ജര്‍മൻ സര്‍വകലാശാലയിൽ വിദ്യാര്‍ഥി വായ്പകളോടുള്ള താത്പര്യം കുറയുന്നു
ജോസ് കുന്പിളുവേലിൽ
Thursday, July 17, 2025 7:09 AM IST
ബർലിൻ: ജർമൻ സർവകലാശാലാ നഗരങ്ങളിലെ വർധിച്ചുവരുന്ന ജീവിതച്ചെലവ് കാരണം വിദ്യാർഥികൾക്കിടയിൽ വായ്പകളോടുള്ള താത്പര്യം കുറയുന്നതായി പുതിയ സർവേ. വിദ്യാർഥികൾ ഇപ്പോൾ കൂടുതൽ സമയവും പാർട്ട് ടൈം ജോലികൾ കണ്ടെത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും സർവേ പറയുന്നു.
ഉന്നത വിദ്യാഭ്യാസത്തിനായുള്ള ഫെഡറൽ സഹായം ഉൾപ്പെടെയുള്ള മറ്റ് ധനസഹായ മാർഗങ്ങൾ നിലവിലുണ്ട്. സെന്റർ ഫോർ ഹയർ എജ്യുക്കേഷൻ ഡെവലപ്മെന്റ് നടത്തിയ പഠനത്തിലാണ് വിദ്യാർഥി വായ്പകൾക്ക് ആവശ്യക്കാർ കുറയുന്നതായി കണ്ടെത്തിയത്.
കഴിഞ്ഞ വർഷം വെറും 12,965 പുതിയ വായ്പാ കരാറുകളാണ് ഒപ്പുവച്ചത്. 2023നെ അപേക്ഷിച്ച് ഇത് 3,600 കുറവാണ്. 2014 നെ അപേക്ഷിച്ച് ഏകദേശം 80 ശതമാനം കുറവുണ്ടായി.
സർക്കാർ ഉടമസ്ഥതയിലുള്ള ക്രെഡിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റീകൺസ്ട്രക്ഷൻ പോലുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥി വായ്പകൾക്ക് ആവശ്യക്കാർ ഗണ്യമായി കുറഞ്ഞു. നിലവിൽ ഏകദേശം 29,000 വിദ്യാർഥികൾ മാത്രമാണ് ക്രെഡിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റീകൺസ്ട്രക്ഷൻ വായ്പയെ ആശ്രയിക്കുന്നത്.
ജർമൻ സ്റ്റുഡന്റ് സപ്പോർട്ട് പ്രോഗ്രാമുകൾ ,ഡച്ച്ലാൻഡ്സ്റ്റിപെൻഡിയം (ജർമൻ സ്കോളർഷിപ്പ്), ഫെഡറൽ ട്രെയിനിങ് അസിസ്റ്റൻസ് ആക്ട് തുടങ്ങിയ മറ്റ് സർക്കാർ ധനസഹായ പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോൾ 2006 മുതൽ നിലവിലുള്ള ക്രെഡിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റീകൺസ്ട്രക്ഷൻ വിദ്യാർഥി വായ്പ ഇപ്പോൾ ഏറ്റവും പിന്നിലാണ്.
ഉയർന്ന പലിശ നിരക്കുകളാണ് വിദ്യാർഥികളെ വായ്പകളിൽ നിന്ന് അകറ്റുന്നത്. ക്രെഡിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റീകൺസ്ട്രക്ഷൻ വിദ്യാർഥി വായ്പയുടെ ഇപ്പോഴത്തെ പലിശ നിരക്ക് 6.31 ശതമാനമാണ്.
ഏകദേശം 20 വർഷമായി ക്രെഡിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റീകൺസ്ട്രക്ഷൻ വിദ്യാർഥി വായ്പയുടെ പരമാവധി ധനസഹായം പ്രതിമാസം 650 യൂറോ ആയിരുന്നു. പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ ഇത് 1,000 യൂറോ ആയി ഉയർത്തേണ്ടതായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നത്.
ജർമനിയിൽ നിലവിൽ ഏകദേശം 36,000 വിദ്യാർഥികൾ മാത്രമാണ് വിദ്യാഭ്യാസ ഫണ്ടിൽ നിന്നോ വിദ്യാർഥി വായ്പയിൽ നിന്നോ പണം സ്വീകരിക്കുന്നത്. ഇത് മൊത്തം വിദ്യാർഥികളുടെ 1.3 ശതമാനം മാത്രമാണ്.
ഏകദേശം 210,000 പേർ ഇതിനോടകം പഠനം പൂർത്തിയാക്കി വായ്പ തിരിച്ചടയ്ക്കുന്ന ഘട്ടത്തിലാണ്.