ജിഎംഎഫിന്റെ പ്രവാസി സംഗമത്തിന് തുടക്കം
ജോസ് കുമ്പിളുവേലില്‍
Friday, August 22, 2025 1:17 PM IST
കൊളോണ്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ(ജിഎംഎഫ്) 36-ാം പ്രവാസി സംഗമത്തിന് ബുധനാഴ്ച ജര്‍മനിയില്‍ തുടക്കമായി.
സംഗമകേന്ദ്രമായ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിര്‍ഷന്‍ ഡാലം ബേസന് ഹൗസില്‍ വൈകുന്നേരം എട്ടിന് ഗ്ലോബല്‍ മലയാളി ഫെഡറേഷന് ചെയര്‍മാനും ലോകകേരള സഭ അംഗവുമായ പോള്ഗോപുരത്തിങ്കല് ഭദ്രദീപം കൊളുത്തി സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ജിഎംഎഫ് പ്രസിഡന്റ് സണ്ണി വേലൂക്കാരന്‍ സ്വാഗതം ആശംസിച്ചു. വിവിധ സംഘടന പ്രതിനിധികള്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. വിവിധകാലാപരിപാടികളും അരങ്ങേറി. ജെമ്മ ഗോപുരത്തിങ്കല്‍ നന്ദി പറഞ്ഞു.
യൂറോപ്പിലെ പ്രശസ്ത ഗായകന് വിയന്നയില്‍ നിന്നുള്ള സിറിയക് ചെറുകാടിന്റെ ഗാനമേള ആദ്യദിവസത്തെ സംഗീതമയമാക്കി. ചര്‍ച്ചകള്‍, യോഗാ, കലാസായാഹ്നങ്ങള്‍ തുടങ്ങിയ പരിപാടികളാണ് അഞ്ചു ദിനങ്ങളിലായി അരങ്ങേറുന്നത്.

അപ്പച്ചന് ചന്ദ്രത്തില്, സണ്ണി വേലൂക്കാരന്‍, അവറാച്ചന് നടുവിലേഴത്ത്, ബൈജു പോള്‍, മേരി ക്രീഗര്‍, ജെമ്മ ഗോപുരത്തിങ്കല്‍ എന്നിവരാണ് സംഗമത്തിന് നേതൃത്വം നല്‍കുന്നത്. സംഗമം ഈ മാസം 24ന് സമാപിക്കും.