ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ അഖില യുകെ ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്
Saturday, August 2, 2025 3:09 PM IST
ആഷ്ഫോർഡ്: കെന്റിലെ അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഖില യുകെ ക്രിക്കറ്റ് ടൂർണമെന്റ് വില്ലസ്ബറോ കെന്റ് റീജിണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറും.
ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരം ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് നീനു ചെറിയാൻ ഉദ്ഘാടനം ചെയ്യും. മുൻ വർഷങ്ങളിൽനിന്നും വ്യത്യസ്തമായ യുകെയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒമ്പത് പ്രശസ്തമായ ടീമുകൾ മൂന്ന് ഗ്രൂപ്പുകളിലായി ടൂർണമെന്റിൽ മാറ്റുരയ്ക്കും.
വിജയികളെ കാത്തിരിക്കുന്നത് ആകർഷങ്ങളായ പുരസ്കാരങ്ങളുടെ നീണ്ട നിരയാണ്. യഥാക്രമം 501 പൗണ്ട്, 201 പൗണ്ട്, 101 പൗണ്ട് കൂടാതെ ട്രോഫികളും സമ്മാനമായി നൽകുന്നതാണ്. മികച്ച ബാറ്ററിനും ബൗളർക്കും പ്രത്യേക പുരസ്കാരം നൽകും.
അന്നേദിവസം രാവിലെ മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി അസോസിയേഷൻ വിവിധ വിനോദ മത്സരങ്ങൾ, ബൗൺസി കാസിൽ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
കൂടാതെ കേരളത്തിന്റെ തനതു വിഭവങ്ങൾ മിതമായ നിരക്കിൽ ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കും ലഭ്യമാക്കുക എന്ന ഉദേശ്യത്തോടുകൂടി നാടൻ ഭക്ഷണശാല രാവിലെ മുതൽ അസോസിയേഷന്റെ നേതൃത്വത്തിൽ തുറന്ന് പ്രവർത്തിക്കും.
വൈകുന്നേരം നടത്തുന്ന സമാപന സമ്മേളനത്തിൽ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ മറ്റ് കമ്മിറ്റി അംഗങ്ങളും ചേർന്ന് വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും.
എല്ലാവരെയും മത്സരങ്ങൾ കാണുന്നതിനായി ക്ഷണിക്കുന്നതായി ഭാരവാഹികളായ നീനു ചെറിയാൻ (പ്രസിഡന്റ്), അജിമോൾ പ്രദീപ് (വൈസ് പ്രസിഡന്റ്), റെജി സുനിൽ(സെക്രട്ടറി), ലിജു മാത്യു (ജോ. സെക്രട്ടറി), ബിജു മാത്യു(ട്രഷറർ), ജോൺസൺ തോമസ് (കൺവീനർ) എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.