ലണ്ടൻ: ഓഗസ്റ്റ് 30ന് റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വച്ചു നടക്കുന്ന യുക്മ കേരളപൂരം വള്ളംകളി 2025ന്‍റെ ടൈറ്റിൽ സ്പോൺസറായി യുകെയിലെ പ്രമുഖ മലയാളി ബിസിനസ ഗ്രൂപ്പായ 'ഫസ്റ്റ് കോൾ' ഉടമ സൈമൺ വർഗ്ഗീസുമായി ധാരണയിൽ എത്തിയതായി യുക്മ ദേശീയ പ്രസിഡന്‍റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ് എന്നിവർ അറിയിച്ചു.

യുക്മ ഫസ്റ്റ് കോൾ കേരളപൂരം 2025 ഏറ്റവും മികച്ച രീതിയിൽ നടത്തുവാനുള്ള ഒരുക്കങ്ങളാണ് ധൃതഗതിയിൽ നടന്ന് വരുന്നത്. യുക്മ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ള കേരളപൂരം വള്ളംകളി മുൻ വർഷങ്ങളിലേതിനേക്കാൾ മികവുറ്റ രീതിയിൽ നടത്തുവാനുള്ള ക്രമീകരണങ്ങളാണ് യുക്മ ദേശീയ സമിതിയുടെയും റീജണൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ നടന്ന് വരുന്നതെന്ന് വള്ളംകളി ജനറൽ കൺവീനർ ഡിക്സ് ജോർജ് അറിയിച്ചു.

വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ടീമുകളും ഇതിനോടകം തന്നെ പരിശീലനം ആരംഭിച്ച് കഴിഞ്ഞു. കടുത്ത പരിശീലനത്തിലൂടെ മികച്ച പ്രകടനം പുറത്തെടുക്കുവാനും അതുവഴി വിജയികളാകുവാനുമുള്ള ഒരുക്കത്തിലാണ് ടീമുകളെല്ലാം തന്നെ. യുക്മ ട്രോഫിയ്ക്ക് വേണ്ടിയുള്ള ഏഴാമത് കേരളപൂരം വള്ളംകളിയിൽ മത്സര വിഭാഗത്തിൽ 32 ടീമുകൾ മാറ്റുരയ്ക്കുമ്പോൾ 12 ടീമുകൾ വന്നിത വിഭാഗത്തിൽ പങ്കെടുക്കുന്നു.


വള്ളംകളിയോടനുബന്ധിച്ചുള്ള കലാപരിപാടികളുടെയും തെരേസാസ് ലണ്ടൻ ''ഓണച്ചന്തം മലയാളി സുന്ദരി" പ്രോഗ്രാമിന്‍റെയും ഒരുക്കങ്ങൾ ധൃതഗതിയിൽ നടന്ന് വരികയാണ്. തിരുവാതിര, തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസ്, തെയ്യം, പുലികളി തുടങ്ങിയ കേരളത്തിന്‍റെ തന്നത് കലാരൂപങ്ങൾക്ക് പുറമെ വിവിധ നൃത്ത നൃത്യ രൂപങ്ങളും സംഗീത പരിപാടികളും അണിയറയിൽ തയ്യാറായി വരുന്നു. മുൻ വർഷങ്ങളിലെ പോലെ രാഷ്ട്രീയ, സിനിമ, സാമൂഹിക മേഖലകളിലെ പ്രമുഖർ ഇക്കുറിയും വിശിഷ്ടാതിഥികളായി എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

ഓഗസ്റ്റ് 30 ശനിയാഴ്ച യുക്മ ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 മത്സരം കാണുന്നതിന് മുൻകൂട്ടി അവധി ബുക്ക് ചെയ്ത് റോഥർഹാം മാൻവേഴ്സ് തടാകക്കരയിലേക്ക് എത്തിച്ചേരുവാൻ മുഴുവൻ യുകെ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: അഡ്വ. എബി സെബാസ്റ്റ്യൻ - 07702862186, ജയകുമാർ നായർ - 07403223006, ഡിക്സ് ജോർജ്ജ് - 07403312250.