നന്ദിയും പറഞ്ഞു. മേരി ക്രീഗര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. ഇക്കൊല്ലത്തെ ജിഎംഎഫ് അവാര്‍ഡുജേതാക്കളായ ജോയി മാണിക്കത്തിനും ബേബി കാക്കശേരിക്കും ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.

ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിര്‍ഷന്‍, ഡാലെം, ബാസെം സെന്റ് ലുഡ്ഗെര്‍ ഹൗസിലാണ് സംഗമം നടക്കുന്നത്.