കൊളോണ്‍ കേരള സമാജം ചീട്ടുകളി മത്സരം നടത്തി
ജോസ് കുമ്പിളുവേലില്‍
Friday, July 18, 2025 3:14 PM IST
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കൊളോണ്‍ ട്രോഫിക്ക്(പൊക്കാല്‍) വേണ്ടിയുള്ള ചീട്ടുകളി മത്സരം വിജയകരമായി നടത്തി. ഈ മാസം13ന് രാവിലെ 9.45 മുതല്‍ രാത്രി 10 വരെ കൊളോണ്‍ വെസലിംഗിലെ സെന്റ് ഗെര്‍മാനൂസ് ചര്‍ച്ച് ഹാളില്‍ നടന്ന മത്സരങ്ങള്‍ സമാജം പ്രസിഡന്റ് ജോസ് പുതുശേരി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 42 വര്‍ഷമായി കൊളോണ്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ സമാജത്തിന്റെ കൊളോണ്‍ ട്രോഫിക്കുവേണ്ടിയുള്ള പതിനഞ്ചാമത് മത്സരത്തില്‍ ഇത്തവണ 10 ടീമാണ് മാറ്റുരച്ചത്.
56 (ലേലം) ഇനത്തില്‍, കേരളസമാജം ചീട്ടുകളി നിയമാവലിക്ക് വിധേയമായി നടന്ന മത്സരം അത്യന്തം ആവേശോജ്വലമായി. ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ആദ്യത്തെ മൂന്നു ടീമുകളെയാണ് വിജയികളായി പ്രഖ്യാപിച്ചത്. ജനറൽ സെക്രട്ടറിയുടെ നന്ദിയോടെ പരിപാടികള്‍ സമാപിച്ചു.
ബിജോണ്‍, ഡെന്നി,അലക്സ് എന്നിവര്‍ മത്സരിച്ച മച്ചാന്‍സ് ടീം ഒന്നാം സ്ഥാനം നേടി. ജോണപ്പന്, തോമസ്, പാപ്പച്ചന് എന്നിവരടങ്ങുന്ന ഷ്വെല്‍മ് ടീം രണ്ടാം സ്ഥാനവും സണ്ണി, ജോസ്, ഔസേപ്പച്ചന് എന്നിവരടങ്ങിയ കൊളോണിയ ടീം മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് സെപ്റ്റംബര്‍ 20ന് വെസലിംഗ് സെന്റ് ഗെര്‍മാനൂസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാജത്തിന്റെ തിരുവോണാഘോഷ വേളയില്‍ ട്രോഫികള്‍ നല്കി ആദരിക്കും.
മത്സരങ്ങള്‍ക്ക് ബൈജു പോള്‍ (സ്പോര്‍ട്സ് സെക്രട്ടറി), ജോസ് പുതുശേരി (പ്രസിഡന്റ്), ഡേവീസ് വടക്കുംചേരി (ജന. സെക്രട്ടറി) എന്നിവര്‍ നേതൃത്വം നല്കി.
ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍), പോള്‍ ചിറയത്ത്, (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍(കള്‍ച്ചറല്‍ സെക്രട്ടറി), ടോമി തടത്തില്‍ (ജോ. സെക്രട്ടറി) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.