സ്പെയിനിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു
Wednesday, July 16, 2025 10:41 AM IST
മാഡ്രിഡ്: സ്പെയിനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴഞ്ചേരി പുല്ലാട് കുറുങ്ങഴ ഒടിക്കണ്ടത്തില്‍ മാത്യു തോമസ് (മോനി) - അന്നമ്മ (സുജ) ദമ്പതികളുടെ മകനായ മെര്വിന് തോമസ് മാത്യുവാണ് (28) മരിച്ചത്.
പൈലറ്റാകാനുള്ള പഠനത്തിനുവേണ്ടി സ്പെയിനിലെത്തിയ മെര്വിന് പരിശീലനം നടത്തിവരികയായിരുന്നു. പരിശീലനകേന്ദ്രത്തിലേക്ക് ഇരുചക്രവാഹനത്തില്‍ പോകുമ്പോഴാണ് അപകടത്തില്‍ മരിച്ചതെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.
പുല്ലാട് പുരയിടത്തിന്‍കാവ് സെഹിയോന്‍ മാര്‍ത്തോമ്മാ ഇടവകാംഗമാണ്. ബഹറിന്‍ എംബസിയും സ്പെയിനിലെ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
മെർവിന്റെ പിതാവ് മാത്യു തോമസ് ബഹറിൻ ആഭ്യന്തരവകുപ്പിൽ ഉദ്യോഗസ്ഥനാണ്. സഹോദരങ്ങൾ: ഡോ. മെര്ളിന് മോനി, മെറിന് മോനി. സഹോദരീ ഭർത്താവ്: ജയിസ് വര്‍ഗീസ് (ആലുവ).