ഇന്ത്യൻ പൗരന്മാർക്ക് അയർലൻഡിൽ ജാഗ്രത നിർദേശം
ജയ്സൺ കിഴക്കയിൽ
Saturday, August 2, 2025 10:33 AM IST
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുള്ള അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശം. അയർലൻഡിലെ ഇന്ത്യൻ എംബസിയാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
അടുത്തിടെ തലസ്ഥാന നഗരമായ ഡബ്ലിനിലെ രണ്ടിടങ്ങളിൽ ഐറിഷ് കൗമാരക്കാർ അക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം ഇന്ത്യക്കാരനായ ഡോ. സന്തോഷ് യാദവാണ് ക്രൂരമായ അക്രമത്തിനിരയായത്.
മുഖത്ത് മർദനമേറ്റതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ താടിയെല്ലിന് സാരമായ പരിക്കേറ്റു. കഴിഞ്ഞയാഴ്ച ഡബ്ലിൻ താലയിലും ഇന്ത്യക്കാരന് നേരെ സമാനമായ ആക്രമണം ഉണ്ടായി.
ഈ സാഹചര്യത്തിലാണ് അയർലൻഡിലെ ഇന്ത്യൻ പൗരന്മാർ തങ്ങളുടെ സുരക്ഷയ്ക്കായി മുൻകരുതലുകൾ എടുക്കാൻ നിർദേശിച്ചിരിക്കുന്നത്.
അസമയങ്ങളിൽ വിജനമായ പ്രദേശങ്ങളിലൂടെയും മറ്റും നടക്കുന്നതൊഴിവാക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.