"വാഴ്വ് 2025': ബർമിംഗ്ഹാമിൽ ക്നാനായ കത്തോലിക്കാ മഹാസംഗമം ഒക്ടോബർ നാലിന്
Saturday, August 23, 2025 5:01 PM IST
ബർമിംഗ്ഹാം: ഗോത്രമഹിമയുടെ തനിമയും പൂർവികർ പകർന്നുനൽകിയ പാരമ്പര്യവും നെഞ്ചോടുചേർത്ത വിശ്വാസവും മുറുകെപ്പിടിച്ച് ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ചരിത്രപുസ്തകത്തിൽ ഒരു സുവർണ അധ്യായം കുറിക്കാൻ "വാഴ്വ് 2025' മഹാസംഗമം ഒരുങ്ങുന്നു.
യുകെയുടെ ഹൃദയഭാഗമായ ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിൽ ഒക്ടോബർ നാലിന് ശനിയാഴ്ച ഈ ചരിത്ര സംഗമത്തിന് അരങ്ങുണരും. നമ്മുടെ കൂട്ടായ്മയുടെ വേരുകൾ ആഴത്തിലോടാനും വിശ്വാസത്തിൽ തഴച്ചുവളരാനുമുള്ള ഈ അപൂർവ സംഗമത്തിനായി യുകെയിലെമ്പാടുമുള്ള ക്നാനായ മക്കൾ ആവേശത്തോടെ കാത്തിരിക്കുന്നു.
ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "വാഴ്വ് 2025', രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് നടക്കുക. ഈ മഹാകൂട്ടായ്മയ്ക്ക് ചുക്കാൻ പിടിക്കുന്നത് ഫാ. സുനി പടിഞ്ഞാറേക്കര (ചെയർമാൻ), അഭിലാഷ് തോമസ് മൈലപ്പറമ്പിൽ (ജനറൽ കൺവീനർ) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ സമിതിയാണ്.
ഫാ. സജി തോട്ടത്തിൽ, ഫാ. ജോഷി കൂട്ടുങ്കൽ (കൺവീനർമാർ), സജി രാമച്ചനാട്ട് (ജോയിന്റെ കൺവീനർ) എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നു.
ഒരുമയുടെ ആഘോഷം, പൈതൃകത്തിന്റെ പുനഃപ്രഖ്യാപനം
തലമുറകളായി നാം കാത്തുസൂക്ഷിക്കുന്ന തനിമയാർന്ന പാരമ്പര്യങ്ങളും വിശ്വാസ ദാർഢ്യവും അടുത്ത തലമുറയുടെ സിരകളിലേക്ക് പകർന്നുനൽകാനുള്ള ഒരു വലിയ വിളനിലമായി "വാഴ്വ് 2025' മാറും.
ഇത് കേവലം ഒരു ഒത്തുചേരലല്ല, മറിച്ച് യുകെയിലെ ക്നാനായ സമൂഹത്തിന്റെ ഐക്യത്തിന്റെയും സ്നേഹബന്ധങ്ങളുടെയും ഉജ്വലമായ പുനഃപ്രഖ്യാപനമാണ്.
വിശ്വാസ പ്രഘോഷണങ്ങൾ, ഹൃദയം കവരുന്ന കലാവിരുന്നുകൾ, ചൈതന്യദായകമായ പ്രാർഥനാ ശുശ്രൂഷകൾ എന്നിവ ഒത്തുചേർന്ന് ഈ ദിനം അവിസ്മരണീയമാക്കും.
കേരളത്തിന്റെ മണ്ണിൽ നിന്ന് പറിച്ചുനടപ്പെട്ടിട്ടും തങ്ങളുടെ വിശ്വാസവും പൈതൃകവും ഒരു കെടാവിളക്കുപോലെ കാത്തുസൂക്ഷിക്കുന്ന യുകെയിലെ ക്നാനായ സമൂഹം, "വാഴ്വ് 2025'-നെ നോക്കിക്കാണുന്നത് തങ്ങളുടെ കൂട്ടായ്മയുടെ ശക്തി വിളിച്ചോതുന്ന ഒരു അടയാളമായാണ്.
ഇതിനോടകം തന്നെ നടന്നു കഴിഞ്ഞ സംഗമത്തിന്റെ ഔദ്യോഗികമായ കിക്ക് ഓഫ്, ഓരോ ക്നാനായ ഭവനത്തിലും വലിയ ആവേശത്തിന്റെ അലയൊലികൾ സൃഷ്ടിച്ചിട്ടുണ്ട്.